സന്നിധാനത്തടക്കം നിരോധനാജ്ഞ; ഈ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

Published : Oct 17, 2018, 10:19 PM IST
സന്നിധാനത്തടക്കം നിരോധനാജ്ഞ;  ഈ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

Synopsis

തുലാമാസ പൂജകൾക്കായി നട തുറന്ന ഇന്ന് (17/10/2018) സ്ത്രീ പ്രവേശനത്തിന്റെ പേരിൽ വ്യാപക അക്രമമാണ് നിലയ്ക്കലിലും പമ്പയിലും നടന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇലവുങ്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ രണ്ടു ദിവസമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സന്നിധാനം: തുലാമാസ പൂജകൾക്കായി നട തുറന്ന ഇന്ന് (17/10/2018) സ്ത്രീ പ്രവേശനത്തിന്റെ പേരിൽ വ്യാപക അക്രമമാണ് നിലയ്ക്കലിലും പമ്പയിലും നടന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇലവുങ്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ രണ്ടു ദിവസമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം വ്യാഴാഴ്ചയും(18/10/18), വെള്ളിയാഴ്ചയും (19/10/18) നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹാണ് ഉത്തരവിട്ടു. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് ഉത്തരവ്. 

ഇതുപ്രകാരം ജനങ്ങള്‍ അന്യായമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രാര്‍ഥനായജ്ഞങ്ങള്‍, മാര്‍ച്ച്, പ്രതിഷേധ പരിപാടികള്‍, മറ്റ് നിയമവിരുദ്ധ ഒത്തുകൂടലുകള്‍ എന്നിവയും നിരോധിച്ചു. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മുപ്പത് കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകമാവുക. 17ന് അര്‍ധരാത്രി മുതല്‍ 19ന് അര്‍ധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കും. 

നിലയ്ക്കലും പമ്പയിലും വാഹനങ്ങള്‍ തടയുകയും കല്ലേറില്‍ സര്‍ക്കാര്‍, കെഎസ്ആര്‍ടിസി, പത്രപ്രവര്‍ത്തകര്‍, തീര്‍ഥാടകര്‍ എന്നിവരുടെ വാഹനങ്ങള്‍ നശിപ്പിക്കുകയും പത്രപ്രവര്‍ത്തകരേയും സര്‍ക്കാര്‍ ജീവനക്കാരേയും തീര്‍ഥാടകരേയും കൈയേറ്റം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ക്രമസമാധാന ലംഘന സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന പത്തനംതിട്ട ഡിവൈഎസ്പിയുടെയും നിലയ്ക്കല്‍, പമ്പ, സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടുമാരുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

PREV
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല