ഇന്ത്യയുടെ ആദ്യ റാഫേല്‍ വിമാനത്തിന്‍റെ ചിത്രം

By Web TeamFirst Published Oct 8, 2019, 5:25 PM IST
Highlights

ഭാരതീയ പരമ്പര്യം അനുസരിച്ച് ആയുധ പൂജയും നടത്തിയ ശേഷമാവും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദ്യ റാഫേല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുക. 

പാരീസ്: വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഇതാണ് ഇന്ത്യയുടെ ആദ്യ റാഫേല്‍ വിമാനത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത്.  36 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ഫ്രാൻസുമായി കരാർ ഒപ്പിട്ടിരിക്കുന്ന ഇന്ത്യക്ക് ആദ്യ റാഫേല്‍ യുദ്ധവിമാനമാണ് ഇന്ന് ലഭിക്കുന്നത്.  ബോര്‍ഡെക്​സിലെ മേരിഗ്​നാക്​ എയര്‍ ബേസില്‍ വച്ചാണ് ആദ്യ റാഫേല്‍ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കുക. വ്യോമസേനയുടെ 87ാമത്​ സ്ഥാപക ദിനത്തിലാണ്​ റാഫേല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുന്നത്. ഏറ്റുവാങ്ങല്‍ ചടങ്ങുകള്‍ ആരംഭിച്ചു.

വായുസേനാ ദിനമായ ഒക്ടോബര്‍ 8ന് ദസറ ആഘോഷവുംകൂടിയാണ്. ദസറ ആഘോഷത്തോടനുബന്ധിച്ച് ആയുധ പൂജയും നടത്താറുണ്ട്‌. അതിനാല്‍, ഭാരതീയ പരമ്പര്യം അനുസരിച്ച് ആയുധ പൂജയും നടത്തിയ ശേഷമാവും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദ്യ റാഫേല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുക. 

പൂജ സമയത്തുള്ള യാത്രയായതിനാല്‍ ആയുധ പൂജ പാരീസില്‍ നടത്തുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. പതിവ് ആചാരങ്ങള്‍ക്ക് മുടക്കം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല, മഹാനവമി നാളില്‍ ആയുധങ്ങള്‍ ദേവിക്കു മുന്നില്‍ സമര്‍പ്പിച്ച് പൂജയ്ക്കു വെക്കുന്നത് പതിവാണെന്നും ഔദ്യോഗിക യാത്രയിലും അതില്‍ മുടക്കമൊന്നും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

കൈമാറ്റ ചടങ്ങിന്‍റെ ലൈവ്

യുദ്ധവിമാനം ഏറ്റുവാങ്ങിയശേഷം അദ്ദേഹം യുദ്ധ വിമാനത്തില്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ പൈലറ്റുമാർക്ക് റാഫേലിൽ പരിശീലനം ലഭിക്കുന്നതേയുള്ളു എന്നതിനാൽ ഫ്രഞ്ച് പൈലറ്റ് ആയിരിക്കും വിമാനം പറത്തുക എന്നാണ് വ്യോമസേന നല്‍കുന്ന അറിയിപ്പ്. റാഫേൽ നിർമ്മാതാക്കളായ ദസോ ഏവിയേഷന്‍റെ നിർമ്മാണ കേന്ദ്രത്തിൽ വച്ചാണ് കൈമാറ്റ ചടങ്ങു നടക്കുന്നത്.

റാഫേല്‍ കൈമാറ്റ ചടങ്ങില്‍ രാജ്‌നാഥ് സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും.മൂന്നു ദിവസത്തെ സന്ദർശനത്തിനായി ആണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഫ്രാൻസിൽ എത്തിയിരിക്കുന്നത്.

click me!