
സന്നിധാനം: ശബരിമലയിലെ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹർജി ഉൾപ്പടെ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തിരുവിതാംകൂർ ബോർഡിന്‍റെ യോഗം തുടങ്ങി. ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാറിന്‍റെ അധ്യക്ഷതയിലാണ് യോഗം. ഇന്ന് രാവിലെയും മൂന്ന് സ്ത്രീകൾ മല കയറാനെത്തിയപ്പോഴുണ്ടായ സംഘർഷഭരിതമായ സ്ഥിതിയുടെ കൂടി പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് എടുക്കുന്ന തുടർനടപടികൾ നിർണായകമാണ്.
എന്നാൽ പുനഃപരിശോധനാഹർജി നൽകേണ്ടതില്ലെന്ന് നേരത്തേ നിലപാടെടുത്ത ബോർഡംഗം കെ.രാഘവൻ ഇന്നത്തെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇന്നത്തോടെ രാഘവന്‍റെ ബോർഡംഗമായുള്ള കാലാവധിയും അവസാനിയ്ക്കുകയാണ്.
തുടർനടപടികളിൽ സ്വതന്ത്ര തീരുമാനമെടുക്കാൻ ദേവസ്വംബോർഡിന്സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.സമവായ ശ്രമങ്ങൾ ദേവസ്വംബോർഡിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സർക്കാർ ബോർഡിന് നിർദേശം നൽകിയിരുന്നു.
സമരം അവസാനിപ്പിയ്ക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാഹർജി നൽകിയാൽ സമരം നിർത്തുമോ എന്നും എ.പദ്മകുമാർ സമരക്കാരോട് ചോദിച്ചു. ബോർഡിന് രാഷ്ട്രീയമില്ല. ഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് സമരനേതാക്കൾ തന്നെ പറയണം. ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം: പദ്മകുമാർ പറഞ്ഞു.