
കൊട്ടാരക്കര: കസ്റ്റഡിയില്‍ നിന്ന് ഗാന്ധി മാര്‍ഗത്തില്‍ സമരാഹ്വാനം നടത്തി രാഹുല്‍ ഈശ്വര്‍. കൊട്ടാരക്കര ജയിലിലേക്ക് മാറ്റുകയാണെന്നും ജാമ്യമില്ലാ വകുപ്പ് ആണ് ചുമത്തിയിരിക്കുന്നതെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു. മൂന്നുനാല് ദിവസം ജയിലിനുള്ളിലേക്ക് തള്ളാനാണ് ഇവരുടെ പ്ലാൻ. ചെയ്യാത്ത കുറ്റത്തിനാണ് ഇതൊക്കെയെന്ന് ആരോപിക്കുന്ന രാഹുല്‍ ഈശ്വര്‍ മഹാത്മാഗാന്ധിയുടെ പാതയിലേ പോകാവൂ. നമ്മുടെ മഹത്തരമായ ധർമ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേൾപ്പിക്കരുതെന്നും വീഡിയോയില്‍ ആവശ്യപ്പെടുന്നു.
തുലാമാസ പൂജകള്‍ക്കായി ശബരിമലയിലെത്തിയ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതിനും വിലയിരുത്തലിനായി എത്തിയ വനിതാ ഉദ്യോഗസ്ഥരെ കൃത്യ നിര്‍വ്വഹണത്തിന് തടസം വരുത്തിയതിനും സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍ നിന്നും വീഡിയോ ചെയ്ത സംഭവം രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍
ഞങ്ങളെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റുകയാണ്. ഞാനടക്കം ഇരുപതോളം പേർ അറസ്റ്റിലായിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ആണ് ചുമത്തിയിരിക്കുന്നത്. മൂന്നുനാല് ദിവസം ജയിലിനുള്ളിലേക്ക് തള്ളാനാണ് ഇവരുടെ പ്ലാൻ. ഞങ്ങളാരും ചെയ്യാത്ത കുറ്റത്തിനാണ് ഇതൊക്കെ. രാത്രി മൂന്ന് മണിയായിട്ടും ഭക്ഷണം ലഭിച്ചില്ലായിരുന്നു. ഇപ്പോൾ ഞങ്ങളാണ് ആഹാരം വാങ്ങിയത്. ഞങ്ങളോട് കാണിക്കുന്ന അനീതിയാണ് ഇതൊക്കെ.
ഇനിയൊരുപക്ഷേ ഇങ്ങനെ ഫ്രീ ആയി സംസാരിക്കാൻ സാധിച്ചില്ലെന്ന് വരില്ല. നമ്മുടെ അമ്മമാരോട് പറയണം, വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രാര്‍ഥനാപരിപാടികൾ ഏറ്റെടുക്കണം. ഒരുകാരണവശാലും അക്രമം ഉണ്ടാകരുത്. മഹാത്മാഗാന്ധിയുടെ പാതയിലേ പോകാവൂ. നമ്മുടെ മഹത്തരമായ ധർമ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേൾപ്പിക്കരുത്. അസഭ്യം പറയുകയോ ആക്രമിക്കുകയോ അല്ല, മറിച്ച് വിശ്വാസത്തിന്റെ പാതയിൽ ഗാന്ധിയുടെ പാതയിൽ മണികണ്ഠന് വേണ്ടി പ്രാർഥനായജ്ഞം നടത്തുക. ഇരുപത്തിരണ്ടാം തിയതി സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ശബരിമലയിലെത്തുന്ന യുവതികളുടെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം വാങ്ങി പരിശോധിക്കാന്‍ ഇന്നലെ മുന്നില്‍ നിന്നിരുന്നു രാഹുല്‍ ഈശ്വര്‍. പമ്പയിലെയും നിലയ്ക്കലിലെയും അക്രമങ്ങളില്‍ മുന്നൂറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 16 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തതിട്ടുളളത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.