ബ്ലാക്ക് ഹോള്‍ ചിത്രം; പിന്നില്‍ പ്രവര്‍ത്തിച്ച യുവതിക്കെതിരെ സൈബര്‍ ആക്രമണം

By Web TeamFirst Published Apr 14, 2019, 5:42 PM IST
Highlights

ഇവര്‍ ജോലി ചെയ്യുന്ന എംഐടി- സിഎസ്എഐഎല്‍ ഒരു ട്വീറ്റ് ഇട്ടതോടെയാണ് ഇവര്‍ വാര്‍ത്തയില്‍ നിറയുന്നത്. കാത്തി ബോമാനാണ് തമോഗര്‍ത്തത്തിന്‍റെ ചിത്രം രൂപപ്പെടുത്താന്‍ സഹായിച്ച കമ്പ്യൂട്ടര്‍ അല്‍ഗോരിതം ഡിസൈന്‍ ചെയ്തത് എന്നായിരുന്നു ട്വീറ്റ്

ന്യൂയോര്‍ക്ക്: മനുഷ്യന്‍റെ പ്രപഞ്ചാന്വേഷണത്തിലെ നാഴികകല്ലാണ് കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട തമോഗര്‍ത്തത്തിന്‍റെ ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു തമോഗർത്തത്തിന്‍റെ ചിത്രം എടുക്കുന്നത്. ലോകത്തിന്‍റെ വിവിധ കോണുകളിലായി സ്ഥാപിച്ച എട്ട് ദൂരദർശിനികളുടെ സഹായത്തോടെയാണ് തമോഗർത്തിന്‍റെ ചിത്രം എടുത്തത്. 

അതിന് പിന്നാലെയാണ് കാത്തി ബോമാന്‍ എന്ന കമ്പ്യൂട്ടര്‍ ശാസ്ത്രകാരിയുടെ പേര് ഉയര്‍ന്നുവരുന്നത്. ഇവര്‍ ജോലി ചെയ്യുന്ന എംഐടി- സിഎസ്എഐഎല്‍ ഒരു ട്വീറ്റ് ഇട്ടതോടെയാണ് ഇവര്‍ വാര്‍ത്തയില്‍ നിറയുന്നത്. കാത്തി ബോമാനാണ് തമോഗര്‍ത്തത്തിന്‍റെ ചിത്രം രൂപപ്പെടുത്താന്‍ സഹായിച്ച കമ്പ്യൂട്ടര്‍ അല്‍ഗോരിതം ഡിസൈന്‍ ചെയ്തത് എന്നായിരുന്നു ട്വീറ്റ്. ഇതോടെ ഇത് സൈബര്‍ ലോകം ഏറ്റെടുത്തു. വൈകാതെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇവര്‍ നിറഞ്ഞു.

മാധ്യമപ്രവര്‍ത്തക ഫ്ലോറ ഗ്രാഹാം ചെയ്ത ട്വീറ്റില്‍ ഇവര്‍ 1969ലെ അപ്പോളോ ദൗത്യത്തിന്‍റെ കോഡ് രൂപപ്പെടുത്തിയ മാര്‍ഗറ്റ് ഹാമില്‍ട്ടണോട് ഉപമിച്ചായിരുന്നു ഇവരുടെ ട്വീറ്റ്. ഇതോടെ ബ്ലാക്ഹോള്‍ ചിത്രത്തിന് പിന്നിലെ ദൗത്യത്തിന്‍റെ മുഖമായി കാത്തി മാറി. ആദ്യമായി തമോഗര്‍ത്തത്തിന്‍റെ ചിത്രം തന്‍റെ കമ്പ്യൂട്ടറില്‍ തെളിഞ്ഞപ്പോള്‍ ഉള്ള കാത്തിയുടെ ചിത്രം ലോകത്തിന്‍റെ ഹൃദയം കവര്‍ന്നു.

