ശമ്പളം കുറയ്ക്കാതെ ജോലി ദിവസം കുറച്ച് പരീക്ഷണം; വന്‍ വിജയമെന്ന് പഠനം

Web Desk   | Asianet News
Published : Jul 06, 2021, 08:29 PM ISTUpdated : Jul 06, 2021, 08:34 PM IST
ശമ്പളം കുറയ്ക്കാതെ ജോലി ദിവസം കുറച്ച് പരീക്ഷണം; വന്‍ വിജയമെന്ന് പഠനം

Synopsis

2015നും 2019നും ഇടയിലാണ് ഐസ്ലാന്‍റിലെ റേകജ്വിക്ക് സിറ്റി കൗണ്‍സിലും, ഐസ്ലാന്‍റ് ദേശീയ കൗണ്‍സിലും ചേര്‍ന്ന് 2500 ജോലിക്കാരില്‍ ഈ ജോലി പരീക്ഷണം നടത്തിയത്. 

ഒരു ആഴ്ചയില്‍ നാലുദിവസം മാത്രം ജോലി, അതും ശമ്പളത്തില്‍ കുറവൊന്നും ഇല്ലാതെ, യൂറോപ്യന്‍ രാജ്യമായ ഐസ്ലാന്‍റില്‍ നടത്തിയ ഈ പരീക്ഷണം വിജയകരമാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 2015നും 2019നും ഇടയിലാണ് ഐസ്ലാന്‍റിലെ റേകജ്വിക്ക് സിറ്റി കൗണ്‍സിലും, ഐസ്ലാന്‍റ് ദേശീയ കൗണ്‍സിലും ചേര്‍ന്ന് 2500 ജോലിക്കാരില്‍ ഈ ജോലി പരീക്ഷണം നടത്തിയത്. ഈ ജോലിക്കാരുടെ എണ്ണം ഐസ്ലാന്‍റിലെ മൊത്തം ജോലി ചെയ്യുന്നവരുടെ എണ്ണത്തിന്‍റെ 1 ശതമാനം വരും.

ഈ ജോലിക്കാരില്‍ പ്രീസ്കൂള്‍ ജീവനക്കാര്‍, ആശുപത്രി ജീവിനക്കാര്‍, സാമൂഹ്യ സേവന വകുപ്പ് ജീവനക്കാര്‍ ഇങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുണ്ടായിരുന്നു. 9 മുതല്‍ 5 വരെ ദിവസവും ജോലി ചെയ്യുന്നവരും, ഷിഫ്റ്റ് വര്‍ക്ക് ചെയ്യുന്നവരും ഇതില്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പരീക്ഷണം നടത്തിയ ജീവനക്കാര്‍ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്തിരുന്നത് 35 മുതല്‍ 36 മണിക്കൂര്‍വരെ കുറഞ്ഞതായി പഠനം നടത്തിയ ബ്രിട്ടീഷ് ഏജന്‍സിയായ ഓട്ടോണോമിയും, ഐസ്ലാന്‍റിലെ അസോസിയേഷന്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെമോക്രസി (അല്‍ഡ)യും പറയുന്നു.

ഈ പരീക്ഷണം ജീവനക്കാരുടെ ജോലിയിലെ ഉത്പാദന ക്ഷമതയില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയില്ലെന്നും, ചിലയിടങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ സൃഷ്ടിച്ചെന്നുമാണ് പഠനം പറയുന്നത്. ഇതിനൊപ്പം തൊഴില്‍ എടുക്കുന്നവരുടെ ചുറ്റുപാടിലും, ജീവിത രീതിയിലും വലിയ മാറ്റങ്ങള്‍ ജോലി സമയം കുറച്ചത് ഉണ്ടാക്കി. ഇത് അവരുടെ ജോലിയില്‍ നല്ല രീതിയില്‍ പ്രതിഫലിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ പരീക്ഷണത്തിന്‍റെ വിജയത്തിനെ തുടര്‍ന്ന് ഐസ്ലാന്‍റിലെ തൊഴിലാളി സംഘടനകള്‍ ഇത്തരം ജോലി രീതിക്ക് വേണ്ടി തങ്ങളുടെ തൊഴിലുടമകളോട് ആവശ്യം ഉന്നയിച്ചെന്നും, ഇതേ രീതി 86 ശതമാനം തൊഴിലിടങ്ങളില്‍ നടപ്പിലാക്കുകയോ, അല്ലെങ്കില്‍ ഉടന്‍ നടപ്പിലാകുകയോ ചെയ്യും എന്നും പഠനം പറയുന്നു.

തൊഴിലാളികളുടെ ജോലി-ജീവിതം എന്നിവ തമ്മിലുള്ള സന്തുലനം വളരെ മെച്ചപ്പെട്ടു എന്നതാണ് ജോലി സമയം കുറച്ചതിന്‍റെ ഏറ്റവും ഗുണമായി പഠനം കാണുന്നത്. പൊതുമേഖലയില്‍ ഇത്തരം ഒരു നീണ്ട പരീക്ഷണം വലിയ വിജയം വരിച്ചുവെന്നാണ് തെളിയിക്കപ്പെടുന്നത് ബ്രിട്ടീഷ് ഏജന്‍സിയായ ഓട്ടോണോമി ഡയറക്ടര്‍ ബില്‍ സ്ട്രോങ്ങ് പറയുന്നു. ഐസ്ലാന്‍റിന്‍റെ ഈ പരീക്ഷണത്തിന്‍റെ വിജയം ഈ ആധുനിക ലോകത്ത് ജോലി സമയം കുറയ്ക്കാന്‍ സാധ്യമാണ് എന്നത് മാത്രമല്ല, അതിലൂടെ മികച്ച മാറ്റങ്ങള്‍ സംഭവിക്കും എന്നുകൂടിയാണ് തെളിയിക്കുന്നത് അല്‍ഡ ഗവേഷകനായ ഗുഡ്മ്യൂഡൂര്‍ ഹരാള്‍ഡ്സണ്‍ പറഞ്ഞു.

അതേ സമയം കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സ്പെയിനിലും ജോലി സമയം കുറച്ചുള്ള പരീക്ഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. ഇത് പോലെ തന്നെ ന്യൂസിലാന്‍റിലെ യൂണിലിവറും ഇത്തരത്തില്‍ ജോലി സമയം 20 ശതമാനം കുറച്ചുള്ള പരീക്ഷണം നടത്തുകയാണ്. ബ്രിട്ടനില്‍ ഇത്തരം മാറ്റത്തിന് വേണ്ടി എല്ലാപാര്‍ട്ടിയില്‍ നിന്നുമുള്ള ഒരു കൂട്ടം എംപിമാര്‍ രംഗത്ത് എത്തിയതും വാര്‍ത്തയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