
തിരുവനന്തപുരം: ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എപിജെ അബ്ദുൾ കലാം ഓർമ്മയായിട്ട് പത്ത് വർഷം. കലാമില്ലാത്ത ദശാബ്ദത്തിൽ മാറ്റങ്ങളൊരുപാട് സംഭവിച്ചു. ലോകവും രാജ്യവും വലിയ പരിവർത്തനങ്ങൾക്ക് വിധേയമായി. ഭരണം മാറി, രാഷ്ട്രപതിമാരും മാറി മാറി വന്നു. പക്ഷേ കലാമിനോളം ജനം സ്നേഹിച്ചൊരു രാഷ്ട്രപതി പിന്നെയുണ്ടായിട്ടില്ല.
രാജ്യത്തിന്റെ എറ്റവും വലിയ സമ്പത്തും, കരുത്തും യുവജനങ്ങളാണെന്ന് വിശ്വസിച്ചിരുന്നൊരു മനുഷ്യൻ. സ്വപ്നം കാണണമെന്നും ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ചു കൊണ്ടേയിരിക്കണമെന്നും ആഹ്വാനം ചെയ്ത മനുഷ്യൻ. പൊതു സമൂഹത്തിന് ശാസ്ത്രാവബോധമുണ്ടാകേണ്ടത് രാജ്യ പുരോഗതിക്ക് അത്യാവശ്യമാണെന്ന് പറഞ്ഞു കൊണ്ടേയിരുന്നൊരു മനുഷ്യൻ. അയാളൊരു ശാസ്ത്രജ്ഞനായിരുന്നു, അധ്യാപകനായിരുന്നു. സർവ്വോപരി ഒരു മനുഷ്യ സ്നേഹിയായിരുന്നു. ഇതായിരുന്നു എ.പി.ജെ അബ്ദുൾ കലാം. വിട പറഞ്ഞിട്ട് പത്താണ്ട് കഴിയുന്പോഴും കലാമിനോളം സർവ്വസമ്മതനായൊരു ദേശീയ മുഖം ഇന്ത്യക്കില്ല. കാരണം രാഷ്ട്രപതി ഭവനെന്ന അധികാര കേന്ദ്രത്തിലെ അഞ്ച് കൊല്ലത്തിലൊതുങ്ങുന്നതല്ല കലാം പ്രഭാവവും, ചരിത്രവും.
ജനാധിപത്യ ഇന്ത്യയിൽ ഒരു സാധാരണക്കാരന് ഏത് ഉയരവും അപ്രാപ്യമല്ലെന്നതിന്റെ സാക്ഷ്യപത്രമായിരുന്നു കലാം. രാമേശ്വരത്തെ ബോട്ടുടമയായ ഇമാമിന്റെ മകൻ ശാസ്ത്രം പഠിച്ചതും, രാജ്യത്തിന്റെ ഗതി മാറ്റിയതും തലമുറകളെ പ്രചോദിപ്പിച്ച , പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ചരിത്രമാണ്. ഐഎസ്ആർഒയിലും ഡിആർഡിഒയിലും അയാൾ തുടങ്ങിവച്ച പലതും ഇന്ന് രാജ്യത്തിന്റെ അഭിമാനമാണ്.
ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനം എസ്എൽവി ത്രീ യാഥാർത്ഥ്യമാക്കിയത് അയാൾ കൂടി ഭാഗമായ സംഘമാണ്. ഇന്ത്യയെ ആണവ ശക്തിയാക്കി മാറ്റിയ പൊഖ്റാൻ പരീക്ഷണങ്ങളുടെ പിന്നണിയിൽ അയാളുമുണ്ടായിരുന്നു. തൊടുത്താൽ അണുവിട തെറ്റാതെ ലക്ഷ്യം കാണുന്ന മിസൈലുകൾ ഇന്ത്യക്ക് സമ്മാനിച്ചത് അയാളുടെ നിശ്ചയദാർഢ്യമാണ്. ഇന്ദിരാ ഗാന്ധിയെ മിസൈൽ പദ്ധതിക്കായി പണമൊഴുക്കാൻ പ്രേരിപ്പിച്ച കലാം വൈഭവമില്ലായിരുന്നെങ്കിൽ അഗ്നിയും, പ്രിഥ്വിയുമടക്കമുള്ള മിസൈൽ പരമ്പരകൾ ഇന്ന് ഇന്ത്യക്കുണ്ടാകുമായിരുന്നില്ല.
ഈ മിസൈലുകൾ വിനാശത്തിനുള്ള ആയുധങ്ങളല്ല, രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്ന പടച്ചട്ടകളാണെന്ന് മാസങ്ങൾക്ക് മുമ്പ് നടന്ന സംഘർഷം നമ്മെ ബോധ്യപ്പെടുത്തിയതാണ്. അത് കൊണ്ട് തന്നെയാണ് കലാം ഇന്ത്യയുടെ മിസൈൽ മാനെന്ന് വാഴ്ത്തപ്പെടുന്നത്. ഹൃദ് രോഗികൾക്കുള്ള വിലകുറഞ്ഞ സ്റ്റെന്റ് മുതൽ പോളിയോ ബാധിതർക്കുള്ള ഭാരം കുറഞ്ഞ കാലിപ്പറുകൾ വരെ അയാൾ പിന്നീട് യാഥാർത്ഥ്യമാക്കി. സ്വതന്ത്ര സോഫ്റ്റ്‍വെയറിനായി വാദിച്ചു, പിന്തുണച്ചു.
വികസ്വര ഇന്ത്യ വികസിത ഇന്ത്യയാകുന്നത് സ്വപ്നം കണ്ടു. 2020നുള്ളിൽ രാജ്യത്തിന് അത് സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ചു. രാജ്യമൊട്ടുക്ക് സഞ്ചരിച്ച് ആ സ്വപ്നം പങ്കുവച്ചു, അതിനായി പ്രയത്നിക്കാൻ ആഹ്വാനം ചെയ്തു. ഐഐഎം ഷില്ലോങ്ങിൽ യുവജനങ്ങളോട് പുതിയ സ്വപ്നങ്ങൾ പങ്കുവയ്ക്കവെ തന്നെയാണ് കാലം കലാമിനെ കവർന്നെടുത്തത്. ലോകമാകെ വെറുപ്പും, വംശവെറിയും, മതാന്ധതയും അന്ധവിശ്വാസങ്ങളും പടർന്നു പിടിക്കുന്ന കാലത്ത് ഒരു കലാം സ്പർശം ഇന്ത്യയും ലോകവും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.
അത് കൊണ്ട് തന്നെ രാമേശ്വരത്തെ ഒരു മുസ്ലീം ബാലൻ ഇന്ത്യയുടെ മിസൈൽമാനും, രാഷ്ട്രപതിയുമൊക്കെയായ കഥ ഇന്ത്യയെന്ന രാജ്യം നിലനിൽക്കുവോളം കാലം ജനം ഓർക്കും വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കും. ഇവിടെ ഒരു അബ്ദുൾ കലാമുണ്ടായിരുന്നുവെന്ന്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം