
ഡെൻവർ: ചൈനയിലെ 3,700 വർഷം പഴക്കമുള്ള ഒരു സെമിത്തേരിയിൽ നിന്ന് ഡസൻ കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെത്തിയതിനെ കുറിച്ച് പ്രാഥമിക പഠനം പുറത്ത്. ഇവയിൽ ക്രൂരമായ വിധത്തിൽ പരിക്കുപറ്റിയ നിലയിലുള്ള അസ്ഥികൂടങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെങ്കലയുഗത്തിലെ രക്തരൂക്ഷിതമായ സംഘട്ടനങ്ങളുടെ തെളിവുകളാണിതെന്നാണ് ഗവേഷകർ പറയുന്നത്. ആക്രമണങ്ങളിൽ തങ്ങളുടെ ഇരകളെ ക്രൂരമായി ആഘാതമേൽപ്പിച്ചു കൊല്ലുകയായിരുന്ന അക്കാലത്തെ അക്രമികളുടെ രീതിയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു അസ്ഥികൂടത്തിന്‍റെ തലയോട്ടിയിൽ 18 വ്യത്യസ്ത കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു എന്നും ഒരാളുടെ മരണത്തിലേക്ക് നയിക്കുന്നതിലുമേറെ പരിക്കുകളാണ് ഇതെന്നും റിവർസൈഡിലെ കാലിഫോർണിയ സർവകലാശാലയിലെ ബയോആർക്കിയോളജിസ്റ്റായ എലിസബത്ത് ബെര്‍ഗര്‍ പറഞ്ഞു. ഏപ്രിൽ 24-ന് കൊളറാഡോയിലെ ഡെൻവറിൽ നടന്ന സൊസൈറ്റി ഫോർ അമേരിക്കൻ ആർക്കിയോളജി വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു എലിസബത്ത് ബെർഗർ.
ചൈനയിലെ ഗാൻസു പ്രവിശ്യയിലെ മൊഗൗ എന്ന സെമിത്തേരിയെക്കുറിച്ചുള്ള വിശകലനത്തിൽ നിന്ന് ബെർഗറും സഹപ്രവർത്തകരും പുതിയ കണ്ടെത്തലുകൾ അവതരിപ്പിച്ചു. വെങ്കലയുഗത്തിലെ ക്വിജിയ സംസ്കാരത്തിന്റെ ഭാഗമായ മൊഗൗ ബിസി 1750-നും 1100-നും ഇടയിൽ മൃതസംസ്കാരത്തിനായി ഉപയോഗിച്ചിരുന്നു. ഈ വലിയ സെമിത്തേരിയിൽ 1,600-ൽ അധികം ശവക്കുഴികളുണ്ട്. അവയിൽ 5,000 ത്തിൽ അധികം ആളുകളെ അടക്കം ചെയ്തിട്ടുണ്ട് എന്നാണ് അനുമാനം. ഈ ആളുകൾ പ്രധാനമായും കാർഷിക ജീവിതശൈലി നയിച്ചിരുന്നവരായിരുന്നു. കൂടാതെ പ്രദേശത്തെ മറ്റ് ഗ്രൂപ്പുകളുമായി ലോഹ, സെറാമിക് വസ്‍തുക്കൾ കൈമാറ്റവും ചെയ്‍തിരുന്നു.
2019-ൽ, മൊഗൗ അസ്ഥികൂടങ്ങളിൽ ചിലതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക പഠനം ഗവേഷകർ പ്രസിദ്ധീകരിച്ചിരുന്നു. മുതിർന്നവരുടെ തലയോട്ടികളിൽ ഞെട്ടിപ്പിക്കുന്ന തരത്തിൽ ഉയർന്ന തോതിൽ ആഘാതം ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തിയിരുന്നു. മുതിർന്നവരുടെയും കൗമാരക്കാരുടെയും 348 തലയോട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഗവേഷകരുടെ പുതിയ പഠനത്തിൽ ധാരാളം ആഘാതങ്ങളും കണ്ടെത്തി. 11.1 ശതമാനം തലയോട്ടികളിലും കുത്തേറ്റ മുറിവുകൾ, മൂർച്ചയുള്ള ആഘാതം, പ്രൊജക്റ്റൈൽ കേടുപാടുകൾ തുടങ്ങിയ ഉണങ്ങാത്ത പരിക്കുകളുടെ തെളിവുകൾ ഉണ്ടായിരുന്നു.
