'ചന്ദ്രനെ പിഴിഞ്ഞ് ജലമുണ്ടാക്കാൻ ചൈന', വലിയ അളവിൽ ചാന്ദ്ര മണ്ണിൽ നിന്ന് ജലം നിർമ്മിക്കാമെന്ന് വാദം

Published : Sep 05, 2024, 08:35 AM IST
'ചന്ദ്രനെ പിഴിഞ്ഞ് ജലമുണ്ടാക്കാൻ ചൈന', വലിയ അളവിൽ ചാന്ദ്ര മണ്ണിൽ നിന്ന് ജലം നിർമ്മിക്കാമെന്ന് വാദം

Synopsis

അൻപതോളം ആളുകളുടെ ദിവസേന ഉപയോഗത്തിന് പര്യാപ്തമാകുന്ന ജലമാണ് ഇത്തരത്തിൽ ഒരു ടൺ ചാന്ദ്രമണ്ണിൽ നിന്ന് ഉത്പാദിപ്പിക്കാനാവുമെന്നാണ് ചൈനയുടെ അവകാശവാദം

ബീജിംഗ്: ജലത്തിന് വേണ്ടിയുള്ള തർക്കം പലപ്പോഴും കലഹത്തിന് കാരണമാകാറുണ്ട്. ഭൂമിക്ക് പുറത്തേക്ക് നടത്തുന്ന ഓരോ ഗവേഷണങ്ങളിലും ആദ്യം അന്വേഷിക്കുന്നത് ജലത്തിന്റെ സാന്നിധ്യമുണ്ടോയെന്നാണ്. ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ചന്ദ്രനിൽ നിന്ന് ശേഖരിച്ച മണ്ണിൽ നിന്ന് വലിയ അളവിൽ ജലം നിർമ്മിക്കാമെന്ന് കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ. 2020 നടത്തിയ പര്യവേഷണ സമയത്ത് ശേഖരിച്ച ലൂണാർ സോയിലിൽ നിന്ന് വലിയ അളവിൽ ജലം ഉത്പാദിപ്പിക്കാനുള്ള രീതി കണ്ടെത്തിയെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 

2020ൽ ചൈനയുടെ ചേഞ്ച് 5 മിഷനിലൂടെയാണ് 44 വർഷത്തിനിടെ മനുഷ്യർ ചന്ദ്രനിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചത്. ചൈനീസ് സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസിൽ നടത്തിയ പഠനങ്ങളിലാണ് ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ വലിയ അളവിലുള്ള ഹൈഡ്രജൻ കണ്ടെത്തിയത്. ഇത് മറ്റ് ചില മൂലകങ്ങളുമായി ചേർത്ത് ചൂടാക്കിയതോടെയാണ് വലിയ രീതിയിൽ ജലം ഉണ്ടായതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

മൂന്ന് വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഈ രീതി കണ്ടെത്താനായതെന്നാണ് ചൈന അവകാശപ്പെടുന്നത്. ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ നിന്ന് വലിയ അളവിൽ ജലം ഉൽപാദിപ്പിക്കുന്നത് ഭാവിയിലെ ചാന്ദ്ര ദൌത്യങ്ങളിൽ നിർണായകമാവുമെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമം അവകാശപ്പെടുന്നത്. ചന്ദ്രനിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് സ്ഥിരമായി ചന്ദ്രനിൽ ഔട്ട് പോസ്റ്റ് തയ്യാറാക്കാനുള്ള യുഎസ് ചൈന മത്സരത്തിൽ നിർണായകമാണ്  ഈ ചുവട് വയ്പ്. 

ഇത്തരത്തിൽ ഒരു ടൺ ചന്ദ്രനിലെ മണ്ണിൽ നിന്ന് 51 മുതൽ 76 കിലോ വരെ ജലം ഉത്പാദിപ്പിക്കാനാവുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. അൻപതോളം ആളുകളുടെ ദിവസേന ഉപയോഗത്തിന് പര്യാപ്തമാണ് ആ അളവ്. ചന്ദ്രനിലെ ഏറ്റവും വിഭവസമൃദ്ധമായ മേഖലയിലാവും ചൈനീസ് ഗവേഷകരെത്തിയെന്ന നാസ മേധാവിയുടെ മുന്നറിയിപ്പുകളെ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.  2035ൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ പ്രാഥമിക സ്റ്റേഷൻ സജ്ജീകരിക്കണമെന്ന ലക്ഷ്യത്തിലാണ് ചൈനയുടെ പ്രവർത്തനങ്ങൾ. 2045ഓടെ ചന്ദ്രനെ വലം വയ്ക്കുന്ന സ്പേസ് സ്റ്റേഷനും ചൈന ലക്ഷ്യമിടുന്നുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എൻസെലാഡസിന്റെ ഉപരിതലത്തിന് താഴെയുള്ള സമുദ്രത്തിൽ ജൈവ തന്മാത്രകൾ, ഭൂമിക്ക് പുറത്ത് ജീവൻ?
കുതിപ്പ് തുടങ്ങി ഒരു മിനിറ്റിന് ശേഷം അഗ്നിഗോളം; ഇന്നോസ്‌പേസിന്‍റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം