ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം; സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 റോവറിലെ രണ്ടാമത്തെ ഉപകരണം

By Web TeamFirst Published Aug 31, 2023, 4:40 PM IST
Highlights

റോവറിലെ ആൽഫ പാർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോമീറ്ററാണ് സൾഫർ സാന്നിധ്യം വീണ്ടും ഉറപ്പിച്ചത്. റോവറിലെ തന്നെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പ് കഴിഞ്ഞ ദിവസം മൂലക സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

ബംഗ്ലൂരു: ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ മൂന്ന് റോവറിലെ രണ്ടാമത്തെ ഉപകരണവും. റോവറിലെ ആൽഫ പാർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോമീറ്ററാണ് സൾഫർ സാന്നിധ്യം വീണ്ടും ഉറപ്പിച്ചത്. റോവറിലെ തന്നെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പ് കഴിഞ്ഞ ദിവസം മൂലക സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ചന്ദ്രനിലെ സൾഫറിന്റെ ഉത്ഭവം എങ്ങനെയെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. റോവർ എപിഎക്സ്എസ് ഉപകരണം പ്രവർത്തിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇസ്രൊ പുറത്തുവിട്ടു. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് എപിഎക്സ്എസ് വികസിപ്പിച്ചത്.

സൾഫറിന് പുറമെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രോപരിതലത്തിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇസ്രൊ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷൻ ക്യാമറ പക‍ർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റ‍ർ വ്യാസമുള്ള ഗർത്തം വന്നു. ഈ ഗ‍ർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് ഇസ്രൊ പുറത്തുവിട്ടത്. 

Also Read: 'ചന്ദ്രയാൻ ലാൻഡർ ഡിസൈൻ ചെയ്തത് ഞാൻ', ശാസ്ത്രജ്ഞനെന്ന് അവകാശപ്പെട്ട് ട്യൂഷൻ ടീച്ചർ; തട്ടിപ്പ്, അറസ്റ്റ്

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്‍റെ താപനില അളക്കപ്പെടുന്നത്.

Also Read: ഉപരിതലത്തിൽ 50℃ ചൂട്, വെറും 8 സെന്റീമീറ്റർ താഴെ -10℃ തണുപ്പ്; ചന്ദ്രയാന്‍ 3 ആദ്യ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായി

ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം സ്‌ഥിരീകരിച്ച് റോവറിലെ രണ്ടാമത്തെ ഉപകരണം

click me!