എന്നാൽ ഗവേഷകരെ അത്ഭുതപ്പെടുത്തിയ കാര്യം, ആഘാതം ബാധിച്ച മുതിർന്നവരിൽ ഭൂരിഭാഗത്തിനും ഒരു മാരകമായ പ്രഹരത്തിന് പകരം ഒന്നിലധികം പരിക്കുകൾ സംഭവിച്ചിട്ടുണ്ട് എന്ന കണ്ടെത്തലായിരുന്നു. മുതിർന്നവരിൽ 55 ശതമാനം പേരുടെ തലയോട്ടിയിലും മൂന്നോ അതിലധികമോ മുറിവുകൾ ഉണ്ടായിരുന്നു. ഈ മേഖലയിലെ മറ്റൊരു സ്ഥലത്തും ഇതുപോലുള്ള അക്രമം നടന്നിട്ടില്ലെന്ന് എലിസബത്ത് ബെർഗർ ലൈവ് സയൻസിനോട് പറഞ്ഞു.
സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് തലയോട്ടിയിൽ ഒന്നിലധികം പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്നും ബെർഗർ പറഞ്ഞു. കൂടാതെ നിരവധി പുരുഷന്മാർക്ക് കൈകളുടെ അസ്ഥികളിൽ ശക്തമായ ഒടിവുകൾ പോലുള്ള പരിക്കുകൾ ഉണ്ടായിരുന്നു. തലയോട്ടിയുടെ വിവിധ ഭാഗങ്ങളിൽ അതായത് മുൻഭാഗത്തും പിൻഭാഗത്തും ഗവേഷകർ പരിക്കുകൾ കണ്ടെത്തി. ഇത് ഒന്നിലധികം ആക്രമണകാരികൾ ഉണ്ടാകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.
തീവ്രവും അക്രമാസക്തവുമായ ആഘാതങ്ങളുടെ ഫലങ്ങൾ നിരവധി പുരുഷ തലയോട്ടികളിൽ കാണാൻ കഴിയും. അതിൽ ഒന്നിന്‍റെ മുഖത്ത് ഒരു വലിയ മുറിവ് ഉണ്ടായിരുന്നു എന്നും മറ്റൊരാളുടെ തലയോട്ടിയിൽ 18 വ്യത്യസ്ത കുത്തേറ്റ മുറിവുകൾക്ക് പുറമേ, കാലിൽ ഒരു വലിയ മുറിവ് ഉണ്ടായിരുന്നു എന്നും ഗവേഷകർ പറയുന്നു. അതേസമയം വെങ്കലയുഗത്തിൽ നടന്ന ഈ അക്രമത്തിന്‍റെ കാരണം ഗവേഷകർക്ക് ഇപ്പോഴും വ്യക്തമല്ല. യുദ്ധവും കൊള്ളയും സാധ്യതയുള്ള രണ്ട് കാരണങ്ങളാണെന്ന് ഗവേഷകർ കരുതുന്നു. ക്വിജിയ സംസ്‍കാരം, വ്യത്യസ്‍ത ജനവിഭാഗങ്ങൾക്കിടയിലുള്ള ഒരുതരം പുരാതന സംഗമസ്ഥാനത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത് എന്നത് ഈ കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
മൃഗങ്ങളുടെ അസ്ഥികൾ, പരാന്നഭോജികൾ, പുരാതന ഡിഎൻഎ എന്നിവയെക്കുറിച്ചുള്ള പഠനം ഉൾപ്പെടെ മൊഗൗവിൽ കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഗവേഷകർ പറയുന്നു. വരണ്ടതും തണുപ്പുള്ളതുമായ കാലാവസ്ഥയിലേക്കുള്ള ഒരു പ്രധാന പരിവർത്തന സമയത്ത് ജീവിതം എങ്ങനെയായിരുന്നു എന്ന് മനസിലാക്കുക എന്നതാണ് ഈ പഠനങ്ങളുടെ പ്രധാന ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം