യുഎഇ അതിർത്തിയിൽ വാഹനത്തിന്‍റെ സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 16.2 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ കസ്റ്റംസ് പിടികൂടി. സ്കാനിംഗ് മെഷീനുകളുടെയും കെ9 നായകളുടെയും സഹായത്തോടെയാണ് ലഹരിമരുന്ന് കണ്ടെത്തിയത്. യുഎഇയിൽ മയക്കുമരുന്ന് കടത്തുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

അബുദാബി: വാഹനത്തിന്‍റെ സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ച് യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 16.2 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ യുഎഇ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കര അതിർത്തി ചെക്ക്‌പോസ്റ്റ് വഴിയാണ് ലഹരിമരുന്ന് കടത്താൻ ശ്രമം നടന്നത്.

അതിർത്തിയിലെ അത്യാധുനിക സ്കാനിംഗ് മെഷീനിലൂടെ വാഹനം കടന്നുപോയപ്പോൾ കണ്ട അസ്വാഭാവിക സൂചനകളാണ് ഉദ്യോഗസ്ഥരിൽ സംശയം തോന്നിപ്പിച്ചത്. തുടർന്ന് ലഹരിമരുന്ന് കണ്ടെത്താൻ വൈദഗ്ധ്യം ലഭിച്ച കെ9 നായ്ക്കളുടെ സഹായത്തോടെ വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് ടയറിനുള്ളിൽ പ്രൊഫഷണൽ രീതിയിൽ പാക്ക് ചെയ്ത് സൂക്ഷിച്ച ലഹരിമരുന്ന് കണ്ടെത്തിയത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട് സെക്യൂരിറ്റിയുടെയും ഫെഡറൽ അതോറിറ്റിയുടെയും സംയുക്ത നീക്കത്തിലൂടെയാണ് ഈ കള്ളക്കടത്ത് തടഞ്ഞത്. 2026ന്‍റെ തുടക്കം മുതൽ ഇതുവരെ യുഎഇ അതിർത്തികളിൽ 765 ലഹരിമരുന്ന് കേസുകളിലായി 390 കിലോ ലഹരിവസ്തുക്കളും 50,000 നർക്കോട്ടിക് ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. യുഎഇ ഫെഡറൽ നിയമപ്രകാരം രാജ്യത്തേക്ക് നിരോധിത ലഹരിമരുന്നുകൾ കടത്തുന്നത് അതീവ ഗുരുതര കുറ്റകൃത്യമാണ്. വിൽപനയോ വിതരണമോ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് കടത്തിയതെന്ന് തെളിഞ്ഞാൽ ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിച്ചേക്കാം.