വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യത ഒരു ദിവസം കൂടി മാത്രം

By Web TeamFirst Published Sep 20, 2019, 6:24 AM IST
Highlights

14 ദിവസത്തെ ചാന്ദ്ര പകൽ അവസാനിക്കുകയാണ് ഒപ്പം വിക്രമുമായി ബന്ധപ്പെടാമെന്നുള്ള അവസാന പ്രതീക്ഷയും.

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു. ഇന്നലെ ഇസ്രൊ പുറത്തിറക്കിയ വാർത്താ കുറിപ്പിലും വിക്രം ലാന്ററുമായി എങ്ങനെ ബന്ധം നഷ്ട്ടപ്പെട്ടു എന്ന് അന്വേഷിക്കുകയാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. 14 ദിവസത്തെ ചാന്ദ്ര പകൽ അവസാനിക്കുകയാണ് ഒപ്പം വിക്രമുമായി ബന്ധപ്പെടാമെന്നുള്ള അവസാന പ്രതീക്ഷയും.

ചാന്ദ്ര പകലിന്‍റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബർ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടത്. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കാൻ നിർമ്മിക്കപ്പെട്ടിരുന്ന വിക്രമിന്‍റെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. ചന്ദ്രന്‍റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തിൽ വിക്രമിലെ ഉപകരണങ്ങൾക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്‌ധ സംഘം പരിശോധിച്ച് വരികയാണ്.

വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങൾ നാസയുടെ ലൂണാർ റിക്കൊണിസൻസ് ഓ‌ർബിറ്റർ പകർത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ലാന്ററിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങൾ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ദക്ഷിണധ്രുവപ്രദേശത്തെ പകൽ സമയം അവസാനിച്ച് തുടങ്ങിയതിനാൽ തന്നെ ലാൻഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നുമാണ് നാസ അറിയിച്ചിരിക്കുന്നത്. 7 വർഷത്തേക്ക് കാലാവധി നീട്ടിയിട്ടുള്ള ഓർബിറ്ററിലാണ് ഇനി പ്രതീക്ഷ മുഴുവൻ. 

click me!