Harvard University : മുന്‍ ഡിജിപിയുടെ 'ഹാർവാര്‍ഡ് അപാരത' പൊളിച്ച് വൈറലായ പ്ലസ് ടുക്കാരന്‍ ഇവിടെയുണ്ട്...

By Sumam ThomasFirst Published Dec 6, 2021, 6:14 PM IST
Highlights

 ''എവിടെ നിന്നാണെന്ന് കൃത്യമായി ഓർക്കുന്നില്ല. ജൂണിലോ ജൂലൈയിലോ നടന്ന കാര്യമാണിത്. വീഡിയോ കണ്ടപ്പോള്‍ തന്നെ സാർ പറഞ്ഞതിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നി...''

''ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ (Harvard University) വൃത്താകൃതിയിൽ ഒരു ഹോസ്റ്റലുണ്ടാക്കി (Hostel). എന്നിട്ട് 16 ദിശയിലേക്ക് കുട്ടികളെ തിരിച്ചിരുത്തി. എന്നിട്ട് പഠിക്കാൻ പറഞ്ഞു, എന്നിട്ട് അവരുടെ മാർക്ക് എല്ലാ ദിവസവും കംപ്യൂട്ട് ചെയ്യണം. ആറ് മാസം കഴിഞ്ഞപ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ (Scientists) ഞെട്ടിപ്പോയി. തെക്കോട്ട് തിരിഞ്ഞിരുന്ന പഠിച്ച കുട്ടികളുടെ മാർക്ക് 15 ശതമാനം വരെ താഴേക്ക് വന്നു. 62 ശതമാനം ഫസ്റ്റ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികൾ 42 ശതമാനമായി തേർഡ് ക്ലാസിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിച്ച കുട്ടികളുടെ മാർക്ക് ആറ് മാസം കൊണ്ട് 15 ശതമാനം മേൽപോട്ട് വന്നു. 42 ശതമാനം തേർഡ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികൾ 62 ശതമാനം വാങ്ങി ഫസ്റ്റ് ക്ലാസിലേക്ക് ഉയർന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ വൈസ് ചാൻസലർക്ക് റിപ്പോർട്ട് ചെയ്തു. വൈസ് ചാൻസലറോട് പറഞ്ഞു, ആ ഹോസ്റ്റൽ ഇടിച്ചു നിരത്താൻ. ആ ഹോസ്റ്റൽ ഇടിച്ചു നിരത്തി, എല്ലാവരും കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിക്കുന്ന ഒരു ഹോസ്റ്റൽ  പുനർനിർമ്മിച്ചു.'' 

കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന, പതിനൊന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു പ്രസം​ഗ വീഡിയോയുടെ ആരംഭമാണ് മുകളിൽ പരാമർശിച്ചിരിക്കുന്ന പാര​ഗ്രാഫ്. മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബാണ് പ്രാസം​ഗികൻ. ഹാർവാർഡ് യൂണിവേഴ്സിറ്റിയെക്കുറിച്ച് അ​ദ്ദേഹം പറഞ്ഞ ഈ കാര്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളുണ്ടായി. എന്നാൽ ഈ വാദങ്ങളുടെ പിന്നാലെ പോയി യാഥാർത്ഥ്യം എന്താണെന്ന് വെളിച്ചത്ത് കൊണ്ടുവന്നത് ഒരു പ്ലസ്ടൂ വിദ്യാർത്ഥിയാണ്. കൊല്ലം ജില്ലയിലെ കാരംകോട് വിമല സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയായ അഭിരാം അരുൺ. ഒറ്റക്കേൾവിയിൽ തന്നെ  വീഡിയോയിലെ പരാമർശങ്ങളിൽ സംശയം തോന്നി എന്ന് അഭിരാം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമുമായി അഭിരാം സംസാരിക്കുന്നു

''ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ നിന്നാണെന്ന് തോന്നുന്നു ഞാനാദ്യമായി ഈ വീഡിയോ കാണുന്നത്. എവിടെ നിന്നാണെന്ന് കൃത്യമായി ഓർക്കുന്നില്ല. ജൂണിലോ ജൂലൈയിലോ നടന്ന കാര്യമാണിത്. അത് കണ്ടപ്പോ തന്നെ സാർ പറഞ്ഞതിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നി. ഞാനുൾപ്പെടുന്ന ഒരു വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലേക്ക് ഇത് ഷെയർ ചെയ്തു. അതിൽ ചർച്ചയുണ്ടായി. ചിലർ പറഞ്ഞു സാർ പറഞ്ഞതിൽ എന്തെങ്കിലും കാര്യം കാണും. പക്ഷേ ഞാനും എന്റെയൊരു സുഹൃത്തും കൂടി പറഞ്ഞത്. ഇതൊക്കെ എങ്ങനെ നടക്കാനാ, ഇതിലൊന്നും കാര്യമില്ല എന്ന്.''  അഭിരാം തുടര്‍ന്ന് പറയുന്നു

