Free Wifi : യുഎഇയില്‍ ഇനി തൊഴിലാളി ബസുകളില്‍ സൗജന്യ വൈഫൈയും ടെലിവിഷന്‍ സ്‌ക്രീനുകളും

By Web TeamFirst Published Jan 6, 2022, 4:32 PM IST
Highlights

കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്കും തിരിച്ചുമുള്ള യാത്രക്കിടയില്‍ ലഭിക്കുന്ന സമയം ബസ്സിലിരുന്ന് കുടുംബങ്ങളുമായി വീഡിയോകോളിലൂടെ ബന്ധപ്പെടുവാനും, ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിക് വീഡിയോകള്‍ ആസ്വദിച്ച് മനസ്സിനെ ശാന്തമാക്കുന്നതിലൂടെ ഏറ്റവും മികച്ച തൊഴിലാളികളാക്കി അവരെ മാറ്റിയെടുക്കാനും കഴിയുമെന്ന് വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ് മാനേജിങ് ഡയറക്ക്റ്റര്‍ ഹസീന നിഷാദ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ദുബൈ :ലോകത്തിലാദ്യമായി തൊഴിലാളികള്‍ ജോലി ആവശ്യത്തിന് യാത്രചെയ്യുന്ന ബസുകളില്‍ സൗജന്യ വൈഫൈയും(free wifi), ടെലിവിഷന്‍ സ്‌ക്രീനുകളും സ്ഥാപിച്ച് യുഎഇ(UAE) പുതിയ ചരിത്രംകുറിച്ചു. തൊഴിലാളികള്‍ക്കിടയിലെ മാനസിക സംഘര്‍ഷം കുറച്ച് കൂടുതല്‍ ഉന്മേഷവാരാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ്ങാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്കും തിരിച്ചുമുള്ള യാത്രക്കിടയില്‍ ലഭിക്കുന്ന സമയം ബസ്സിലിരുന്ന് കുടുംബങ്ങളുമായി വീഡിയോകോളിലൂടെ ബന്ധപ്പെടുവാനും, ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിക് വീഡിയോകള്‍ ആസ്വദിച്ച് മനസ്സിനെ ശാന്തമാക്കുന്നതിലൂടെ ഏറ്റവും മികച്ച തൊഴിലാളികളാക്കി അവരെ മാറ്റിയെടുക്കാനും കഴിയുമെന്ന് വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ് മാനേജിങ് ഡയറക്ക്റ്റര്‍ ഹസീന നിഷാദ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജോലിത്തിരക്ക് കാരണം പലപ്പോഴും പ്രിയപ്പെട്ടവരെ  ബന്ധപ്പെടാനുള്ള സമയം ലഭിക്കുന്നില്ല എന്ന ഒരു വിഷയമാണ് ഇതിലൂടെ പരിഹരിയ്ക്കപ്പെടുന്നത്. 

ആദ്യ ഘട്ടത്തില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത 6 പുതിയ ഹൈട്ടെക്ക് ലേബര്‍ ബസ്സുകളാണ് കമ്പനി പുറത്തിറക്കിയത്. അയ്യായിരത്തോളം തൊഴിലാളികളുള്ള കമ്പനിയുടെ മുഴുവന്‍ ബസുകളിലും 2025 ഓടെ ഈ സംവിധാനം ഒരുക്കാന്‍ സാധിക്കുമെന്ന് വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ് ചെയര്‍മാന്‍ നിഷാദ് ഹുസൈന്‍ പറഞ്ഞു.നിലവില്‍ തൊഴിലാളികള്‍ക്ക് മാത്രമായി ഇരുന്നൂറോളം ബസുകളാണ് യുഎയില്‍ സര്‍വീസ് നടത്തുന്നത്.

തൊഴിലാളികള്‍ക്ക് മികച്ച പരിശീലനവും ക്ലാസുകളും നല്‍കുവാന്‍ ആധുനിക സൗകര്യങ്ങളോടെ ഷാര്‍ജ-സജ്ജയില്‍ വിശാലമായ സൗകര്യം ഒരുക്കിയ വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ്, കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ എത്തിച്ചേരുന്നതിനു മുന്‍പ് ഹൈട്ടെക് ബസുകളില്‍ ജോലിസ്ഥലത്ത് പാലിക്കേണ്ട സുരക്ഷാ-ബോധവല്‍ക്കരണ വീഡിയോകളും പ്രദര്‍ശിപ്പിക്കും. ഇതിലൂടെ തൊഴിലാളികളെ കൂടുതല്‍ സുരക്ഷിതമാക്കാനും സാധിക്കുമെന്ന് കമ്പനി മാനേജര്‍ അറിയിച്ചു.

രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിന്റെ ദീര്‍ഘവീക്ഷണം ഉള്‍കൊണ്ട് രാജ്യത്തെ ഭരണാധികാരികള്‍ നടത്തുന്ന നിരവധി വികസനപ്രവര്‍ത്തനങ്ങളില്‍ വേള്‍ഡ് സ്റ്റാറിന്റെ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കാളികളാണ്. ദുബായ് മാള്‍, ബുര്‍ജ് ഖലീഫ, ദുബൈ മെട്രോ, ദുബായ് ഫ്രെയിം, എക്‌സ്‌പോ 2020 തുടങ്ങിയവയുടെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വേള്‍ഡ് സ്റ്റാറിന്റെ തൊഴിലാളികള്‍ സജീവമായിരുന്നു. യുഎയിലെ ഏറ്റവും വലിയ പ്രോജെക്റ്റുകളില്‍ ഒന്നായ ഇത്തിഹാദ് റയിലിനുവേണ്ടി നൂറുകണക്കിന് തൊഴിലാളികള്‍ ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.  സമ്മര്‍ദ്ദങ്ങളില്ലാതെ ജോലി ചെയ്യാന്‍, തൊഴിലാളികള്‍ക്ക് കമ്പനി നല്‍കുന്ന സൗകര്യങ്ങളിലൂടെ ലോകോത്തര നിലവാരമുള്ള തൊഴിലാളികളാക്കി മാറ്റുവാന്‍ സാധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. തൊഴിലാളികള്‍ക്കുവേണ്ടി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്.

പുതുവത്സര സമ്മാനമായി ലഭിച്ച ഹൈടെക്ക് ബസ്സിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ റെഡ് കാര്‍പ്പറ്റ് സ്വീകരണം ഏറ്റുവാങ്ങിയാണ് തൊഴിലാളികള്‍ ബസില്‍ പ്രവേശിച്ചത്. ഇന്ന് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സുദിനമാണെന്നും, കമ്പനി ഞങ്ങള്‍ക്ക് നല്‍കുന്ന ആദരവിനും, സൗകര്യങ്ങള്‍ക്കും ഒരുപാട് നന്ദിയുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ചെയര്‍മാന്‍ നിഷാദ് ഹുസ്സൈന്‍, മാനേജിങ് ഡയറക്റ്റര്‍ ഹസീന നിഷാദ് എന്നിവര്‍ക്കൊപ്പം മാനേജര്‍മാരായ പ്രജീഷ് എം, അന്‍സീര്‍ അബൂബക്കര്‍, മുഹമ്മദ് ഷാഹിദ്, ഷാജഹാന്‍ ഇബ്രാഹിം എന്നിവര്‍  വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


 

click me!