ശബരിമലയിൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക്; ദേവസ്വംബോർഡിന് സ്വതന്ത്രതീരുമാനമെടുക്കാം

By Web TeamFirst Published Oct 18, 2018, 8:04 PM IST
Highlights

ഒടുവിൽ ശബരിമലയിൽ സർക്കാർ അയയുന്നുവെന്ന് സൂചന. ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹർജി ഉൾപ്പടെ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനമെടുക്കാൻ ദേവസ്വംബോർഡിന് സ‍ർക്കാരിന്‍റെ അനുമതി. നാളെയാണ് ദേവസ്വം ബോർഡിന്‍റെ നിർണായകയോഗം.  സമരം അവസാനിപ്പിയ്ക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹർജി ഉൾപ്പടെ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനമെടുക്കാൻ ദേവസ്വംബോർഡിന് സ‍ർക്കാരിന്‍റെ അനുമതി.  സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നിലപാട് അയയുന്നുവെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. സമവായ ശ്രമങ്ങൾ ദേവസ്വംബോർഡിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സർക്കാർ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്.

ദേവസ്വംബോർഡ് പുനഃപരിശോധനാഹർജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സർക്കാർ എന്നും ചർച്ചകളെ സ്വാഗതം ചെയ്യുകയാണ്.  സമാധാനാന്തരീക്ഷം കൊണ്ടുവരാനാണ് ബോർഡ് ആഗ്രഹിക്കുന്നതെന്നാണ് കരുതുന്നത്. അത് സ്വാഗതം ചെയ്യുന്നുവെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി.

പന്തളം രാജകുടുംബത്തിന്‍റെയും തന്ത്രികുടുംബത്തിന്‍റെയും നിലപാടുകൾക്കായാണ് സർക്കാർ കാത്തിരിയ്ക്കുന്നത്. പുനഃപരിശോധനാഹർജി നൽകിയാൽ മതിയെന്ന നിലപാട് ഇരുകുടുംബങ്ങളും അംഗീകരിച്ചാൽ സമരത്തിൽ സമവായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ബോർഡും. 

നാളെയാണ് ദേവസ്വം ബോർഡിന്‍റെ നിർണായകയോഗം.  സമരം അവസാനിപ്പിയ്ക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാഹർജി നൽകിയാൽ സമരം നിർത്തുമോ എന്നും എ.പദ്മകുമാർ സമരക്കാരോട് ചോദിച്ചു.  ബോർഡിന് രാഷ്ട്രീയമില്ല. ഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് സമരനേതാക്കൾ തന്നെ പറയണം. ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം: പദ്മകുമാർ പറ‌ഞ്ഞു. 

click me!