ചന്ദ്രയാന്‍2 ജൂലൈയില്‍ വിക്ഷേപിക്കും

By Web TeamFirst Published May 3, 2019, 12:51 AM IST
Highlights

ജൂലൈ ഒമ്പതിനും 16നും ഇടയില്‍ വിക്ഷേപിക്കും. സെപ്റ്റംബര്‍ ആറിന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ.

ദില്ലി: ചന്ദ്രയാന്‍2 ജൂലൈ ഒമ്പതിനും16നും ഇടയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. നേരത്തെ 2019 ജനുവരിയില്‍ വിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് ജിഎസ്എല്‍വി എംകെ-3 റോക്കറ്റിലായിരിക്കും ചന്ദ്രയാന്‍ 2 കുതിയ്ക്കുക.മിഷന് ആവശ്യമായ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ജൂലൈയില്‍ തയാറാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സെപ്റ്റംബര്‍ ആറിന് ചന്ദ്രയാന്‍2 ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മൂന്ന് തവണയാണ് ചന്ദ്രയാന്‍2 വിക്ഷേപണം മാറ്റിവെച്ചത്. ചന്ദ്രയാന്‍റെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി ചന്ദ്രോപരിതല പഠനത്തിനാണു 800 കോടി രൂപ ചെലവില്‍ നിരീക്ഷണ പേടകം അയയ്ക്കുന്നത്. ചന്ദ്രനിലെ മണ്ണിന്‍റെ പ്രത്യേകതകള്‍ പഠിക്കുന്നതിനാണു രണ്ടാം ദൗത്യം ഊന്നല്‍ നല്‍കിയിരിക്കുന്നത്. 2008 ലാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍1 വിക്ഷേപിച്ചത്.

നേരത്തെ ചന്ദ്രന്‍റെ ഉപരിതലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത്. ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്‍റ് റോവറും അടങ്ങുന്നതാണ് ചാന്ദ്രയാന്‍ 2.ചന്ദ്രന് മുകളില്‍ സഞ്ചാര പഥത്തില്‍ പേടകം എത്തിയതിന് ശേഷം റോവര്‍ ഉള്‍ക്കൊള്ളുന്ന ലാന്‍റര്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെടുകയും ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങുകയും ചെയ്യും.

click me!