
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. ഐഎസ്എസിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന് പുറപ്പെടും മുമ്പ് തന്‍റെ പത്നി കമ്ന മിശ്രയ്ക്ക് ഹൃദ്യമായ നന്ദി ശുഭാംശു അറിയിച്ചു. ഏറെ വൈകാരികമായിരുന്നു ചരിത്ര ബഹിരാകാശ യാത്രയ്ക്ക് മുമ്പ് ശുഭാംശു ശുക്ലയുടെ ഓരോ വാക്കുകളും.
'ജൂണ്‍ 25ന് രാവിലെ ഭൂമിയോട് ബൈ പറയാന്‍ കാത്തിരിക്കേ, ഈ ദൗത്യത്തിന്‍റെ ഭാഗമായ നിങ്ങള്‍ എല്ലാവര്‍ക്കും, നിങ്ങളുടെ പിന്തുണകള്‍ക്കും, നാട്ടിലുള്ള എല്ലാവരുടെയും അനുഗ്രഹങ്ങൾക്കും സ്നേഹത്തിനും നന്ദിയറിയിക്കുകയാണ്. ഈ യാത്രയുടെ കരുത്തായ കുടുംബത്തിനും സുഹൃത്തുക്കള്‍ക്ക് വലിയ നന്ദി അറിയിക്കുന്നു. ചിലപ്പോൾ നിങ്ങളുടെ അടുത്ത ആളുകൾ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തത്ര ആഴത്തിലുള്ള ത്യാഗങ്ങള്‍ ചെയ്യുന്നു. അവരുടെ സ്നേഹത്താലാണത്. എന്‍റെ അവിസ്‌മരണീയ പങ്കാളിയായ കമ്നയ്ക്ക് പ്രത്യേക നന്ദിയറിയിക്കുന്നു. അങ്ങയുടെ പിന്തുണയില്ലാതെ ഈ നേട്ടങ്ങളിലൊന്നും എത്താന്‍ എനിക്കാകുമായിരുന്നില്ല. ആരും ബഹിരാകാശത്തേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നില്ല, നമ്മള്‍ മറ്റേറെ പേരുടെ ചുമലിലേറിയാണ് യാത്ര ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി അറിയിക്കുകയാണ്'- എന്നും ആക്സിയം 4 ദൗത്യ വിക്ഷേപണത്തിന് മുമ്പ് ശുഭാംശു ശുക്ല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം 4 ദൗത്യം ഇന്ന് ഉച്ചയ്ക്ക് 12.01നാണ് വിക്ഷേപിച്ചത്. സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്‌സുമായി സഹകരിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ദൗത്യം നടത്തുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് സഞ്ചാരികളുമായി ഡ്രാഗണ്‍ പേടകം വിക്ഷേപിക്കുകയായിരുന്നു. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്. പെഗ്ഗിയാണ് ദൗത്യ കമാന്‍ഡര്‍. ദൗത്യം നയിക്കുന്ന മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയാണ്.