രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൗരവികിരണ കൊടുങ്കാറ്റാണ് ജനുവരി 19ന് സംഭവിച്ചത്. ഇത്രയും ഉയർന്ന തീവ്രതയുള്ള സൗര കൊടുങ്കാറ്റ് അവസാനമായി രേഖപ്പെടുത്തിയത് 2003 ഒക്ടോബറില്‍.
ഭൂമിയില്‍ ഇക്കഴിഞ്ഞ ജനുവരി 19ന് രേഖപ്പെടുത്തിയത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാറ്റ്. വളരെ അപൂര്‍വമായി മാത്രം രേഖപ്പെടുത്താറുള്ള എസ്4 വിഭാഗത്തില്‍പ്പെട്ട അതിതീവ്ര സൗര കൊടുങ്കാറ്റാണിത്. 2003ന് ശേഷം ഇത്രയും തീവ്രതയുള്ള സൗര കൊടുങ്കാറ്റ് തിരിച്ചറിയുന്നത് ഇതാദ്യമെന്ന് അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‍മിനിസ്‍ട്രേഷന്‍റെ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. 2003 ഒക്‌ടോബറില്‍ രേഖപ്പെടുത്തിയ ഹാലോവീന്‍ സൗരക്കാറ്റിനെയാണ് ഇക്കഴിഞ്ഞ സൗരവികിരണം മറികടന്നത്.
സൗര കൊടുങ്കാറ്റുകൾ ഭൂമിയില്‍ എന്ത് പ്രതിഫലനം സൃഷ്‌ടിക്കും?
സൗര കൊടുങ്കാറ്റുകൾ സംഭവിക്കുമ്പോള്‍ സൂര്യനിൽ നിന്നുള്ള ഉയർന്ന ഊർജ്ജ കണികകൾ ഭൂമിയിലേക്ക് വേഗത്തിൽ എത്തും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്ന ശക്തമായ സൗര കൊടുങ്കാറ്റുകള്‍ ഉപഗ്രഹങ്ങൾ, മറ്റ് ബഹിരാകാശ സാങ്കേതികവിദ്യകള്‍, വളരെ ഉയരെ പറക്കുന്ന വിമാനങ്ങൾ എന്നിവയെ സാരമായി ബാധിക്കാറുണ്ട്. അതിനാല്‍ സൗരക്കാറ്റുകളെ അതീവ ജാഗ്രതയോടെയാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‍മിനിസ്‍ട്രേഷന്‍ നിരീക്ഷിക്കാറ്. ആകാശത്തിലെ വർണ്ണക്കാഴ്ചകളായ അതിശയകരമായ അറോകളും ഇത്തരം സൗര കൊടുങ്കാറ്റുകളുടെ സൃഷ്‌ടിയാണ്. തീവ്രതയുടെ അടിസ്ഥാനത്തില്‍ സൗരക്കാറ്റുകളെ എസ്1 (ഏറ്റവും തീവ്രത കുറഞ്ഞത്), എസ്5 (ഏറ്റവും തീവ്രതയേറിയത്) തരംതിരിച്ചിരിക്കുന്നു. ഇതില്‍ എസ്4 വിഭാഗത്തില്‍പ്പെടുന്നതാണ് ജനുവരി 19ന് സംഭവിച്ച സൗരക്കൊടുങ്കാറ്റ്. ഇത്തരം സൗര കൊടുങ്കാറ്റുകള്‍ ഭൂമിയിലെ മനുഷ്യര്‍ക്ക് നേരിട്ട് യാതൊരു ഭീഷണിയും സൃഷ്‌ടിക്കാറില്ല. ഭൂമിയുടെ ശക്തമായ അന്തരീക്ഷവും കാന്തികമണ്ഡലവും സൗര റേഡിയേഷനെ തടയും.
സൗര കൊടുങ്കാറ്റുകൾ അറോറകൾ സൃഷ്‍ടിക്കുന്നത് എന്തുകൊണ്ട്?
ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി, സൂര്യനില്‍ നിന്നുള്ള ചാർജ്ജിത സൗരകണികകൾ കൂട്ടിയിടിക്കുമ്പോഴാണ് അറോറകൾ അഥവാ ധ്രുവദീപ്‌തി ഉണ്ടാകുന്നത്. ഈ കൂട്ടിയിടികൾ പച്ച, പിങ്ക്, പർപ്പിൾ നിറങ്ങളിലുള്ള വർണ്ണാഭമായ വെളിച്ചങ്ങളായി ഊർജ്ജം പുറത്തുവിടുന്നു. ഇത്തരം അറോറകള്‍ ഉത്തരാര്‍ദ്ധ ഗോളത്തിലാണ് കൂടുകലായി ദൃശ്യമാകാറ്. സാധാരണയായി അറോറകളെ കാണാത്ത പ്രദേശങ്ങളിലേക്ക് കൂടി അവയെ വ്യാപിക്കാൻ ശക്തമായ കൊടുങ്കാറ്റുകൾ കാരണമാകുന്നു. എസ്4 വിഭാഗത്തില്‍പ്പെട്ട സൗര കൊടുങ്കാറ്റിന്‍റെ ഫലമായി വിവിധ രാജ്യങ്ങളില്‍ വര്‍ണ്ണാഭമായ ധ്രുവദീപ്‌തിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യമായത്.



