ആരോഗ്യ ആശങ്കയെ തുടര്‍ന്ന് ക്രൂ-11 സംഘത്തിന്‍റെ മടക്കം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുതിയ കമാന്‍ഡര്‍

Published : Jan 13, 2026, 12:30 PM IST
International Space Station

Synopsis

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ കമാൻഡർ സ്ഥാനം ഒഴിഞ്ഞ് മൈക്ക് ഫിൻകെ, റോസ്‌കോസ്മോസിന്‍റെ സെർജി സ്‌വേർച്കോവ് ആണ് ഐഎസ്എസിന്‍റെ പുതിയ സ്റ്റേഷന്‍ കമാൻഡർ 

കാലിഫോര്‍ണിയ: ക്രൂ-11 ദൗത്യ സംഘത്തിന്‍റെ മടക്ക യാത്രയ്ക്ക് മുന്നോടിയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ (ഐഎസ്എസ്) കമാൻഡർ സ്ഥാനം ഒഴിഞ്ഞ് നാസയുടെ മൈക്ക് ഫിൻകെ. റോസ്‌കോസ്മോസിന്‍റെ സെർജി സ്‌വേർച്കോവ് ആണ് പുതിയ സ്റ്റേഷൻ കമാൻഡർ. ആരോഗ്യ പ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള ക്രൂ-11 ദൗത്യ സംഘം ജനുവരി 15ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങും. നാസയുടെ സെന കാർഡ്‌മാനും മൈക്ക് ഫിൻകെയും, ജാക്‌‌സയുടെ കിമിയ യുയിയും, റോസ്കോസ്മോസിന്‍റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ-11 ഐഎസ്എസ് ദൗത്യ സംഘം.

ഒരു നാസയുടെ സഞ്ചാരിക്ക് ആരോഗ്യപ്രശ്‌നം

ക്രൂ-11 ബഹിരാകാശ ദൗത്യ സംഘത്തിലെ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്. എന്താണ് ആ പ്രശ്‌നമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു സ‌ഞ്ചാരിക്ക് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് നാസ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലോകത്തെ അറിയിക്കുകയായിരുന്നു. ജനുവരി എട്ടിന് സെന കാർഡ്‌മാനും മൈക്ക് ഫിൻകെയും ചേർന്ന് ഒരു ബഹിരാകാശ നടത്തം പദ്ധതിയിട്ടിരുന്നു. നിലയത്തിന്‍റെ പവർ സിസ്റ്റത്തിലെ അറ്റകുറ്റപ്പണിയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇവരിലൊരു സഞ്ചാരിയുടെ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് അവസാന നിമിഷം ഈ ബഹിരാകാശ നിലയ അറ്റകുറ്റപ്പണി നാസ മാറ്റിവച്ചു. സെനയ്ക്കാണോ മൈക്കിനാണോ ആരോഗ്യപ്രശ്നമെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല. ആ വ്യക്തിയുടെ സുരക്ഷ കണക്കിലെടുത്താണ് ക്രൂ-11 ദൗത്യം വെട്ടിച്ചുരുക്കുന്നത്.

ക്രൂ-11 സംഘം ജനുവരി 15ന് ഭൂമിയിലെത്തും

ജനുവരി 14ന് അമേരിക്കൻ സമയം വൈകുന്നേരം 5 മണിക്ക് സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ-11 നാലംഗ സംഘവുമായി ഭൂമി ലക്ഷ്യമാക്കി പുറപ്പെടും. ഇന്ത്യൻ സമയം ജനുവരി 15 പുലർച്ചെ 3.30ന് ഡ്രാഗണ്‍ പേടകം ഭൂമിയിൽ ഇറങ്ങും എന്നാണ് നാസയുടെ അറിയിപ്പ്.

PREV
Read more Articles on
click me!

Recommended Stories

മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ ഭൂമിയെ ചുറ്റുന്ന 'ടൈം ബോംബുകൾ'; ഭാവിയിൽ ഇന്‍റർനെറ്റും ജിപിഎസും താറുമാറായേക്കാം
തുടര്‍ തിരിച്ചടി ചരിത്രത്തിലാദ്യം; പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം വീണ്ടും നിരാശ