
കണ്ണൂര്‍: വിഷലിപ്തമായ കാലം സമ്മാനിച്ചതിനെ തൂത്തെറിഞ്ഞ് മുന്നോട്ട് കുതിക്കുകയാണ് രണ്ട് സഹോദരങ്ങള്‍. എന്‍ഡോസല്‍ഫാന്‍ ജീവിതം നഷ്ടപ്പെടുത്തിയ ദേവികിരണും ജീവന്‍രാജും. ദുരിതമഴ പെയ്തിറങ്ങിയ ഭൂമിയില്‍ നിന്നും അതിജീവനത്തിന്‍റെയും പ്രതീക്ഷയുടെയും ജീവകിരണങ്ങളായെത്തിയ ഈ സഹോദരങ്ങള്‍ കലാപ്രേമികളുടെ മനസും നേടിയാണ് കലോത്സവ നഗരി വിടുന്നത്.
കാസര്‍കോട് ഗവ ജിഎച്ച്എസ്എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവികിരണ്‍. അതേ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജീവന്‍രാജ്. ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ദേവി കിരണ്‍ പദ്യപാരയണ മത്സരത്തിലും പങ്കെടുക്കുന്നു. കഴിഞ്ഞ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ രണ്ടാം സ്ഥാനവും ലളിതഗാനത്തില്‍ എ ഗ്രേഡും ദേവികിരണ്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണ ജില്ലയില്‍ നിന്നും അപ്പീലോടെ എത്തിയാണ് ഒന്നാം സ്ഥാനം നേടിയത്.
ഏഴുവര്‍ഷമായി സംഗീതം പഠിച്ച് കലോത്സവ വേദികളില്‍ പ്രകടനം നടത്തുന്ന ദേവികിരണിന്‍റെ പ്രകടനം തന്നെയാണ് അനിയന്‍ ജീവന്‍ രാജിനെയും കലയിലേക്ക് ആകര്‍ഷിച്ചത്. ആദ്യമായി ഇത്തവണ മിമിക്രിയില്‍ മത്സരിച്ച ജീവന്‍ കാസര്‍കോഡ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാനത്ത് എത്തിയത്. ഇവിടെയും കാണികളുടെ കൈയ്യടി വാങ്ങി.
പന്ത്രണ്ടാം ക്ലാസുകാരനായ കിരണ്‍ പഠിക്കാന്‍ മിടുക്കനാണ്, പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ കിരണിന് പന്ത്രണ്ടിന് ശേഷം ഐഐടിയില്‍ പഠിക്കണം എന്നാണ് ആഗ്രഹം. ഇംഗ്ലീഷാണ് ഇഷ്ട വിഷയം. ഇംഗ്ലീഷ് അദ്ധ്യാപകനാകാന്‍ ആഗ്രഹിക്കുന്ന കിരണ്‍, ഓണ്‍ ലൈന്‍ വഴിയും മറ്റും സംഗീത പഠനം തുടരാം എന്ന പ്രതീക്ഷയിലാണ്. ജീവനും കലാരംഗത്ത് തുടരണം എന്നാണ് ആഗ്രഹം.