Latest Videos

അബദ്ധത്തിൽ ഭൂമിയില്‍ നിന്ന് തെറ്റായ സന്ദേശം അയച്ചു; നാസയ്ക്ക് വോയേജർ - 2 ബഹിരാകാശ പേടകവുമായുള്ള ബന്ധം നഷ്ടമായി

By Web TeamFirst Published Aug 1, 2023, 4:37 PM IST
Highlights

ബഹിരാകാശ പേടകത്തിലെ ആന്റിന വെറും രണ്ട് ശതമാനം മാത്രമാണ് തിരിഞ്ഞതെങ്കിലും നാസയുടെ ഡീപ്പ് സ്‍പേസ് നെറ്റ്‍വര്‍ക്ക് സ്റ്റേഷനുമായുള്ള ആശയ വിനിമയം തകരാറിലാക്കാന്‍ മാത്രം പര്യാപ്തമായിരുന്നു അത്. 

വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് തങ്ങളുടെ വോയേജര്‍ - 2 ബഹിരാകാശ പേടകവുമായുള്ള ആശയവിനിമയ ബന്ധം താത്കാലികമായി നഷ്ടമായി. ഭൂമിയില്‍ നിന്ന് ഏകദേശം 19.9 ബില്ല്യന്‍ കിലോമീറ്ററുകള്‍ അകലെ സ്ഥിതി ചെയ്യുന്ന വേയേജര്‍ പേടകം നിലവില്‍ ബഹിരാകാശത്ത് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ മനുഷ്യ നിര്‍മിത വസ്‍തുവാണ്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിന്ന് ജൂലൈ 21ന് വോയേജര്‍ - 2ലേക്ക് അയച്ച ചില സന്ദേശങ്ങളിലെ പിഴവ് കാരണം പേടകത്തിലെ വലിയ ഡിഷ് ആന്റിന ഭൂമിയില്‍ നിന്ന് അകലേക്ക് തിരിയുകയായിരുന്നു.

ബഹിരാകാശ പേടകത്തിലെ ആന്റിന വെറും രണ്ട് ശതമാനം മാത്രമാണ് തിരിഞ്ഞതെങ്കിലും നാസയുടെ ഡീപ്പ് സ്‍പേസ് നെറ്റ്‍വര്‍ക്ക് സ്റ്റേഷനുമായുള്ള ആശയ വിനിമയം തകരാറിലാക്കാന്‍ മാത്രം പര്യാപ്തമായിരുന്നു അത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നാസ ആരംഭിച്ചതായി ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. നാസയുടെ ഡീപ്പ് സ്പേസ് നെറ്റ്‍വര്‍ക്കിന്റെ ഭാഗമായ ആന്റിനയില്‍ നിന്ന് ശരിയായ സന്ദേശങ്ങള്‍ വോയേജര്‍ -2ലേക്ക് അയക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അത് സാധ്യമായില്ലെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വരും.

വോയേജര്‍ - 2 പേടകം ഇപ്പോഴുള്ള അകലത്തില്‍ നിന്ന് ഒരു സന്ദേശം ഭൂമിയിലെത്താന്‍ ഏകദേശം 18 മണിക്കൂറുകള്‍ എടുക്കും. ഓരോ വര്‍ഷവും പലതവണ സ്വയം റീസെറ്റ് ചെയ്യുന്ന തരത്തിലാണ് വോയേജര്‍ -2നെ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇങ്ങനെ റീസെറ്റ് ചെയ്യുമ്പോള്‍ ആൻറിനയും ഭൂമിയുടെ ദിശയിലേക്ക് സ്വയം ക്രമീകരിക്കും. ഇനി അടുത്ത റീസെറ്റിങ് നടക്കേണ്ടത് ഒക്ടോബര്‍ 15ന് ആണ്. മറ്റ് ശ്രമങ്ങള്‍ വിജയിക്കുന്നില്ലെങ്കില്‍ പേടകവുമായുള്ള ആശയ വിനിമയ ബന്ധം പുനഃസ്ഥാപിക്കാന്‍ അന്നുവരെ കാത്തിരിക്കേണ്ടി വരും. അത്രയും നാള്‍  സുരക്ഷിതമായി വോയേജര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പ്രതീക്ഷ.

അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്ന് 1977ല്‍ വിക്ഷേപിച്ചതാണ് വോയേജര്‍ -2നെ. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. വോയേജര്‍ - 1 വിക്ഷേപിക്കുന്നതിന് 16 ദിവസം മുമ്പ് തന്നെ വോയേജര്‍ - 2 വിക്ഷേപിച്ചിരുന്നു. എന്നാല്‍ വ്യാഴത്തിന്റെയും ശനിയുടെയും സഞ്ചാര പഥത്തിലെത്താന്‍ കൂടുതല്‍ സമയമെടുത്തു.

2018 നവംബര്‍ ആദ്യത്തില്‍ വോയേജര്‍ - 2 സൗരയൂഥത്തിന്റെ അതിര്‍ത്തി കടന്നിരുന്നു. 2012ല്‍ തന്നെ വോയേജര്‍ - 1 ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.  വോയേജര്‍ ദൗത്യത്തിന്റെ ഭാഗമായ ഈ രണ്ട് റോബോട്ടിക് ബഹിരാകാശ പേടകങ്ങളും ഇപ്പോഴും ദൗത്യം തുടരുകയാണ്. വ്യാഴം, ശനി, യുറാനസ്, നെപ്‍റ്റ്യൂണ്‍,  എന്നീ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ മനുഷ്യനെ ഏറെ സഹായിച്ചിട്ടുള്ളത് വോയേജര്‍ -2 ആണ്. എന്നാല്‍ എന്നെങ്കിലും ഒരിക്കല്‍ അന്യഗ്രഹ ജീവികള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ ഭൂമിയില്‍ നിന്നുള്ള ശബ്ദങ്ങളുടെയും ചിത്രങ്ങളുടെയും ശേഖരം രണ്ട് വോയേജര്‍ പേടകങ്ങളിലുമുണ്ട്.

ഭൂമിയിലെ മഴ, കാറ്റ്, ഇടിമുഴക്കം, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങള്‍, നിരവധി ചിത്രങ്ങള്‍, 55 ഭാഷകളിലെ ആശംസകള്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെയും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെയും സന്ദേശങ്ങള്‍, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതവുമെല്ലാം വോയേജറുകളിലെ ശേഖരത്തിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സംഗീതവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 

Read also: നിർണായകഘട്ടം പിന്നിട്ട് ചന്ദ്രയാൻ 3; ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!