മണിക്കൂറിൽ 1,670 കിലോമീറ്റർ എന്ന അതിവേഗത്തിൽ ഭൂമി കറങ്ങുന്നതിൻ്റെ രഹസ്യം എന്താണ്. ഭൂമി ഇത്രയേറെ വേഗത്തിൽ കറങ്ങിയിട്ടും എന്തുകൊണ്ടാണ് നമുക്ക് അത് അനുഭവപ്പെടാത്തത് എന്നാണ് കുറേപ്പേരുടെ ചോദ്യം. 

ദില്ലി: ഭൂമി സ്വയം കറങ്ങുന്നുണ്ടെന്ന് നമ്മളെല്ലാം സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. എന്നാൽ ഭൂമിയുടെ ആ കറക്കം നേരിട്ട് നമുക്ക് അനുഭവപ്പെടുന്നില്ല. അതിനാല്‍, ഭൂമിയുടെ കറക്കം നേരില്‍ കാണാന്‍ അവസരം ലഭിച്ചാല്‍ അത് നമ്മുടെ കണ്ണുകള്‍ക്ക് അവിസ്‌മരണീയമായിരിക്കും. മണിക്കൂറിൽ 1,670 കിലോമീറ്റർ എന്ന അസാമാന്യ വേഗത്തില്‍ ഭൂമി കറങ്ങിയിട്ടും ആ വേഗം എന്തുകൊണ്ടാണ് നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത്? 

24 മണിക്കൂറിൽ ഒരു കറക്കം ഭൂമി പൂർത്തിയാക്കും

ഒരു തവണ പൂർണ്ണമായി കറങ്ങിത്തീരാൻ ഭൂമിക്ക് 24 മണിക്കൂർ വേണം. അതായത് ഓരോ മണിക്കൂറിലും 1,670 കിലോമീറ്റർ വേഗത്തിലാണ് ഈ യാത്ര. ഇത്രയും വേഗത്തിൽ കറങ്ങുന്ന ഭൂമിയിൽ ജീവിക്കുന്ന നമുക്ക് എന്തുകൊണ്ടാണ് ഈ കറക്കം ഒട്ടും അനുഭവപ്പെടാത്തത്? ശാസ്ത്രലോകം ഇതിന് കൃത്യമായ വിശദീകരണം നൽകുന്നുണ്ട്.

നമുക്ക് എന്തുകൊണ്ടാണ് ഭൂമിയുടെ കറക്കം അനുഭവപ്പെടാത്തത്?

ഭൂമി കറങ്ങുന്നത് ഒരു സ്ഥിര വേഗതയിലാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഭൂമി കറങ്ങുമ്പോൾ അതിനൊപ്പമുള്ള സകല വസ്തുക്കളും അതേ വേഗതയിൽ ഒപ്പം കറങ്ങുന്നുണ്ട്. ഭൂമിയിലെ വായു, സമുദ്രങ്ങൾ, കെട്ടിടങ്ങൾ, എന്തിന് നമ്മൾ പോലും ഭൂമിയോടൊപ്പം ഒരേ സ്ഥിരതയോടെ കറങ്ങുകയാണ്. അതുകൊണ്ടാണ് നമുക്ക് ഈ ചലനം തിരിച്ചറിയാൻ സാധിക്കാത്തത്. ചുറ്റുമുള്ള എല്ലാം ഒരേ വേഗതയിൽ ചലിക്കുന്നതിനാൽ നമുക്ക് ചലനം അനുഭവപ്പെടുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

അപ്പോൾ മറ്റൊരു സംശയം വരാം. ഭൂമി തലകീഴായി കറങ്ങുമ്പോൾ നമ്മളും വെള്ളവും കെട്ടിടങ്ങളുമെല്ലാം താഴേക്ക് വീഴുകയോ അന്തരീക്ഷത്തിൽ ഒഴുകി നടക്കുകയോ വേണ്ടേ? അവിടെയാണ് ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൻ്റെ ശക്തി. ഭൂമി കറങ്ങുമ്പോൾ പുറത്തേക്ക് ഒരു തള്ളൽ അനുഭവപ്പെടുമെങ്കിലും, അതിനേക്കാൾ എത്രയോ ശക്തമാണ് ഭൂമി എല്ലാത്തിനെയും തന്നിലേക്ക് ആകർഷിക്കുന്ന ഗുരുത്വാകർഷണ ബലം. അതുകൊണ്ടാണ് ഒന്നും താഴെ വീഴാത്തത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming