എട്ട് മാസത്തിന് ശേഷം ഐഎസ്ആർഒയുടെ നിർണായക വിക്ഷേപണം; ജിഎസ്എൽവി എഫ് 17 ദൗത്യത്തിനായുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചു

Published : Sep 03, 2026, 06:47 PM IST
GSLV F17 mission

Synopsis

ജിഎസ്എൽവി എഫ് 17 ദൗത്യത്തിനായുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുരോഗമിക്കുന്നു. നാളെ പുലർച്ചെ 2:55നാണ് വിക്ഷേപണം.

ശ്രീഹരിക്കോട്ട: നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഐഎസ്ആർഒയുടെ വിക്ഷേപണ ദൗത്യത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ജിഎസ്എൽവി എഫ് 17 ദൗത്യത്തിനായുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുരോഗമിക്കുന്നു. നാളെ പുലർച്ചെ 2:55നാണ് വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ GISAT നെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്.

ജനുവരിയിലെ പിഎസ്എൽവി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണ് ഇത്. ഇരുപത്തിയേഴര മണിക്കൂർ നീളുന്ന കൗണ്ട് ഡൗണിന് ഇന്നലെ രാത്രി 11:25ന് തുടക്കമായി. ഇഒഎസ് 5 എന്ന കോഡ് നാമം നൽകിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ രാജ്യ സുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണ പഥത്തിൽ നിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. 2021 ആഗസ്റ്റ് 12ന് ഇതേ ഉപഗ്രത്തെ വിക്ഷേപിക്കാൻ നടന്ന ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരം നിർമ്മിച്ചതാണ് പുത്തൻ പേടകം.

2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കയക്കാൻ ജിഎസ്എൽവിക്കാകില്ല. പകരം അതിനൽപ്പം താഴെ വെച്ചാകും റോക്കറ്റും ഉപഗ്രഹവും വേർപ്പെടുക. ശേഷിക്കുന്ന ദൂരം ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനമുപയോഗിച്ച് താണ്ടും. റോക്കറ്റും ഉപഗ്രഹവും വളരെ നേരത്തെ തന്നെ തയാറായിരുന്നുവെങ്കിലും പിഎസ്എൽവി പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ എല്ലാ ദൗത്യങ്ങളും നിർത്തിവെക്കുകയായിരുന്നു.

ജൂൺ അവസാനമോ ജൂലൈ ആദ്യമോ ദൗത്യം നടത്താൻ ശ്രമിച്ചെങ്കിലും അന്ന് കേന്ദ്ര അനുമതി കിട്ടിയില്ല. പ്രശ്നമുണ്ടായ പിഎസ്എൽവിയുടെ മൂന്നാഘട്ടവുമായി നേരിട്ട് ബന്ധമുള്ള ഘട്ടങ്ങളൊന്നും ജിഎസ്എൽവിയിൽ ഇല്ല. ഈ ദൗത്യം വിജയകരമായി പൂർത്തിയായാൽ തൊട്ടുപിന്നാലെ ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം നടത്താനാണ് ഇസ്രൊയുടെ തീരുമാനം. ഉപഗ്രഹ വികസന കേന്ദ്രമായ യുആർഎസ്‍സിയിൽ നിന്നുള്ള കൂട്ട വിആർഎസ് അപേക്ഷകളടക്കം പ്രതിസന്ധി നേരിടുന്ന ഇസ്രൊയ്ക്ക് വിക്ഷേപണ വിജയം ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ അത്യാവശ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

തമോഗർത്തത്തിന്റെ ‘വിശപ്പ്’ കുറയുന്നത് എന്തുകൊണ്ട്? നക്ഷത്രങ്ങളുടെ കറക്കമാണ് കാരണമെന്ന് പുതിയ പഠനം
ജാപ്പനീസ് മാധ്യമപ്രവർത്തകനും ബഹിരാകാശ സഞ്ചാരിയുമായ ടൊയോഹിരോ അകിയാമ അന്തരിച്ചു