മണിവര്‍ണ്ണന്‍റെ വിജയം

By Web DeskFirst Published Jan 20, 2017, 5:34 AM IST
Highlights

വിപിന്‍ പാണപ്പുഴ

മണിവര്‍ണ്ണനെ അറിയാത്തവര്‍ കലോത്സവത്തിന്‍റെ നാടകവേദിയില്‍ ചുരുക്കമായിരിക്കും. സംസ്ഥാന കലോത്സവത്തിന് കൊല്ലത്ത് നിന്നു കുട്ടികളുടെ നാടകം എത്തുന്നുണ്ടെങ്കില്‍ അതില്‍ മണിവര്‍ണ്ണന്‍റെ നാടകം ഇല്ലാതിരിക്കില്ല. ഇത്തവണയും കുട്ടികളുടെ നാടകവുമായി മണിവര്‍ണ്ണന്‍ എത്തി. പതിനാറോളം അപ്പീലുകളുമായി 24 മണിക്കൂര്‍ നീണ്ട സംസ്ഥാന കലോത്സവത്തിലെ നാടക മത്സരത്തില്‍ മണിവര്‍ണ്ണന്റെ നാടകം എ ഗ്രേഡും സ്വന്തമാക്കി. മണിവര്‍ണ്ണന് അതൊരു പ്രതികാരം കൂടിയാണ്.

കുട്ടികളുടെ നാടകം സംബന്ധിച്ച് പ്രതികാരം എന്ന വാക്ക് ഉപയോഗിക്കുമോ എന്ന് എനിക്ക് അറിയില്ല. എങ്കിലും മറ്റൊരു തരത്തില്‍ എന്‍റെ വ്യക്തപരമായ പ്രതികരമാണിത്- മണിവര്‍ണ്ണന്‍ പറയുന്നു.

കൊല്ലത്ത് കരുനാഗപ്പള്ളി ബോയ്സ്. ഗവ ഹയര്‍സെക്കന്‍ററി സ്കൂളിന് വേണ്ടി ജില്ലാ കലോത്സവത്തില്‍ ചളിയെന്ന നാടകമാണ് മണിവര്‍ണ്ണന്റെ സംവിധാനത്തില്‍ ഇത്തവണ അവതരിപ്പിച്ചത്. എന്നാല്‍ കാണികളുടെ മികച്ച അഭിപ്രായം നേടിയിട്ടും മൂന്നാം സ്ഥാനമാണ് നാടകത്തിന് വിധികര്‍ത്താക്കള്‍ നല്‍കിയത്. അന്ന് അത് വാര്‍ത്തകളില്‍ ഇടംപിടിച്ചു. അപ്പീലിന് പോകണ്ടെന്ന് തീരുമാനിച്ചതാണ്.  പക്ഷെ കുട്ടികളുടെ കണ്ണീര്‍ മണിവര്‍ണ്ണന്റെ ആ തീരുമാനം മാറ്റി.

കെഎസ്ആര്‍ടിസി ജീവനക്കാരനായ മണിവര്‍ണ്ണന്‍ അവധിയിലാണ്. ഇത് ജോലിയെപ്പോലും ബാധിക്കുന്ന അവസ്ഥ. ഇത്തരം ഒരു അവസ്ഥയിലും മണിവര്‍ണ്ണന്‍ തന്‍റെ കുട്ടികളുമായി ലോകായുക്തയിലും, ബാലാവകാശ കമ്മിഷനിലും കയറിയിറങ്ങി. ഒടുവില്‍ അവസാന നിമിഷത്തില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ അപ്പീല്‍ അനുവദിക്കപ്പെട്ടു. തന്‍റെ കുട്ടിക്കൂട്ടവുമായി കണ്ണൂരില്‍ എത്തിയ മണിവര്‍ണ്ണന്‍റെ നാടകം അരങ്ങില്‍ കയറി, എഗ്രേഡും സ്വന്തമാക്കി. എഗ്രേഡേ ഉള്ളോ എന്ന് ചോദിക്കാന്‍ വരട്ടെ. മണിവര്‍ണ്ണനെയും കുട്ടികളെയും പിന്തള്ളി ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനം നേടി നാടകങ്ങള്‍ക്ക് ബി ഗ്രേഡ് മാത്രമാണ് ലഭിച്ചത് എന്ന് അറിയുന്പോഴേ  കഥ പൂര്‍ത്തിയാകുകയുള്ളൂ.

കഴിഞ്ഞ ആറു വര്‍ഷത്തോളമായി സംസ്ഥാന കലോത്സവത്തില്‍ എത്തുന്നതാണ് മണിവര്‍ണ്ണന്‍. കലോത്സവങ്ങളിലെ നാടകമത്സരത്തിന്റെ വേദി സംബന്ധിച്ച് ആക്ഷേപങ്ങള്‍ എന്നും കേള്‍ക്കാറുണ്ട്. വേദിയുടെ പരിമിതികള്‍ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ കണ്ണൂരിലെ കലോത്സവത്തിന്‍റെ നാടക വേദി തന്നെ അത്ഭുതപ്പെടുത്തിയെന്ന് മണിവര്‍ണ്ണന്‍ പറയുന്നു. നാടകത്തിന്‍റെ പള്‍സ് തൊട്ടറിയുന്ന കാണികളും സംഘാടകരും ഇവിടെയുണ്ടായിരുന്നു. കണ്ണൂരിന്‍റെ നാടക സൗഹൃദ അന്തരീക്ഷത്തെ ക്ലീന്‍ എന്ന് വിശേഷിപ്പിക്കാമെന്നും മണിവര്‍ണ്ണന്‍ പറയുന്നു.

click me!