''ആ ചർച്ച അവിടെ അവസാനിച്ചു. ചര്‍ച്ചയില്‍ ഞങ്ങൾ പറഞ്ഞ കാര്യത്തെ പ്രൂവ് ചെയ്യാൻ വേണ്ടിയാണ് മെയിൽ അയക്കാൻ തീരുമാനിച്ചത്. അടുത്ത ദിവസം ഞങ്ങൾ ഹാർവാർഡിന്റെ വെബ്സൈറ്റിലൊക്കെ പോയി തപ്പി. അവിടുത്തെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ മെയിൽ ഐഡി കിട്ടി. ഞാനും ഉസ്മാൻ എന്ന സുഹൃത്തും കൂടിയാണ് മെയിൽ അയച്ചത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിൽ നിന്ന് അവരുടെ റിപ്ലൈ വന്നു. 'ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അവർക്ക് ഉറപ്പ് പറയാൻ പറ്റില്ല.  അവിടത്തെ ഡേറ്റയിലോ ​ഇന്റർനെറ്റ് സെർച്ചിലോ ഒന്നും തന്നെ ഇത്തരമൊരു സംഭവം നടന്നതായി കാണുന്നില്ല. അവിടെ പല ദിശകളിലേക്കുമുള്ള ബിൽഡിം​ഗുകൾ ഉണ്ടെന്നും അവിടെയൊക്കെ ഇപ്പോഴും കുട്ടികൾക്ക് പഠിക്കുന്നുണ്ടെന്നും പണ്ട് മുതലുളn ബിൽഡിം​ഗ് അവര്‍ പൊളിക്കാറില്ലെന്നുമായിരുന്നു മെയിലിലെ മറുപടി.'' അഭിരാം പറഞ്ഞു.

​ഗ്രൂപ്പിലെ ചർച്ചയിലുണ്ടായിരുന്ന ഒരു അധ്യാപികയാണ്,  ഇത്രയും പ്രശസ്തനായ ഒരു വ്യക്തി, ഒന്നുമില്ലാതെ ഒരു വേദിയിൽ ഇത്രയും ആധികാരമായി സംസാരിക്കില്ല എന്ന് അഭിപ്രായപ്പെട്ടത്. എന്തെങ്കിലും കാര്യമുണ്ടാകും എന്നും ടീച്ചർ‌ പറഞ്ഞു, ഇമെയിൽ അയച്ച് സത്യാവസ്ഥ കണ്ടെത്താനുണ്ടായ സാഹചര്യം ഇതായിരുന്നുവെന്ന് അഭിരാമിന്റെ വാക്കുകൾ. ശാസ്ത്രകേരളം മാസികയിലാണ് അഭിരാമിന്റെ ആർട്ടിക്കിൾ 'ഒരു ഹാർവാർഡ് അപാരത' എന്ന തലക്കെട്ടോടെ പ്രസിദ്ധീരിച്ചത്. ''അച്ഛൻ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആളാണ്. അച്ഛൻ ഒരു സുഹൃത്തുമായി ഞാൻ മെയിലയച്ച കാര്യം ചർച്ച ചെയ്തിരുന്നു. അവരാണ് ഈ മാസികയെക്കുറിച്ച് പറഞ്ഞതും താത്പര്യമെങ്കിൽ ഇതിനെക്കുറിച്ച് എഴുതാനും ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചത്. മാസിക ഇന്നലെ കിട്ടി. ആർട്ടിക്കിൾ വന്നതിനെക്കുറിച്ച് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് അച്ഛനാണ്.'' അതിൽ നിന്നാണ് ഇത്രയും വൈറലായതെന്നും അഭിരാം വ്യക്തമാക്കുന്നു.

കാരംകോട് വിമല സെൻട്രൽ സ്കൂളിലെ പ്ലസ് ടൂ ബയോമാത്സ് വിദ്യാർത്ഥിയാണ് അഭിരാം അരുൺ. കരിയറിൽ ​ഗ്രാഫിക്സ് ഡിസൈനറാകാനാണ് അഭിരാമിന് താത്പര്യം. വാട്ട്സ് അപ്പ്, ഇൻസ്റ്റ​ഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകളെ കണ്ണടച്ചു വിശ്വസിക്കുന്ന, പിന്തുടരുന്നവരുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ തേടി പോകാൻ ആർജ്ജവമുള്ള പുതുതലമുറയുടെ പ്രതിനിധിയാകുന്നുണ്ട് അഭിരാം. 
 

click me!