ഇനി 'ഫിറ്റായിരുന്നാല്‍' സമ്മാനം നേടാം; പുതിയ ഫിറ്റ്നസ് മൊബൈല്‍ ആപ് പുറത്തിറക്കി 'യുവര്‍ ഫിറ്റ്നെസ് കോച്ച്'

By Web TeamFirst Published Aug 24, 2022, 1:16 PM IST
Highlights
  • ഫിറ്റ്നെസിലേക്കുള്ള അവസരങ്ങള്‍ കൂടുതല്‍ എളുപ്പവും താങ്ങാനാവുന്നതുമാക്കി മാറ്റുന്നതിനൊപ്പം ഫിറ്റ്നെസിന് സമ്മാനങ്ങള്‍ കൂടി നല്‍കുകയാണ് വൈഎഫ്‍സി ആപ്പ്
  • ഉപയോക്താക്കള്‍ക്ക് അവരുടെ ആക്ടിവിറ്റികള്‍ പണമാക്കി മാറ്റാനും അവ ഉപയോഗിച്ച് ഫിറ്റ്നെസ് പ്രൊഡക്ടുകളും സേവനങ്ങളും വാങ്ങാനും അവസരം
  • ഫിറ്റ്നെസ് ഇന്‍ഡസ്‍ട്രിയിലെ വിടവ് നികത്തുന്ന പ്ലാറ്റ്ഫോമായി മാറുകയാണ് വൈഎഫ്‍സി

ദുബൈ: ഓപ്ഷന്‍ 1 വേള്‍ഡിന്റെ മുന്‍നിര ഫിറ്റ് - ടെക് അനുബന്ധ സ്ഥാപനമായ യുവര്‍ ഫിറ്റ്നസ് കോച്ച്, തങ്ങളുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷനായ 'യുവര്‍ ഫിറ്റ്നെസ് കോച്ച്' കഴിഞ്ഞ ദിവസം ദുബൈയില്‍ (വൈഎഫ്‍സി) പുറത്തിറക്കി. ഉപയോക്താക്കളുടെ ഫിറ്റ്നെസ് ആക്ടിവിറ്റി ട്രാക്ക് ചെയ്യാനും വിവിധ ജിമ്മുകളിലേക്കും ഫിറ്റ്നെസ് സ്റ്റുഡിയോകളിലേക്കുമുള്ള പ്രവേശനത്തിനും, ഗ്രൂപ്പ് ക്ലാസുകളിലേക്കുമുള്ള പ്രവേശനം നേടാനും, സര്‍ട്ടിഫൈഡ് ആയ പേഴ്‍സണല്‍ ട്രെയിനര്‍മാരെ ലഭിക്കാനും, വിദഗ്ധര്‍ രൂപകല്‍പന ചെയ്‍തതും ആപ്പ് വഴിയുള്ളതുമായ ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാമുകള്‍ പിന്തുടരാനും, ആക്ടിവായിരിക്കുന്നതിന് സമ്മാനങ്ങള്‍ നേടാനുമൊക്കെ അവസരമൊരുക്കുന്ന സമഗ്രമായ ഫിറ്റ്നെസ് പ്ലാറ്റ്ഫോമാണിത്.

കഴിഞ്ഞ ദിവസം ദുബൈയിലെ ജുമൈറ ക്രീക്ക്സൈഡ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പരിപാടിയില്‍ ദുബൈ സ്‍പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹരീബ്, ദുബൈ സര്‍ക്കാറിന്റെ പ്രതിനിധികള്‍, വൈഎഫ്‍സി എക്സിക്യൂട്ടീവ് മാനേജ്‍മെന്റ്, ഫിറ്റ്നെസ് വിദഗ്ധര്‍, ഫിറ്റ്നെസ് രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

"ഫിറ്റ്നെസ് രംഗത്തെ ഓരോ മേഖലയെയും പരസ്‍പരം ബന്ധിപ്പിച്ചും അത്യാധുനികവും സമഗ്രവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചും ഫിറ്റ്നെസ് വ്യവസായത്തെ പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്ന്" വൈഎഫ്‍സി സ്ഥാപകനും സിഇഒയുമായ ജൊഹാന്‍ ഡുപ്ലെസിസ് പറഞ്ഞു.

"ആഗോള തലത്തില്‍ തന്നെ എല്ലാ ഫിറ്റ്നെസ് പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടിയുള്ള ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടെ ദുബൈയില്‍ തുടക്കം കുറിച്ച ഈ ഉദ്യമത്തില്‍ ഫിറ്റ്നെസും സാങ്കേതികവിദ്യയും  മികച്ച രീതിയില്‍ ഒത്തുചേരുകയാണ്. ഫിറ്റ്നെസ് വ്യവസായത്തിലെ വിടവ് നികത്താനും അതുവഴി സമഗ്രമായ ആഗോള പ്ലാറ്റ്ഫോമിന് രൂപം നല്‍കാനുമാണ് ലക്ഷ്യമിടുന്നത്. ഫിറ്റ്നെസ് പ്രവര്‍ത്തനങ്ങളെ കുടുതല്‍ പ്രാപ്യമാക്കിയും ചെലവ് കുറച്ചും സമ്മാനങ്ങള്‍ ലഭിക്കുന്ന രീതിയിലും ജനങ്ങളിലേക്ക് എത്തിച്ച് സമൂഹത്തിലെ എല്ലാവരുടെയും സൗഖ്യം ഉറപ്പാക്കുകയാണെന്നും" ഡുപ്ലസിസ് കൂട്ടിച്ചേര്‍ത്തു.

ജിമ്മുകള്‍ക്കും ഫിറ്റ്നെസ് സെന്ററുകള്‍ക്കും കൂടുതല്‍ പേരിലേക്ക് എത്തിച്ചേരാനും അവരുടെ സൗകര്യങ്ങളും സേവനങ്ങളും പരസ്യപ്പെടുത്താനും വൈഎഫ്‍സി ആപ്പിലൂടെ സാധിക്കും. ജിമ്മില്‍ ചേരുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കുമാവട്ടെ, വൈഎഫ്‍സി ആപ്ലിക്കേഷനിലൂടെ ദീര്‍ഘകാല കരാറുകളൊന്നുമില്ലാതെ, വിവിധ ജിമ്മുകളുടെയും ഫിറ്റ്നെസ് സ്റ്റുഡിയോകളുടെയും സൗകര്യങ്ങള്‍ അനുഭവിക്കാനും സാധിക്കും. നിലവില്‍ ഐഒഎസ് ആപ്പ് സ്റ്റോറില്‍ ലഭ്യമാവുന്ന വൈഎഫ്‍സി ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ ഗൂഗ്ള്‍ പ്ലേ സ്റ്റോറിലും ലഭ്യമാവും.

"ഡിജിറ്റല്‍, ബയോളജിക്കല്‍, ഫിസിക്കല്‍ രംഗങ്ങളിലെ പുതിയ കണ്ടെത്തലുകള്‍ ഒത്തുചേരുന്നിടത്തായിരിക്കും സാങ്കേതികവിദ്യയുടെ ഭാവി ആരംഭിക്കുക. സങ്കീര്‍ണവും അതേസമയം വിവിധ തലങ്ങളിലുമുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വൈഎഫ്‍സി, ഉപഭോക്താവിന്റെ ആക്ടിവിറ്റി ട്രാക്ക് ചെയ്യാനും അതുവഴി ഓരോ സ്റ്റെപ്പിനും വര്‍ക്കൗട്ടിനുമൊക്കെ സമ്മാനം ലഭിക്കാനും സഹായകമാണ്. ആക്ടിവിറ്റികളിലൂടെ ലഭിക്കുന്ന പോയിന്റുകള്‍ 'വൈ-കോയിനുകള്‍' ആക്കി മാറ്റാനാവും. ഇവ പിന്നീട് സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം. അതായത് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആക്ടിവിറ്റികള്‍ പണമായി മാറ്റി ആപ്പില്‍ തന്നെയുള്ള സ്റ്റോറില്‍ നിന്ന് ഫിറ്റ്നസ് പ്രൊഡക്ടുകള്‍ വാങ്ങാനും ഫിറ്റ്നെസ് ക്ലാസുകളില്‍ പ്രവേശനം നേടാനും സാധിക്കും. ഇതിന് പുറമെ ജിമ്മുകള്‍ക്കും ഫിറ്റ്നസ് സ്റ്റുഡിയോകള്‍ക്കും തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഇവന്റുകള്‍ സൃഷ്ടിക്കാനും അതുവഴി സ്ഥിരമായെത്തുന്ന ഉപയോക്താക്കള്‍ക്ക് പ്രത്യേക ബോണസുകള്‍ നല്‍കാനും സാധിക്കും. ഇത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും എപ്പോഴും ഫിറ്റ്നെസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ അവരെ സഹായിക്കുകയും ചെയ്യുമെന്ന്" ഓപ്ഷന്‍ 1 വേള്‍ഡ് സഹസ്ഥാപകനും സിഇഒയും വൈഎഫ്‍സി മാനേജിങ് ഡയറക്ടറുമായ സുജോയ് ചെറിയാന്‍ പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് പരസ്‍പരം ചലഞ്ച് ചെയ്യാന്‍ കഴിയുന്ന 'കമ്മ്യൂണിറ്റി' ഫീച്ചര്‍ വൈഎഫ്‍സി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ചെറിയാന്‍ വിവരിച്ചു. കലോറി ബേണും സ്റ്റെപ്പുകളും മാത്രമല്ല പ്രത്യേക റൂട്ടുകളും മൂവ്മെന്റുകളുമെല്ലാം ഇങ്ങനെ ചലഞ്ച് ചെയ്യാം. ഇതിനെല്ലാം പുറമെ ദുബൈ ഫിറ്റ്നെസ് ചലഞ്ച്, സ്‍പാര്‍ടന്‍, ടഫ് മഡര്‍ എന്നിങ്ങനെയുള്ള സ്‍പോര്‍ട്സ്, ഫിറ്റ്നെസ് ആക്ടിവിറ്റികളില്‍ പങ്കെടുക്കുന്നവര്‍ക്ക് അധിക പോയിന്റുകളും ആപ് നല്‍കും.

"ഇപ്പോള്‍ നിലനില്‍ക്കുന്നതും വിവിധ തലങ്ങളിലുള്ളതുമായ ഞങ്ങള്‍ വികസിപ്പിക്കുന്ന എല്ലാ സാങ്കേതിക സംവിധാനങ്ങളും മികച്ചതാണ്. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെയും കണ്ടെത്തലുകളുടെയും ധര്‍മം, അപ്പോഴും എന്തിലെങ്കിലും മുഴുകി സജീവമായിരിക്കാനും ആക്ടീവായിരിക്കുന്നതിന് സമ്മാനം നേടാനും ആളുകളെ പ്രേരിപ്പിക്കുകയെന്ന മുഖ്യലക്ഷ്യത്തെ പിന്തുണയ്‍ക്കുകയെന്നതാണ്. നിലവില്‍ ഏതാനും ഫിറ്റ്നെസ് സംരഭങ്ങളുമായി ഞങ്ങള്‍ സഹകരിച്ചുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ കൂടുതല്‍ ജിമ്മുകളെയും ഫിറ്റ്നെസ് സ്റ്റുഡിയോകളെയും ഇതില്‍ ഉള്‍പ്പെടുത്തും. ഒപ്പം ആപ്പില്‍ പുതിയ ഫീച്ചറുകളുമെത്തും. കൂടാതെ ഉപഭോക്താക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് അവരുടെ ഫീഡ്ബാക്ക് ശേഖരിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തനവും ഉപഭോക്താക്കളുടെ അനുഭവവും മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിനുപുറമെ പ്രാദേശികവും അന്തര്‍ദേശീയവുമായ സന്നദ്ധ സംഘടനകളുമായും സര്‍ക്കാറുകളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സാമൂഹിക സംഘടനകളുമായും സഹകരിച്ച് പരസ്‍പര പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുകയാണ്. വിവിധ ടാര്‍ഗറ്റ് ഗ്രൂപ്പുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ സി.എസ്.ആര്‍ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യവും ആലോചിക്കുകയാണെന്നും ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

click me!