വീഴ്‍വേൻ എന്ന് നിനൈത്തായാ? എന്ന് ഉയിർത്തെഴുന്നേറ്റ് വരുമോ വിക്രം? നിർണായകം രണ്ടാഴ്ച!

By Web TeamFirst Published Sep 9, 2019, 11:21 AM IST
Highlights

ഹാർഡ് ലാൻഡിംഗിൽ ലാൻഡറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് 'അത് നമുക്ക് ഇപ്പോഴും അറിയില്ലെ'ന്നാണ് കെ ശിവൻ വ്യക്തമാക്കിയത്.
 

ബെംഗളുരു: ചന്ദ്രയാൻ - 2 ദൗത്യത്തിന്‍റെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒ തീവ്രശ്രമം തുടരുകയാണ്. സോഫ്റ്റ് ലാൻഡിംഗാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാനാണ് സാധ്യതയെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പിടിഐയോട് പറഞ്ഞു. 

''ലാൻഡറിനെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഹാർഡ് ലാൻഡിംഗ് നടന്നിരിക്കാനാണ് സാധ്യത'', കെ ശിവൻ വ്യക്തമാക്കുന്നു. വിക്രം ലാൻഡറിലെ റോവർ പ്രഗ്യാന്‍റെയും ചിത്രങ്ങൾ ചന്ദ്രയാൻ 2 ഓർബിറ്റർ എടുത്തിട്ടുണ്ട്. ഓർബിറ്റർ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ചന്ദ്രന് ചുറ്റും പ്രതീക്ഷിച്ച അതേ ഓർബിറ്റിൽത്തന്നെയാണ് ഓർബിറ്റർ സഞ്ചരിക്കുന്നത്. 

ഹാർഡ് ലാൻഡിംഗിൽ ലാൻഡറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് 'അത് നമുക്ക് ഇപ്പോഴും അറിയില്ലെ'ന്നാണ് കെ ശിവൻ വ്യക്തമാക്കിയത്.

ലാൻഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്ത 14 ദിവസങ്ങൾ ഏറെ നിർണായകമാണെന്നാണ് അറിയുന്നത്.  ഓപ്പറേഷന്റെ അവസാന ഘട്ടത്തിലാണ് ലാൻ‌ഡറായ വിക്രം ചന്ദ്ര ഉപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിലായിരുന്നപ്പോൾ ആശയവിനിമയം നഷ്‌ടപ്പെട്ടത്. പിന്നീട് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല.

പരാജയ വിശകലന സമിതി (എഫ്എസി) വിക്രം ലാന്‍ഡറിന്റെ വഴിതെറ്റലിന്‍റെ കാരണങ്ങള്‍ പഠിക്കുകയാണ്. നാസയുടെ മാഡ്രിഡിലെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് സെന്ററിൽ നിന്നും മൗറീഷ്യസിലെ ഇന്ത്യൻ സ്റ്റേഷനിൽ നിന്നും ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾക്കായി ഇസ്രോ ശ്രമം നടത്തുന്നുണ്ട്. വിക്രമിൽ നിന്ന് ഇതുവരെ സിഗ്നൽ ലഭിച്ചിട്ടില്ല, മാഡ്രിഡിൽ നിന്നോ മൗറീഷ്യസിൽ നിന്നോ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും മിഷൻ കൺട്രോൾ അറിയിച്ചു.

ലാൻഡറിന് 14 ദിവസം പ്രവർത്തിക്കാനുളള സംവിധാനങ്ങളാണ് നേരത്തെ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ സമയം കഴിയുന്തോറും ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത കുറഞ്ഞു വരികയാണെന്നുമാണ് മിഷനുമായി ബന്ധപ്പെട്ട ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നിരുന്നാലും, ശരിയായ ഓറിയന്റേഷൻ ഉപയോഗിച്ച് ലാൻഡറിന് ഇപ്പോഴും ഊർജ്ജം ഉൽപാദിപ്പിക്കാനും സോളാർ പാനലുകൾ ഉപയോഗിച്ച് ബാറ്ററികൾ റീചാർജ് ചെയ്യാനും കഴിയും. എന്നാൽ ഇത് സമയം കൂടുന്നതിന് അനുസരിച്ച് സാധ്യതയുണ്ടെന്നുമാണ് മറ്റൊരു വിലയിരുത്തൽ.

click me!