മടക്കം

Published : Jan 20, 2017, 01:08 PM ISTUpdated : Oct 04, 2018, 05:45 PM IST
മടക്കം

Synopsis

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം മലയാളം കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ രചന. കണ്ണൂര്‍ ഇടയന്നൂര്‍ ഗവ.വൊക്കേഷണല്‍ എച്ച് . എസ്.എസിലെ പത്താം തരം വിദ്യാര്‍ത്ഥിനി എഴുതിയ കവിത. വിഷയം : ഭൂമിയുടെ വിളികള്‍

'നെരിപ്പ്‌സിസ്സേ',
ജ്ജ്‌പൊളിച്ച് മുത്തേ,!
ആരോ മനസ്സിലിരുന്ന്
ആര്‍പ്പു വിളിക്കുന്നു.
പുലിമുരുകന്‍ ശരണം!
അലഞ്ഞുതിരിഞ്ഞുമടുത്ത
ക്യൂവില്‍ നിന്നും
അവള്‍ പിന്‍വാങ്ങി.

                      
ചിക്കിങ്ങിന്റെ എരിവ് ലയിച്ച
ഉമിനീരിലെവിടെയോ
അമ്മമ്മയുടെ ദോശരുചി!
'മമ്മി'ത്തരത്തിനാല്‍
കിട്ടാതെ പോയ
വാത്സല്യചൂട്.
തന്റെ പൗരുഷത്തിന് 
ലഭിക്കാതെ പോയ
പ്രണയചൂട്.
ബുള്ളറ്റ് കിടന്നമറി.

'കൈക്കൂലി'ക്കാരുടെ മടക്കം!
ഞാനും ദൈവത്തെ തേടിയിട്ടുണ്ട്.
പള്ളികളില്‍ അമ്പലങ്ങളില്‍
അള്‍ത്താരകളില്‍
മിത്തുകള്‍ക്കുമേല്‍
നാണയകിലുക്കമെന്തിന്?
അലര്‍ച്ചകളിലുണരാത്തവര്‍ക്ക്
കാതുപൊട്ടിക്കുന്ന
ഉണര്‍ത്തുപാട്ടെന്തിന്?

'ബുള്ളറ്റില്‍ ഉലകം ചുറ്റുന്ന പെണ്ണ്'
ലേഖകന്റെ കരവിരുത്.
 എഫ്ബിയില്‍ ലൈക്ക്,
കമന്റ്, ഡിസ്‌ലൈക്ക്.
ഇടുക്കിഗോള്‍ഡും ബിയറും
ചേര്‍ത്തടിക്കുമ്പോള്‍
നേരിയപുളി
ഓര്‍മ്മക്കെട്ടഴിച്ചു.

തറവാട്;
തഴപ്പായിലുണങ്ങുന്ന
പുളിങ്ങ.
ചീനഭരണി നിറക്കുന്ന
പുളിയിഞ്ചി.
നീറുകള്‍ കാക്കുന്ന
പുളിമാങ്ങ.
അല്ലെങ്കിലും പുളിക്ക്
വല്ലാത്ത നൊസ്റ്റാള്‍ജിയയാണ്
മധുരത്തെക്കാളും.

കാറ്റെന്താണ് പറയുന്നത്
ശിബിയുടെ, സിന്‍ഡ്രല്ലയുടെ
കട്ടുറുമ്പിന്റെ കഥ...?
അല്ല, അല്ലേയല്ല.
അഴിമതിയും പീഢനവും
കുറെ ഗാന്ധിതലകളും
വരച്ചിട്ട് അത് എങ്ങോ മറഞ്ഞു.

സ്ട്രീറ്റ് ലൈറ്റ് ചത്തിരിക്കുന്നു.
ഉള്ളിലൊരാളല്‍
പിന്നിലിരിക്കുന്നത് സുഹൃത്താണ്‍
കീറിപഠിക്കാനായി,
സ്വശരീരം പോലും വിറ്റ്
'കാളക്കൂറ്റ' നെതേടുന്ന യമപുത്രന്‍.
രക്ഷതന്നെ ശിക്ഷയാകുന്ന കാലത്ത്
ഒരു പക്ഷേ അവനും...?
എന്റെ നഖങ്ങള്‍ നീട്ടിയിട്ടുണ്ട്.
ദംഷ്ടൃകള്‍ക്ക് മൂര്‍ച്ചയുണ്ട്.

സുഹൃത്തിനൊരുനനഞ്ഞ
വഴുവഴുപ്പ്.
കയ്യിലൂടെ അരക്കെട്ടിലൂടെ
ശരീരമാകെ
അവനിഴയാനാഞ്ഞു.
ഹാന്‍ഡില്‍ വിട്ട് ബെല്‍ട്ടില്‍
ഒരു ടച്ച്
'ഠോ'
പുക, തീ,
 പെട്രോളിന്റെ എരി
ചില്ലുകളുടെ ചിലമ്പല്‍,
സീല്‍ക്കാരങ്ങള്‍...

അവനെ, 'അവനാ'ക്കുനിടത്ത്
ആഞ്ഞുചവിട്ടുമ്പോള്‍
അവളുടെ കരിഞ്ഞ ചുണ്ടുകള്‍
ഗൂഡമായി വളഞ്ഞു.
ചാവേറുകളുടെ ചരിത്രത്തിലേക്ക്
എരിഞ്ഞടങ്ങുന്ന അവളെ
ഭൂമിവിളിച്ചു.
'മകളേ...'

'മകളേ, നീ വരിക.
എന്റെ മടിത്തട്ടിലേക്ക് ചായുക.
ഞാന്‍;
നിനക്കായ് വാത്സല്യം ചുരത്താം.
എന്നില്‍ ലയിച്ച
യഥാര്‍ത്ഥ ദൈവങ്ങളേ
കാട്ടിത്തരാം.
എന്നിലെവിടെയോ ഉറങ്ങുന്ന
തറവാടും, പുളിയും
മാങ്ങയും തിരികെ തരാം.

നീ പിച്ചിചീന്തപ്പെടുന്ന,
ഊറ്റികുടിക്കപ്പെടുന്ന,
വെറും,
വെറും ചണ്ഡിയാവുന്ന
അവിടെ നിന്നും നീ വരിക;
തിരികെ വരിക.
എന്റെ മടിത്തട്ടില്‍
ചാഞ്ഞുറങ്ങുക'

ഭൂമി തന്റെ മാറുപിളര്‍ന്ന്
അവളെ കോരിയെടുത്തു.
തന്റെ പുത്രിയെ,
സീതയെ,
അഗാധതയിലേക്ക്,
അഗാധതയിലേക്ക്...

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു