ഭൂമിക്ക് ഭീഷണിയായിരുന്ന ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത കൂടി, അവശിഷ്ടങ്ങള്‍ ഭൂമിയിലെത്താം

Published : Jun 24, 2025, 09:49 AM ISTUpdated : Jun 24, 2025, 09:58 AM IST
Asteroid 16 Psyche - Representation

Synopsis

കൂട്ടിയിടി ചന്ദ്രനില്‍ ഒരു കിലോമീറ്റർ വ്യാസമുള്ള ഗർത്തം സൃഷ്ടിക്കുമെന്നും ദശലക്ഷക്കണക്കിന് കിലോഗ്രാം അവശിഷ്‍ടങ്ങൾ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ നിന്ന് പുറത്തേക്ക് തെറിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു

കാലിഫോര്‍ണിയ: 2032-ൽ ‘2024 വൈആര്‍4’ (Asteroid 2024 YR4) എന്ന വലിയ ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത വർധിച്ചതായി ശാസ്ത്രജ്ഞർ. ഈ ഛിന്നഗ്രഹം ചന്ദ്രനുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 2025 ഫെബ്രുവരി വരെ 3.8 ശതമാനമാണെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കിയിരുന്നത്. എന്നാൽ 2025 മെയ് മാസത്തിൽ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ (JWST) നിന്ന് ലഭിച്ച ഏറ്റവും പുതിയ ഡാറ്റ ഉപയോഗിച്ചുള്ള വിശകലനത്തില്‍ ഈ സാധ്യത ഇപ്പോൾ 4.3 ശതമാനമായി ഉയര്‍ന്നു. 53 മുതൽ 67 മീറ്റർ വരെ വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചാൽ ഒരുനഗരം മുഴുവൻ തുടച്ചുനീക്കുന്ന വിധത്തിൽ വിനാശകരമായിരിക്കും. എന്നാൽ നിലവിൽ ഭൂമി സുരക്ഷിതമാണെന്നാണ് റിപ്പോർട്ടുകൾ.

കനേഡിയൻ സർവകലാശാലകളിലെ ഗവേഷകർ ഈ മാസം പുറത്തിറക്കിയ ഒരു പഠനം 2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനിൽ കൂട്ടിയിടിക്കാനുള്ള സാധ്യതയും അവശിഷ്‍ടങ്ങൾ ഭൂമിയിലേക്ക് നീങ്ങാനുള്ള സാധ്യതയും വിശദീകരിക്കുന്നു. ഈ കൂട്ടിയിടി ചന്ദ്രന്‍റെ ഉപരിതലത്തിൽ ഏകദേശം ഒരു കിലോമീറ്റർ വ്യാസമുള്ള ഒരു ഗർത്തം സൃഷ്ടിക്കുമെന്നും ദശലക്ഷക്കണക്കിന് കിലോഗ്രാം അവശിഷ്‍ടങ്ങൾ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ നിന്ന് പുറത്തേക്ക് തെറിക്കുമെന്നും ഇവ ദിവസങ്ങൾക്ക് ശേഷം ഭൂമിയിൽ എത്തിച്ചേരുമെന്നും ഗവേഷകർ പറയുന്നു. 2024 YR4 ചന്ദ്രനിൽ പതിച്ചാൽ ഏകദേശം 5,000 വർഷത്തിനിടയിലെ ഏറ്റവും വലിയ ആഘാതമായിരിക്കും എന്നും ഭൂമിയിൽ ഉണ്ടാകുന്ന ഉൽക്കാവർഷം കണ്ണഞ്ചിപ്പിക്കുന്നതായിരിക്കും എന്നും ഗവേഷകർ പറയുന്നു.

മില്ലിമീറ്റർ മുതൽ സെന്‍റീമീറ്റർ വരെ വലിപ്പമുള്ള ഛിന്നഗ്രഹ ശിലകളില്‍ പലതും ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിത്തീരും. അതുകൊണ്ട് ഭൂമിയിലെ ജീവജാലങ്ങൾക്ക് വലിയ ഭീഷണി ഉണ്ടാകില്ല. എന്നാൽ ഇവയിലെ ചില വസ്‍തുക്കൾ ഉപഗ്രഹങ്ങൾക്കും ബഹിരാകാശ പേടകങ്ങൾക്കും ബഹിരാകാശയാത്രികർക്കും അപകടമുണ്ടാക്കിയേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു.

ചന്ദ്രന്‍റെ ഉപരിതലത്തിൽ ഈ കൂട്ടിയിടി ഉണ്ടാകുന്ന ആഘാതം ഒരു വലിയ ആണവ സ്ഫോടനത്തിന് തുല്യമായിരിക്കും എന്ന് പഠനത്തിന്റെ മുഖ്യ ഗവേഷകനായ വെസ്റ്റേൺ ഒന്‍റാറിയോ സർവകലാശാലയിലെ ഡോ പോൾ വീഗർട്ട് പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സെക്കൻഡിൽ പതിനായിരക്കണക്കിന് മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു സെന്‍റീമീറ്റർ വലിപ്പമുള്ള പാറ ഒരു വെടിയുണ്ട പോലെയാണെന്നും അദേഹം കൂട്ടിച്ചേർത്തു. ഭൂമിയിലെ ചില പ്രദേശങ്ങളിലെ ഭീഷണികൾ കണക്കിലെടുത്ത് ഗ്രഹ പ്രതിരോധ പരിഗണനകൾ വ്യാപിപ്പിക്കണമെന്നും പഠനം പറയുന്നു.

ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെയും വാൽനക്ഷത്രങ്ങളെയും നാസയും മറ്റ് ദേശീയ ബഹിരാകാശ ഏജൻസികളും വളരെക്കാലമായി നിരീക്ഷിക്കുന്നുണ്ട്. കൂടാതെ സാധ്യമായ കൂട്ടിയിടിയെ നേരിടാനുള്ള വഴികളിലും അവർ പ്രവർത്തിക്കുന്നു. 2022-ൽ, നാസ തങ്ങളുടെ ഡബിൾ ആസ്‍ട്രോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) ബഹിരാകാശ പേടകം ഉപയോഗിച്ച് ഡൈമോർഫോസ് എന്ന് പേരുള്ള ഒരു ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിച്ചിരുന്നു. ഇങ്ങനെ ഛിന്നഗ്രഹത്തിന്‍റെ ഭ്രമണപഥം വിജയകരമായി മാറ്റി. ഭാവിയിൽ ഭൂമിക്കു നേരെ എത്താൻ സാധ്യതയുള്ള ആകാശഗോളങ്ങളെ നേരിടാനുള്ള ഒരു പരീക്ഷണമായിരുന്നു ഈ ദൗത്യം.

അതേസമയം, നിലവിൽ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന 2024 YR4 ഛിന്നഗ്രഹം ഇപ്പോൾ ശരിയായി നിരീക്ഷിക്കാൻ കഴിയാത്തത്ര അകലെയാണ്. ഗവേഷകർക്ക് അതിന്‍റെ വലുപ്പവും പാതയും വീണ്ടും വിലയിരുത്താൻ 2028 വരെ കാത്തിരിക്കേണ്ടിവരും.

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും