ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി എത്തുന്നവര്‍ മാത്രം ഭയന്നാല്‍ മതി; മുന്നറിയിപ്പുമായി കേരള പൊലീസ്

By Web TeamFirst Published Oct 18, 2018, 7:31 PM IST
Highlights

ശബരിമലയിലെ  യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.  ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം പൊലീസിനെ ഭയന്നാല്‍ മതി.

തിരുവനന്തപുരം: ശബരിമലയിലെ  യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.  ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം പൊലീസിനെ ഭയന്നാല്‍ മതി. അവര്‍ എന്ത് അപവാദം പറഞ്ഞാലും നാടിന്റെ സമാധാനം കാക്കാന്‍ ആവുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദമാക്കി. 

നാടിന്റെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ടെന്നും കേരള പൊലീസ് വിശദമാക്കുന്നു. 

ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്. നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാർത്തകളും സ്പർദ്ധ വളർത്തുന്ന പോസ്റ്റുകളും ഷെയർ ചെയ്യാതിരിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. 

ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഐജി മനോജ് എബ്രഹാമും നേരത്തെ വ്യക്തമാക്കിയിരുന്നു. മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ട. അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മനോജ് എബ്രഹാം വ്യക്തമാക്കിയിരുന്നു. കനത്ത സുരക്ഷ ശബരിമല പരിസരത്ത് ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്വമാണെന്നും ലോക്നാഥ് ബെഹ്റ വിശദമാക്കിയിരുന്നു.  
 

click me!