കുരങ്ങന്‍റെ തലച്ചോറില്‍ മനുഷ്യ ജീന്‍; പരീക്ഷണവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

By Web TeamFirst Published Apr 15, 2019, 12:59 PM IST
Highlights

മനുഷ്യ തലച്ചോറിലെ വികാസത്തിന് പ്രധാനമായ MCPH1 എന്നറിയപ്പെടുന്ന ജീന്‍ വഹിക്കുന്ന 11 കുരങ്ങുകളെ സൃഷ്ടിച്ചെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.

ബീജിങ്: മനുഷ്യ തലച്ചോറിന്‍റെ വികാസത്തിന് കാരണമാകുന്ന പ്രധാന ജീന്‍ വഹിക്കുന്ന കുരങ്ങനെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ കുന്‍മിങ് ഇന്‍സ‍റ്റിറ്റ്യൂട്ട് ഓഫ് സുവോളജിയിലെ ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് പിന്നില്‍. ബീജിങ്സ് നാഷനല്‍ സയന്‍സ് റിവ്യൂ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

മനുഷ്യ തലച്ചോറിലെ വികാസത്തിന് പ്രധാനമായ MCPH1 എന്നറിയപ്പെടുന്ന ജീന്‍ വഹിക്കുന്ന 11 കുരങ്ങുകളെ സൃഷ്ടിച്ചെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന റീസസ് എന്ന ചെറു കുരങ്ങുകളെയാണ് ജനിതക മാറ്റം വരുത്തിയത്. ഇതില്‍ ആറെണ്ണം ചത്തെന്നും ബാക്കി അഞ്ചെണ്ണം ജീവിച്ചിരിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജനിതക മാറ്റം വരുത്തിയ കുരങ്ങുകള്‍ക്ക് സ്വാഭാവിക കുരങ്ങുകളേക്കാള്‍ പെട്ടെന്ന് പ്രതികരിക്കുന്നവയും  ഹ്രസ്വ കാല ഓര്‍മയില്‍ മുന്നില്‍നില്‍ക്കുന്നവയുമാണെന്ന് ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു. 

അതേസമയം, പരീക്ഷണത്തിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ശാസ്ത്ര നൈതികതക്ക് അനുയോജ്യമല്ലാത്ത പരീക്ഷണമാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തിയതെന്നാണ് വിമര്‍ശനം.  എന്നാല്‍, പരീക്ഷണവുമായി മുന്നോട്ടു പോകുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ജനിതക മാറ്റം വരുത്തിയ മനുഷ്യക്കുട്ടികളെ സൃഷ്ടിക്കാനുള്ള ചൈനീസ് ശാസ്ത്രജ്ഞരുടെ പരീക്ഷണവും വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 
 

click me!