
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം നടത്തി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ഇസാർ എയറോസ്പേസ് ചരിത്രം കുറിച്ചു. നോർവേയിലെ ആൻഡോയ സ്പേസ് പോർട്ടിൽ നിന്നാണ് കമ്പനിയുടെ 'സ്പെക്ട്രം' റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. 2025-ൽ നടത്തിയ കമ്പനിയുടെ ആദ്യ വിക്ഷേപണ ശ്രമം പരാജയപ്പെട്ടിരുന്നെങ്കിലും, പോരായ്മകൾ പരിഹരിച്ച് രണ്ടാം ദൗത്യത്തിൽ കമ്പനി തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.
യൂറോപ്യൻ ബഹിരാകാശ മേഖലയ്ക്ക് ഏറെ നിർണായകമാണ് ഈ നേട്ടം. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രശസ്തമായ ഏരിയൻ (Areane) റോക്കറ്റുകൾ വിക്ഷേപിക്കുന്നത് തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയിലെ കുറൂവിൽ നിന്നാണ്. എന്നാൽ സ്വന്തം ഭൂഖണ്ഡത്തിനുള്ളിൽ നിന്ന് തന്നെ വിജയകരമായി ഒരു ബഹിരാകാശ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചത് യൂറോപ്പിന്റെ റോക്കറ്റ് വിക്ഷേപണ രംഗത്ത് പുതിയൊരു ചരിത്ര അധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.