Clouded leopards : അത്യപൂര്‍വമായ 'മേഘപ്പുലികളെ' കണ്ടെത്തി; ചിത്രങ്ങള്‍ ലഭിച്ചു

By Web TeamFirst Published Jan 9, 2022, 12:26 PM IST
Highlights

കിഫിരെ ജില്ലയിലെ താനാമീര്‍ ഗ്രാമത്തില്‍ 3.7 കിലോമീറ്റര്‍ പൊക്കമുള്ള മേഖലയിലാണ് പുലിയെ കണ്ടത്. 

കൊഹിമ:  അത്യപൂര്‍വ മൃഗമായ മേഘപ്പുലിയെ നാഗാലാന്‍റില്‍ കണ്ടെത്തി. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപമാണ് മേഘപ്പുലിയെ കണ്ടെത്തിയത്. ആദ്യമായാണ് ഇത്രയും ഉയരമേറിയ പ്രദേശത്ത് മേഘപ്പുലിയെ കണ്ടെത്തുന്നത്. മേഖലയിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് പഠനം നടത്താനായി വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി എന്ന എന്‍ജിഒ ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. 

കിഫിരെ ജില്ലയിലെ താനാമീര്‍ ഗ്രാമത്തില്‍ 3.7 കിലോമീറ്റര്‍ പൊക്കമുള്ള മേഖലയിലാണ് പുലിയെ കണ്ടത്. ഇവിടെ 65 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വനമേഖലയുണ്ട്.  സരാമതീ പര്‍വതത്തിന് സമീപത്തായി രണ്ട് മുതിര്‍ന്ന പുലികളെയും ഒരു കുട്ടിപ്പുലിയെയുമാണ് കണ്ടത്.

ഒരു മീറ്റര്‍ മാത്രം ഉയരമുള്ള പുലികളുടെ കൂട്ടത്തില്‍ വലിപ്പും കുറഞ്ഞവയാണ് മേഘപ്പുലികള്‍. 11 മുതല്‍ 20 കിലോ വരെ ഭാരമുണ്ടാവും. തൊലിയിലെ മേഘരൂപത്തിലുള്ള ചില പാടുകള്‍ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ക്ലൗഡഡ് ലെപ്പേര്‍ഡ്‌സ് എന്ന് വിളിക്കുന്നത്. ഹിമാലയത്തിന്റെ താഴ്വരകളിലും തെക്കു കിഴക്കന്‍ ഏഷ്യയിലുമാണ് ഇവയുടെ വാസസ്ഥലം. 

ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമുള്ള ഇവ അതിവേഗക്കാരും മരം കയറാന്‍ വിദഗ്ധരുമാണ്. ഇളം മഞ്ഞ നിറത്തിലും കടും തവിട്ട് നിറത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ പെടുന്ന മൃഗങ്ങളാണ് ഇവ.

click me!