ചന്ദ്രയാന്‍ 2 തിങ്കളാഴ്ച വിക്ഷേപിക്കും

By Web TeamFirst Published Jul 18, 2019, 11:41 AM IST
Highlights

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപണം നടത്താനാണ് തീരുമാനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിന്‍ നിന്നാണ് വിക്ഷേപണം. 

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്‍റെ പുതിയ വിക്ഷേപണ തീയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപണം നടത്താനാണ് തീരുമാനം. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്റെ സാങ്കേതിക പ്രശ്നം വേ​ഗത്തിൽ പരിഹരിക്കാനായതിനാൽ , പദ്ധതി മുൻനിശ്ചയിച്ച സമയപരിധിയിൽ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.

 

Chandrayaan-2 launch, which was called off due to a technical snag on July 15, 2019, is now rescheduled at 2:43 pm IST on Monday, July 22, 2019.

— ISRO (@isro)

ജിഎസ്എൽവി മാർക്ക് ത്രീയുടെ  ക്രയോജനിക് ഘട്ടത്തിലുണ്ടായ ചോ‌ർച്ചയാണ് തിങ്കളാഴ്ച രാവിലെ 2.51 നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം.  2 മണിക്കൂറും 24 സെക്കന്റും ബാക്കി നിൽക്കെയാണ് കൗണ്ട് ഡൗൺ നിർത്തിയത്.  കൗണ്ട് ഡൗൺ നിർത്തിയതിന് പിനന്നാലെ തന്നെ  പരിശോധന തുടങ്ങി പ്രശ്നം കണ്ടെത്താൻ കഴിഞ്ഞു. ഇത് പെട്ടെന്ന് പരിഹരിക്കാൻ കഴിഞ്ഞതാണ് വിക്ഷേപണം കൂടുതൽ താമസിക്കാതെ  നടത്താൻ സഹായകമായത്.

ചോർച്ച ഗുരതരമായിരുന്നെങ്കിൽ റോക്കറ്റ് ലോഞ്ച് പാഡിൽ നിന്ന് നീക്കി പരിശോധിക്കേണ്ടി വന്നേനെ. റോക്കറ്റിന്റെ വിവിധ ഘട്ടങ്ങൾ അഴിച്ചു നടത്തുന്ന പരിശോധന വിക്ഷേപണം വീണ്ടും വൈകാനും കാരണമായേനെ. ഈ മാസം തന്നെ വിക്ഷേപണം നടത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഐഎസ്ആർഒ. ഈ മാസം വിക്ഷേപണം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ചന്ദ്രയാൻ രണ്ട് പദ്ധതി  വീണ്ടും വൈകുമെന്നതായിരുന്നു വെല്ലുവിളി.

വിക്ഷേപണം ഒരാഴ്ച നീണ്ടുപോകുന്നുവെങ്കിലും നിശ്ചയിച്ച സമയ പരിധി പാലിക്കാൻ കഴിയുമെന്ന് തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസം 15ന് വിക്ഷേപിച്ച് സെപ്റ്റംബർ ആറിന് ചന്ദ്രനിൽ സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന തരത്തിലായിരുന്നു മുൻനിശ്ചയിച്ച സമയപരിധി. 54 ദിവസമായിരുന്നു ഇതിന് വേണ്ടിയിരുന്ന സമയം. ഇതിൽ 17 ദിവസം പേടകം ഭൂമിയെ ചുറ്റുന്ന അവസ്ഥയിലും 28 ദിവസം ചന്ദ്രനെ ചുറ്റുന്ന അവസ്ഥയിലുമായിരുന്നു. ബാക്കി ദിവസം ചന്ദ്രനിലേക്കുള്ള യാത്രക്ക് വേണ്ടിയുള്ള സമയമായിരുന്നു. ഇതിൽ ചന്ദ്രനെ ചുറ്റുന്ന ദിവസങ്ങൾ കുറച്ച് സമയക്രമം പാലിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. 

click me!