96,500 ചതുരശ്ര മീറ്റർ വിസ്തൃതി, 92,000 പേർക്ക് ഇരിപ്പിടം; ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയം റിയാദിൽ

Published : Jul 30, 2024, 05:48 PM ISTUpdated : Jul 30, 2024, 05:52 PM IST
96,500 ചതുരശ്ര മീറ്റർ വിസ്തൃതി, 92,000 പേർക്ക് ഇരിപ്പിടം; ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയം റിയാദിൽ

Synopsis

സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. 2029 അവസാന പാദത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പേരിൽ ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയം റിയാദിൽ നിർമിക്കുന്നു. സ്റ്റേഡിയത്തിെൻറയും അനുബന്ധ കായിക സ്ഥാപനങ്ങളുടെയും ഡിസൈനുകൾ റിയാദ് സിറ്റി റോയൽ കമീഷനും കായിക മന്ത്രാലയവും ചേർന്ന് പുറത്തുവിട്ടു. നഗരത്തിെൻറ വടക്കുഭാഗത്ത് കിങ് സൽമാൻ റോഡിെൻറ വശത്ത് നിർദ്ദിഷ്ട കിങ് അബ്ദുൽ അസീസ് പാർക്കിനോട് ചേർന്നാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. 

സൗദി ദേശീയ ഫുട്ബാൾ ടീമിെൻറ ആസ്ഥാനവും പ്രധാന കായിക മത്സരങ്ങളുടെ വേദിയുമായി മാറും ഈ സ്റ്റേഡിയം. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നോർത്ത് റെയിൽവേ സ്റ്റേഷനും വളരെ അടുത്തായിരിക്കും. നഗരത്തിലെ പ്രധാന ഹൈവേകളോടും ചേർന്ന് സുപ്രധാന സ്ഥാനത്താണ് സ്റ്റേഡിയം ഒരുങ്ങുക. ഇതോടെ നഗരത്തിെൻറ ഏത് ഭാഗത്തുനിന്നും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. നിർമാണം ഉടൻ ആരംഭിക്കും. 2029 അവസാന പാദത്തിൽ പൂർത്തിയാകും. ‘ഫിഫ’യുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് നിർമാണം. 

ഏറ്റവും ആധുനികവും ആകർഷകവുമായ വാസ്തുവിദ്യാ ശൈലിയിലാണ് രൂപകൽപന. ആറ് അന്താരാഷ്ട്ര കമ്പനികൾ സമർപ്പിച്ച നിരവധി ഡിസൈനുകളിൽ നിന്നാണ് ഏറ്റവും ഉചിതമായത് തെരഞ്ഞെടുത്തത്. പർവതനിരകളാൽ ചുറ്റപ്പെട്ട റിയാദിെൻറ ഭൂപ്രകൃതിയെ പ്രതീകവത്കരിക്കുന്നതാണ് ഡിസൈൻ. കിങ് അബ്ദുൽ അസീസ് പാർക്കും സ്റ്റേഡിയവും തമ്മിൽ ഹരിത ഇടങ്ങളാൽ ബന്ധിപ്പിക്കും. 96,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുങ്ങുന്ന സ്റ്റേഡിയത്തിൻറെ ഭിത്തികളും മേൽക്കൂരയും പച്ചപ്പുല്ല് പൊതിഞ്ഞ രൂപത്തിലായിരിക്കും. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതും പ്രകൃതിസൗഹൃദപരവുമായിരിക്കും. കെട്ടിടങ്ങളെല്ലാം ഹരിതസസ്യങ്ങളാൽ പൊതിഞ്ഞ നിലയിലായിരിക്കും. 

റിയാദ് നഗരത്തിലെ ജീവിത നിലവാരം ഉയർത്തുന്നതിനും നഗരത്തെ ലോകോത്തരമാക്കുന്നതിനും ലോകത്ത് ജീവിക്കാൻ അനുയോജ്യമായ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായി മാറ്റുന്നതിനും ഈ സ്റ്റേഡിയവും അനുബന്ധമായ പാർക്കും സഹായിക്കും. സ്റ്റേഡിയത്തിെൻറയും അനുബന്ധ കായിക സ്ഥാപനങ്ങളുടെയും കൂടി ആകെ വിസ്തീർണം 6,60,000 ചതുരശ്ര മീറ്ററിലധികമായിരിക്കും. കൂടാതെ വിവിധ കായികയിനങ്ങളിൽ പരിശീലനത്തിനുള്ള സൗകര്യങ്ങളും സ്ഥാപനങ്ങളും ഈ പദ്ധതിക്ക് കീഴിൽ ഒരുങ്ങും. പുറമെ നിരവധി വാണിജ്യ, വിനോദ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരെ ഒരുപോലെ ആകർഷിക്കുന്ന ഒരു വിസ്മയകാഴ്ചയായി മാറും.

92,000 ഇരിപ്പിട ശേഷിയായിരിക്കും പ്രധാന സ്റ്റേഡിയത്തിനുള്ളിൽ ഉണ്ടാവുക. 150 റോയൽ സീറ്റുകൾ, 120 സ്യൂട്ടുകൾ, 300 വി.വി.ഐ.പി സീറ്റുകൾ, 2,200 വി.ഐ.പി സീറ്റുകൾ എന്നിവയുടെ ഒരു പ്രത്യേക റോയൽ കാബിനും ഒരുങ്ങൂം. ഗാലറിയിലുൾപ്പടെ ഇരിപ്പിട സൗകര്യമുള്ള എല്ലാ ഭാഗത്തും ശീതീകരണ സംവിധാനത്തിലൂടെ അന്തരീക്ഷം സുഖകരമാക്കും. സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ മുഴുവൻ ഡിസ്പ്ലേ സ്‌ക്രീനുകൾ നിറയ്ക്കും. സ്റ്റേഡിയത്തിലെ കാഴ്ചകളെല്ലാം അതിലും ഡിസ്പ്ലേ ചെയ്യപ്പെടും. ഇൻഡോർ ഗാർഡനുകൾക്ക് പുറമേ, സ്റ്റേഡിയത്തിെൻറ മേൽക്കൂരയിലൂടെ ഒരു നടപ്പാതയും ഒരുക്കും. സന്ദർശകർക്ക് ഇത് അസാധാരണമായ അനുഭവമായിരിക്കും പകരുക. ഇവിടെ നിന്ന് കിങ് അബ്ദുൽ അസീസ് പാർക്കിെൻറ മനോഹര കാഴ്ച ആസ്വദിക്കാനാവും.

Read Also - അറബിക്കടലിലെ ന്യൂനമർദ്ദം; ഒമാനില്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

സ്റ്റേഡിയത്തോട് ചേർന്ന് വിവിധ സ്പോർട്സ് പരിശീലനങ്ങൾക്കും പ്രകടനത്തിനുമായി നിരവധി സൗകര്യങ്ങൾ ഒരുക്കും. 3,60,000 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നത്. രണ്ട് റിസർവ് പരിശീലന മൈതാനങ്ങളാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ ഫാൻസ് പവലിയനുകൾ, ഇൻഡോർ ജിം, ഒളിമ്പിക്സ് മാനദണ്ഡത്തിലുള്ള നീന്തൽക്കുളം, അത്‌ലറ്റിക്‌സ് ട്രാക്ക്, വോളിബാൾ, ബാസ്‌ക്കറ്റ്‌ബാൾ, പാഡൽ കോർട്ടുകൾ, ഔട്ട്‌ഡോർ കളിസ്ഥലങ്ങൾ, വിവിധ കായിക പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനുള്ള സ്ഥാപനങ്ങൾ എന്നിവ ഈ സമുച്ചയത്തിൽ ഉൾപ്പെടും. എല്ലാ പ്രായക്കാർക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കും. ഈ സ്ഥാപനങ്ങളെയെല്ലാം കിങ് അബ്ദുൽ അസീസ് പാർക്കിനോട് ഒമ്പത് കിലോമീറ്റർ ദൈർഘ്യമുള്ള സ്‌പോർട്‌സ് ട്രാക്കിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം