
വിപിന്‍ പാണപ്പുഴ
കണ്ണൂര്‍: നാരായണ്‍ കുട്ടി എന്ന തൃശൂരുകാരനായ ഇഎസ്ഐ ജീവനക്കാരനും കേരള സ്കൂള്‍ കലോത്സവത്തിന്റെ നൃത്ത വേദിയും തമ്മില്‍ എന്താണ് ബന്ധം? കാലില്‍ ചിലങ്കകെട്ടി ആടിത്തീര്‍ക്കുന്ന നര്‍ത്തകനോ നര്‍ത്തകിക്കോ നേട്ടങ്ങള്‍ ലഭിക്കുമ്പോള്‍ അതില്‍ ചിലപ്പോള്‍ അവര്‍ അറിയാതെ ഭാഗഭാക്ക് ആകുന്നുണ്ട് 20 വര്‍ഷത്തോളമായി ഈ തൃശൂരുകാരന്‍. കണ്ണൂരിലെ കലോത്സവം എടുത്താല്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, സംഘനൃത്തം എന്നി ഇനങ്ങളില്‍ നാരായണന്‍കുട്ടി വൈലോപ്പിള്ളി എഴുതിയ 25ഓളം ഗാനങ്ങള്‍ക്കാണ് കുട്ടികള്‍ ചുവടുവയ്ക്കുന്നത്.
20 വര്‍ഷമായി നൃത്തത്തിന്റെ സംഗീതത്തിന് വരികള്‍ എഴുതുന്ന നാരായണന്‍ കുട്ടി ഇത് ഗൗരവമായി സമീപിക്കുന്നത് കഴിഞ്ഞ എട്ടുകൊല്ലത്തിനിടയിലാണ്. സമീപകാല കലോത്സവങ്ങളില്‍ എല്ലാം ഇദ്ദേഹത്തിന്റെ 20ഓളം വരികള്‍ക്ക് കുട്ടികള്‍ നൃത്തം ചവുട്ടിയിരിക്കുന്നു. കണ്ണൂരില്‍ തന്നെ മോഹിനിയാട്ടം, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനം, ഭരതനാട്യത്തിലെ ആദ്യസ്ഥാനക്കാര്‍ ഇവരുടെ എല്ലാം ചിലങ്ക കിലുങ്ങിയത് നാരായണന്‍ കുട്ടിയുടെ സഞ്ചാരിക്ക് അനുസരിച്ച്.
പല്ലവിയിലെ സ്തുതി കഴിഞ്ഞാല്‍ നൃത്തം വയ്ക്കാന്‍ ഒരു കഥ വേണം, അതാണ് സഞ്ചാരി. പുരാണങ്ങളാണ് കൂടുതലായി ഇതിനായി ആശ്രയിക്കുന്നത്. ഒരോ കലോത്സവത്തിനും എത്താറുണ്ട്, പരാമവധി എല്ലാ നൃത്ത ഇനങ്ങളും കാണും. ഒരു കലോത്സവ സീസണ്‍ അവസാനിച്ചാല്‍ അടുത്ത മാര്‍ച്ചില്‍ തന്നെ വിവിധ ഗുരുനാഥന്മാരും രക്ഷിതാക്കളും സമീപിക്കും. പലപ്പോഴും പുരാണങ്ങളും ഭക്തികഥകളുമാണ് ആവശ്യപ്പെടാറുള്ളത്. ഏപ്രിലോടെ അവര്‍ക്ക് ഇത് തയ്യാറാക്കി നല്‍കിയാല്‍ മാത്രമേ അത് ചിട്ടപ്പെടുത്താന്‍ സാധിക്കൂ.
മോഹിനിയാട്ടത്തിന് മണിപ്രവാളത്തിലാണ് വരികള്‍ എഴുതുക. ഭരതനാട്യത്തില്‍ അതില്‍ തമിഴ് വരും. ചെന്നൈയിലെ നാട്യോത്സവങ്ങള്‍ക്ക് പോയി പരിചയമുണ്ട്. ഇത്തരത്തില്‍ തമിഴ് നല്ല വശമുണ്ട്. കുച്ചുപ്പുടിക്കായി എഴുതുന്നത് സംസ്കൃതത്തിലാണ്. സംഘനൃത്തത്തിന് ഇത്തവണ പത്തോളം ടീമുകള്‍ തന്റെ വരികളിലാണ് നൃത്തം ചെയ്യുന്നത് എന്ന് നാരായണന്‍കുട്ടി പറയുന്നു. നൃത്ത വരികളായി ഭക്തിയും ദൈവസ്തുതിയും പുരാണവും അല്ലാതെ സാമൂഹിക പ്രസക്തമായ വിഷയം ഉള്‍കൊള്ളിച്ചുള്ള പ്രകടനങ്ങള്‍ നടക്കുമ്പോള്‍ അതിലും നാരായണന്‍ കുട്ടിക്ക് അഭിപ്രായമുണ്ട്. ക്രിസ്ത്യന്‍ ചരിത്രം വരെ ഞാനും ഇത്തരത്തില്‍ വരികള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ കലോത്സവം പോലെയുള്ള വേദിയില്‍ ക്ലാസിക്ക് രീതി തന്നെയാണ് അനുയോജ്യം.
ശരിക്കും, വേദിയില്‍ കളിക്കുന്ന നര്‍ത്തകി, അല്ലെങ്കില്‍ നര്‍ത്തകന്‍ തിരിച്ചറിയാറുണ്ടോ, എന്ന ചോദ്യത്തിന് നാരായണന്‍ കുട്ടിക്ക് ഒരു ചിരിമാത്രം പലപ്പോഴും ഇല്ല. ഒരു അദ്ധ്യാപകനോ, രക്ഷിതാക്കള്‍ക്കോ വരികള്‍ കൈമാറിയാല്‍ എന്റെ ദൗത്യം തീരുന്നു. പിന്നീട് അത് വേദിയില്‍ എത്തുമ്പോള്‍ കാണും. അത് ആടി തകര്‍ക്കുമ്പോള്‍ അത് കാണുന്നത് ഒരു സംതൃപ്തി ഇദ്ദേഹം പറയുന്നു. നൃത്തത്തിന്റെ നിലവാരത്തെക്കുറിച്ചു കലോത്സവ വേദിയിലെ സ്ഥിരം കാഴചക്കാരനായ നാരായണന്‍ കുട്ടിക്ക് പറയാനുണ്ട്, ഇപ്പോള്‍ അപ്പീലുകളുടെ പ്രളയം മത്സര നിലവാരത്തെ ബാധിക്കുന്നുണ്ട്, അത് നിയന്ത്രിക്കണമെന്നാണ് നാരായണന്‍കുട്ടിയുടെ പക്ഷം.