
തിരുവനന്തപുരം: തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നതോടെ പമ്പയിലും നിലയ്ക്കലിലും പ്രതിഷേധം ശക്തമായപ്പോള്‍ നൂറുവര്‍ഷം മുന്‍പ് പന്തളത്ത് നടന്ന ചില സംഭവങ്ങളെ ഓര്‍മ്മിപ്പിച്ച് മാധ്യമ പ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ്. ഏതു പെണ്ണിനും മൂക്കുത്തിയിടാമെന്നു കൊല്ലവർഷം 944 ൽ രാജവിളംബരം ഉണ്ടായതിന് പിന്നാലെ ആദ്യമായി മൂക്കൂത്തിയിട്ട് പുലയ സ്തീകള്‍ റോഡിലിറങ്ങിയതോടെ പന്തളത്ത് നടന്ന സംഭവങ്ങളെക്കുറിച്ചാണ് കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നത്.
ശൂദ്ര പെണ്ണുങ്ങൾക്ക് മൂക്കുത്തിയിടാൻ പാടില്ലാത്ത കാലമാണ്. ആദ്യമായി മൂക്കുത്തിയിട്ടു റോഡിലിറങ്ങിയ പെണ്ണുങ്ങളുടെ മൂക്ക് വലിച്ചുകീറി സവർണ്ണപ്പട. ആ അതിക്രമത്തിന് മേൽജാതി പെണ്ണുങ്ങൾ പിന്തുണ നൽകി. മൂക്കുത്തിയിടുന്ന കീഴ്ജാതി പെണ്ണുങ്ങൾക്ക് എതിരെ കുലസ്ത്രീകളുടെ സമരം നടന്നു. നിയമമല്ല, ആചാരമാണ് പ്രധാനം എന്നു വാദിച്ചു തെരുവിൽ കലാപം നടന്നു.
കായംകുളത്തു പൊതുനിരത്തിൽ കൂടെ ഒരു ഈഴവ യുവതി നാണം മറയ്ക്കാൻ മാറിൽ ഒരു തുണ്ടു തുണിയുമിട്ടു പോയതും അവിടുത്തെ മേൽജാതിഹിന്ദുക്കൾക്കും അവരുടെ വലംകൈയായി പ്രവർത്തിച്ചുപോന്ന ഏതാനും മുസ്‌ലിംകൾക്കും സഹിച്ചില്ല. മാറിൽനിന്നു തുണി വലിച്ചുമാറ്റി മാറിൽ വെള്ളയ്ക്കാമോട പിടിപ്പിച്ചു ആ സ്ത്രീയെ നടു റോഡിൽ നഗ്നയാക്കി അപമാനിച്ചു. കീഴ്ജാതി പെണ്ണുങ്ങൾ മാറിൽ തുണി ഇടുന്നതിനു എതിരെ വലിയൊരു സവർണ്ണ കലാപംതന്നെ നടന്നു.
ഇടത്തുവശത്തു ചായ്ച്ച കൊണ്ടുവച്ച മുടികെട്ടാനുള്ള അവകാശം അക്കാലത്തു മേൽജാതി ഹിന്ദുക്കൾക്കു മാത്രമേ ഉണ്ടായിരുന്നു. ചന്തത്തിൽ ഈഴ്ത്തിയെടുക്കുന്ന അച്ചിപ്പുടവ പറയത്തിയോ പുലയത്തിയോ ഈഴവ പെണ്ണോ ഉടുത്തുകൂടായിരുന്നു. അതു മേൽജാതി അച്ചിമാർക്കു മാത്രം ധരിക്കാനുള്ളതായിരുന്നു. കായംകുളത്തിനു വടക്കു പത്തിയൂർ ദേശത്തു അച്ചിപ്പുടവ നീട്ടിയുടുത്തുപോയ ഈഴവ പെണ്ണിനെ മേൽജാതിക്കാർ തുണിയുരിഞ്ഞു അധിക്ഷേപിച്ചു.
ഒക്കെയും ചരിത്രമാണ്. ചരിത്രം ആവർത്തിക്കുകയാണ്. നാളെയൊരു കാലത്ത് എന്റെയും നിങ്ങളുടെയും മക്കൾ ഈ നിലയ്ക്കൽ സമരവും വായിച്ചു ചിരിക്കുമെന്നും അബ്ദുള്‍ റഷീദ് കുറിക്കുന്നു.
അബ്‍ദുള്‍ റഷീദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഈ ബഹളങ്ങളൊക്കെ ചാനലിൽ കാണുമ്പോൾ എന്റെ കയ്യിലൊരു പുസ്തകവും ഉണ്ടായിരുന്നു. പി.ഭാസ്കരനുണ്ണിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’. പഴയ ആധികാരിക ചരിത്രരേഖകളിലൂടെ നൂറു കൊല്ലം മുൻപുള്ള കേരളത്തെ അടയാളപ്പെടുത്തുന്ന പുസ്തകം.അതിൽ അമ്പരപ്പിക്കുന്ന കുറെ വിവരണങ്ങളുണ്ട്. ഇപ്പോൾ പ്രക്ഷോഭം തിളച്ചുമറിയുന്ന അതേ പന്തളം. അവിടെ നൂറു കൊല്ലം മുമ്പ് നടന്നത് അറിയുമോ?
പുലയസ്ത്രീകൾ ആദ്യമായി മൂക്കുത്തിയിട്ടു റോഡിലിറങ്ങിയപ്പോൾ പന്തളം ഇപ്പോഴത്തേക്കാൾ തിളച്ചുമറിഞ്ഞു.
ശൂദ്ര പെണ്ണുങ്ങൾക്ക് മൂക്കുത്തിയിടാൻ പാടില്ലാത്ത കാലമാണ്. ആദ്യമായി മൂക്കുത്തിയിട്ടു റോഡിലിറങ്ങിയ പെണ്ണുങ്ങളുടെ മൂക്ക് വലിച്ചുകീറി, സവർണ്ണപ്പട. ആ അതിക്രമത്തിന് മേൽജാതി പെണ്ണുങ്ങൾ പിന്തുണ നൽകി.
ഏതു പെണ്ണിനും മൂക്കുത്തിയിടാമെന്നു കൊല്ലവർഷം 944 ൽ രാജവിളംബരം ഉണ്ടായിട്ടും സവർണ്ണപ്പട അംഗീകരിച്ചില്ല. അവർ റോഡിലിറങ്ങി. മൂക്കുത്തിയിട്ട പെണ്ണുങ്ങളുടെ മൂക്ക് വലിച്ചുകീറി. മൂക്കുത്തിയിടുന്ന കീഴ്ജാതി പെണ്ണുങ്ങൾക്ക് എതിരെ കുലസ്ത്രീകളുടെ സമരം നടന്നു. നിയമമല്ല, ആചാരമാണ് പ്രധാനം എന്നു വാദിച്ചു തെരുവിൽ കലാപം നടന്നു.
തീർന്നില്ല, കായംകുളത്തു പൊതുനിരത്തിൽ കൂടെ ഒരു ഈഴവ യുവതി നാണം മറയ്ക്കാൻ മാറിൽ ഒരു തുണ്ടു തുണിയുമിട്ടു പോയതും അവിടുത്തെ മേൽജാതിഹിന്ദുക്കൾക്കും അവരുടെ വലംകൈയായി പ്രവർത്തിച്ചുപോന്ന ഏതാനും മുസ്‌ലിംകൾക്കും സഹിച്ചില്ല. മാറിൽനിന്നു തുണി വലിച്ചുമാറ്റി മാറിൽ വെള്ളയ്ക്കാമോട പിടിപ്പിച്ചു ആ സ്ത്രീയെ നടു റോഡിൽ നഗ്നയാക്കി അപമാനിച്ചു. കീഴ്ജാതി പെണ്ണുങ്ങൾ മാറിൽ തുണി ഇടുന്നതിനു എതിരെ വലിയൊരു സവർണ്ണ കലാപംതന്നെ നടന്നു.
ഇടത്തുവശത്തു ചായ്ച്ച കൊണ്ടുവച്ച മുടികെട്ടാനുള്ള അവകാശം അക്കാലത്തു മേൽജാതി ഹിന്ദുക്കൾക്കു മാത്രമേ ഉണ്ടായിരുന്നു. ചന്തത്തിൽ ഈഴ്ത്തിയെടുക്കുന്ന അച്ചിപ്പുടവ പറയത്തിയോ പുലയത്തിയോ ഈഴവ പെണ്ണോ ഉടുത്തുകൂടായിരുന്നു. അതു മേൽജാതി അച്ചിമാർക്കു മാത്രം ധരിക്കാനുള്ളതായിരുന്നു. കായംകുളത്തിനു വടക്കു പത്തിയൂർ ദേശത്തു അച്ചിപ്പുടവ നീട്ടിയുടുത്തുപോയ ഈഴവ പെണ്ണിനെ മേൽജാതിക്കാർ തുണിയുരിഞ്ഞു അധിക്ഷേപിച്ചു.
ഒക്കെയും ചരിത്രമാണ്. ചരിത്രം ആവർത്തിക്കുകയാണ്. നാളെയൊരു കാലത്ത് എന്റെയും നിങ്ങളുടെയും മക്കൾ ഈ നിലയ്ക്കൽ സമരവും വായിച്ചു ചിരിക്കും. എന്തൊരു അന്ധകാരം നിറഞ്ഞ ജനതയായിരുന്നു ഒരിക്കൽ നാം എന്ന പുച്ഛത്തോടെ….