മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് മനുഷ്യ കോശങ്ങളെക്കുറിച്ച് പഠിക്കാൻ എഐ ഉപയോഗിക്കുന്ന 'വിർച്വൽ ബയോളജി ഇനീഷിയേറ്റീവ്' എന്ന പുതിയ പദ്ധതി ആരംഭിച്ചു. 500 മില്യൺ ഡോളറിന്റെ ഈ പദ്ധതിയിലൂടെ, രോഗങ്ങൾ കണ്ടെത്താനും തടയാനും സഹായിക്കുന്ന എഐ മോഡലുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
കാലിഫോര്‍ണിയ: മാർക്ക് സക്കർബർഗ് വീണ്ടും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ (എഐ) വൻ നിക്ഷേപവുമായി എത്തിയിരിക്കുകയാണ് എന്ന് റിപ്പോർട്ട്. എന്നാൽ ഇത്തവണ ഈ നിക്ഷേപം സോഷ്യൽ മീഡിയയിലോ മെറ്റാവേഴ്‌സിലോ അല്ല. മനുഷ്യ കോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുക വഴി മനുഷ്യരുടെ എല്ലാ രോഗങ്ങളും കണ്ടെത്താനും തടയാനും സഹായിക്കുന്ന പുതിയ എഐ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ഭാര്യ പ്രിസില്ല ചാനിനൊപ്പം സക്കര്‍ബര്‍ഗിന്‍റെ ശ്രമം. ഇതിനായി വിർച്വൽ ബയോളജി ഇനീഷിയേറ്റീവ് എന്ന പേരിൽ 500 മില്യൺ ഡോളറിന്‍റെ വൻ പദ്ധതി ആരംഭിച്ചതായി സംഘടന പ്രഖ്യാപിച്ചു.
മനുഷ്യ ശരീരത്തിലെ കോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഡിജിറ്റൽ രീതിയിൽ മാതൃകയാക്കി പഠിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലളിതമായി പറഞ്ഞാൽ, മനുഷ്യ കോശങ്ങളുടെ പ്രവർത്തനം കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെ പുനരാവിഷ്‍കരിക്കാൻ കഴിയുന്ന എഐ മോഡലുകൾ വികസിപ്പിക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്. ഇതിലൂടെ ലാബുകളിൽ നേരിട്ട് പരീക്ഷണങ്ങൾ നടത്തുന്നതിനുമുമ്പ് തന്നെ ആയിരക്കണക്കിന് പരീക്ഷണങ്ങൾ വെർച്വൽ രീതിയിൽ നടത്താൻ കഴിയും.
അഞ്ച് വർഷം നീളുന്ന പദ്ധതിയിൽ പ്രെഡകറ്റീവ് മോഡൽസ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയാണ് പ്രധാനമായി വികസിപ്പിക്കുക. ആരോഗ്യകരമായ കോശങ്ങളും രോഗബാധിതമായ കോശങ്ങളും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് എഐ പഠിച്ച് രോഗങ്ങളുടെ തുടക്കം, വളർച്ച, അതിനെ മറിച്ചുവിടാനുള്ള സാധ്യതകൾ എന്നിവ കണ്ടെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഏകദേശം 400 മില്യൺ ഡോളർ ഉയർന്ന നിലവാരത്തിലുള്ള ഇമേജിംഗ് സംവിധാനങ്ങൾ, വൻ കംപ്യൂട്ടിംഗ് സൗകര്യങ്ങൾ, കോടിക്കണക്കിന് കോശങ്ങളെ നിരീക്ഷിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി വിനിയോഗിക്കും. ശേഷിക്കുന്ന 100 മില്യൺ ഡോളർ ലോകമെമ്പാടുമുള്ള ഗവേഷകർക്കും സ്ഥാപനങ്ങൾക്കും ധനസഹായമായി നൽകും. പദ്ധതിയിലൂടെ ശേഖരിക്കുന്ന എല്ലാ ഡാറ്റയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ബയോഹബ് വ്യക്തമാക്കി.
അതേസമയം, ഈ ശ്രമത്തിന് മുന്നിൽ വലിയ വെല്ലുവിളികളും നിലനിൽക്കുന്നു. മനുഷ്യ ശരീരത്തിന്‍റെ ജൈവഘടന അതീവ സങ്കീർണ്ണമായതിനാൽ കൃത്യമായ എഐ മോഡലുകൾ നിർമ്മിക്കാൻ ആവശ്യമായ നിലവാരമുള്ള ഡാറ്റ ഇപ്പോഴും പര്യാപ്‍തമല്ല. അതിനാൽ കോശങ്ങളിൽ നിന്ന് മുഴുവൻ ടിഷ്യുകളിലേക്കുള്ള വിവരങ്ങൾ ശേഖരിക്കാൻ പുതിയ സാങ്കേതിക വിദ്യകളും വൻതോതിലുള്ള ഡാറ്റ ശേഖരണവും അനിവാര്യമാണ് എന്നും ഗവേഷകർ പറയുന്നു.
എങ്കിലും എഐയുടെ സഹായത്തോടെ എല്ലാ രോഗങ്ങളെയും ചികിത്സിക്കാനും തടയാനും കഴിയുന്ന ഭാവിയെ ലക്ഷ്യമിട്ടുള്ള ഈ നീക്കം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന പ്രതീക്ഷ ശക്തമാണ്.



