അഭിമാന നിമിഷത്തിനായി കാത്തിരിപ്പ്; ചന്ദ്രയാൻ 2 ജൂലൈയിൽ വിക്ഷേപിക്കും

Published : May 01, 2019, 09:02 PM IST
അഭിമാന നിമിഷത്തിനായി  കാത്തിരിപ്പ്; ചന്ദ്രയാൻ 2 ജൂലൈയിൽ വിക്ഷേപിക്കും

Synopsis

ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ദൗത്യമായാണ് ചന്ദ്രയാൻ 2 നെ കാണുന്നത്  

ദില്ലി: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാൻ 2 ജൂലൈയിൽ വിക്ഷേപിക്കും. സെപ്തംബർ ആറിന് ചന്ദ്രനിൽ ഇറങ്ങാൻ സാധിക്കുന്ന വിധത്തിൽ ജൂലായ് 9നും 16നും ഇടയിൽ വിക്ഷേപണം നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

മാർക് ത്രീ റോക്കറ്റാണ് ഈ പര്യവേഷണത്തിനായി ഉപയോഗിക്കുന്നത്. ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും കൂടുതൽ വികസിപ്പിച്ച റോക്കറ്റാണിത്. ചന്ദ്രയാൻ 2 ദൗത്യത്തിന് ആകെ 800 കോടി രൂപയാണ് ചിലവ്. ഇതിൽ 200 കോടി രൂപയും വിക്ഷേപണത്തിനുള്ളതാണ്. 600 കോടി രൂപ ഉപഗ്രഹത്തിനുള്ള ചിലവാണ്.

ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ രാജ്യം ലക്ഷ്യമിടുന്നത്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ, പര്യവേഷണം നടത്തുന്ന റോവർ കൂടി ഉൾപ്പെടുന്നതാണു ചന്ദ്രയാൻ 2. ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ദൗത്യമായാണ് ചന്ദ്രയാൻ 2 നെ കാണുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ‘വിക്രം’ ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