പക്ഷെ കാര്യങ്ങള്‍ അവിടെ അവസാനിച്ചില്ല. കാത്തിയെ ഈ ചരിത്ര സംഭവത്തിന്‍റെ മുഖമായി അവതരിപ്പിച്ച ട്വീറ്റില്‍ തന്നെ വിശദീകരണവുമായി എംഐടി- സിഎസ്എഐഎല്‍ രംഗത്ത് വന്നിരുന്നു.  തമോഗര്‍ത്തത്തിന്‍റെ ചിത്രം രൂപപ്പെടുത്താന്‍ സഹായിച്ച മൂന്ന് ടീമുകളില്‍ ഒന്നിന്‍റെ നേതൃത്വമാണ് കാത്തിക്കെന്നും ഇത് ഒരാളുടെ നേട്ടമല്ലെന്നും അവര്‍ തുടര്‍ ട്വീറ്റുകളില്‍ വിശദീകരിച്ചു. എന്നാല്‍ ഇത് പ്രത്യേകിച്ച് ശ്രദ്ധ നേടിയില്ല. കാത്തിയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങുന്നു എന്ന് വ്യക്തമായപ്പോള്‍ ഈ ദൗത്യത്തിലെ മറ്റ് അംഗങ്ങളില്‍ ചിലര്‍ 200 പേര്‍ അടങ്ങുന്ന ഈ ദൗത്യത്തിലെ മുഴുവന്‍ പേരുടെയും ചിത്രം പ്രസിദ്ധീകരിച്ചു.

ഏതായാലും ചര്‍ച്ച ചൂട് പിടിച്ചതോടെ കാത്തിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചു. പ്രധാനമായും അനര്‍ഹമായ അംഗീകാരം നേടുന്ന എന്നതരത്തിലായിരുന്നു സൈബര്‍ ആക്രമണം. ബ്ലാക് ഹോളിന്‍റെ ചിത്രം രൂപപ്പെടുത്തുക എന്ന പ്രക്രിയയില്‍ കാത്തിയുടെ പങ്ക് 6 ശതമാനം പോലും ഇല്ലെന്ന തരത്തില്‍ വ്യാപക ട്വീറ്റുകള്‍ ഉണ്ടായി. ഇത് ഒരു വ്യക്തിഹത്യയിലേക്ക് നീങ്ങുകയാണ്. അതേ സമയം ടീമിലെ അംഗങ്ങള്‍ തന്നെ കാത്തിയെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

എന്താണ് ശരിക്കും സംഭവിച്ചത് എന്നത് സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത് ഇതാണ്, വലിയൊരു ടീമിന്‍റെ പ്രയത്നമാണ് യാഥാര്‍ത്ഥ്യമായത്. അതിലെ എല്ലാവരുടെയും ദൗത്യം കാണിക്കുക എന്നതിന് പകരം ഒരാളുടെ അനുഭവം ഒരു കേസ് സ്റ്റഡി പോലെ അവതരിപ്പിക്കാന്‍ ആണ് നോക്കിയത്. അതിന് തിരഞ്ഞെടുത്തത് കാത്തിയെ. സ്ത്രീശാക്തീകരണം എന്ന യുക്തിയും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് അവതരിപ്പിച്ചപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ആയതോടെ കൈവിട്ടുപോയി.

കാത്തിയുടെ പ്രതികരണത്തിനായി ദ വെര്‍ജ് അടക്കമുള്ള മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേ സമയം ഇത്രയും വലിയ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരോ വ്യക്തിക്കും റോള്‍ ഉണ്ടെന്നും. അതില്‍ കാത്തിയുടെ അനുഭവം ലോകത്തിന് മുന്നില്‍ എത്തി. അതിന്‍റെ പേരില്‍ അവരെ വേട്ടയാടുന്ന സൈബര്‍ യുക്തി എന്താണെന്നാണ് സൈബര്‍ ലോകത്ത് നിന്നും ഉയരുന്ന ചോദ്യം.

click me!