കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയും മലബാർ കോ-ഓപ്പ് ടെക്കും ചേർന്ന് ഉയർന്ന ശേഷിയുള്ള സൂപ്പർ കപ്പാസിറ്റർ നിർമ്മാണത്തിന് തുടക്കം കുറിച്ചു. ഉയർന്ന ശേഷിയുള്ള പോളിമർ–ആർജിഒ അധിഷ്ഠിത സൂപ്പർ കപാസിറ്ററുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലും വിദേശത്തുമുള്ള വൈദ്യുത വാഹനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, സ്മാർട്ട് ഗ്രിഡ് സ്റ്റോറേജ്, റെയിൽവേ തുടങ്ങിയ മേഖലയിൽ ഉപയോഗിക്കാൻ പര്യാപ്തമാണെന്നും അവകാശപ്പെടുന്നു.
കാലിക്കറ്റ് സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിലെ അഡ്വാൻസ്‌ഡ് മെറ്റീരിയൽ റിസർച്ച് ലാബിൽ അഞ്ച് വർഷം നീണ്ട് നിന്ന ഗവേഷണത്തിൽ നിന്നാണ് കണ്ടെത്തൽ സാധ്യമായത്. ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത മെറ്റീരിയലിന്, 490 F/g വരെ ക്യാപാസിറ്റൻസ്, 99% സൈക്ലിക് സ്റ്റേബിലിറ്റി എന്നിവ തെളിയിക്കപ്പെട്ടിട്ടുണ്ട്.
തുടർന്ന്, മലബാർ കോ-ഓപ്പ് ടെക്കുമായി സഹകരിച്ചു കൊണ്ട് പുതിയ ഉയർന്ന ശേഷി കൈവരിക്കുന്നതിനും, മെറ്റീരിയലിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്, എഞ്ചിനീയറിംഗ് എന്നിവയും വിദേശ രാജ്യങ്ങളിലെ ചില കമ്പനികളുടെയും ശാസ്ത്രജ്ഞരുടെയും നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്വീകരിച്ചുകൊണ്ട് അന്തരാഷ്ട്ര നിലവാരമുള്ള സൂപ്പർ കപ്പാസിറ്റർ ആയി വിപണിയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ആദ്യ കോ-ഓപ്പറേറ്റീവ് സെക്ടറിൽ നിന്നുള്ള ഹൈടെക് ഊർജ സംഭരണ പദ്ധതിയായി നിർമ്മാണ സംരംഭമായി ഇതിനെ പരിഗണിക്കാമെന്നും പിന്നണിയിലുള്ളവർ പറയുന്നു.