ബഹിരാകാശത്ത് മുളച്ചത് തിരുവനന്തപുരം വിഎസ്എസ്‌സി അയച്ച പയര്‍ വിത്തുകള്‍; അഭിമാന നിമിഷം

Published : Jan 04, 2025, 04:29 PM ISTUpdated : Jan 04, 2025, 05:07 PM IST
ബഹിരാകാശത്ത് മുളച്ചത് തിരുവനന്തപുരം വിഎസ്എസ്‌സി അയച്ച പയര്‍ വിത്തുകള്‍; അഭിമാന നിമിഷം

Synopsis

നാലേ നാല് ദിവസം കൊണ്ട് ബഹിരാകാശത്ത് വിത്തുകള്‍ മുളപ്പിച്ച് ഐഎസ്ആര്‍ഒ, വിരിഞ്ഞത് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ നിര്‍മിച്ച പേലോഡിലെ വിത്തുകള്‍, മൈക്രോഗ്രാവിറ്റിയില്‍ ചെടികള്‍ എങ്ങനെ വളരും എന്ന പഠനത്തില്‍ നിര്‍ണായകമായ നിമിഷങ്ങള്‍ 

തിരുവനന്തപുരം: ബഹിരാകാശത്ത് ഇന്ത്യക്ക് പ്രതീക്ഷയുടെ പുത്തന്‍ മുളപൊട്ടല്‍. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ സ്പേഡെക്‌സ് ദൗത്യത്തിനൊപ്പം വിക്ഷേപിച്ച എട്ട് പയര്‍ വിത്തുകള്‍ നാലാം ദിനം മുളച്ചു എന്നതാണ് സന്തോഷകരമായ വാര്‍ത്ത. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി60 റോക്കറ്റിലെ പോയം-4ലുള്ള പേലോഡുകളില്‍ ഒന്നിലായിരുന്നു ഈ വിത്തുകളുണ്ടായിരുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററാണ് (വിഎസ്എസ്‌സി) ക്രോപ്‌സ് പേലോഡ് (CROPS payload) നിര്‍മിച്ചത് എന്നത് ഈ പരീക്ഷണ വിജയം കേരളത്തിന് ഇരട്ടിമധുരമായി. 

മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനാണ് ഐഎസ്ആര്‍ഒ ക്രോപ്‌സ് പേലോഡ് (Compact Research Module for Orbital Plant Studies) സ്പേഡെക്‌സ് വിക്ഷേപണത്തിനൊപ്പം അയച്ചത്. ബഹിരാകാശ സാഹചര്യങ്ങളില്‍ ചെടികളും സസ്യങ്ങളും എങ്ങനെ വളരും എന്ന കാര്യത്തില്‍ സുപ്രധാന വിവരങ്ങള്‍ ഈ പരീക്ഷണത്തിലൂടെ ഇസ്രൊ ലക്ഷ്യംവയ്ക്കുന്നു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ നിര്‍മിച്ച ഈ ക്രോപ്സ് പേലോഡില്‍ എട്ട് പയര്‍മണികളാണ് നിക്ഷേപിച്ചിരിക്കുന്നത്. താപനില ക്രമീകരിച്ച പ്രത്യേക അറകളില്‍ വിന്യസിച്ചിരിക്കുന്ന ഇവ നാല് ദിവസം കൊണ്ട് മുളച്ചു. ഉടന്‍ ഇലകള്‍ വിരിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് വിവരങ്ങള്‍ പങ്കിട്ടുകൊണ്ട് ഇസ്രൊയുടെ ട്വീറ്റ്. ബഹിരാകാശത്ത് മുളച്ച പയര്‍വിത്തുകള്‍ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്‌ത ചിത്രത്തില്‍ കാണാം. 

പിഎസ്എല്‍വി വിക്ഷേപണ വാഹനത്തിലെ ഓര്‍ബിറ്റല്‍ എക്‌സ്‌പിരിമെന്‍റ് മൊഡ്യൂള്‍ അഥവാ പോയം-4 (POEM-4)ന്‍റെ ഭാഗമായുള്ള 24 ശാസ്ത്രീയ പരീക്ഷണങ്ങളിലൊന്നാണ് ക്രോപ്‌സ് പേലോഡ്. ബഹിരാകാശ ഗവേഷണ രംഗത്തെ കൂട്ടായ പ്രയത്നത്തിന്‍റെ ഭാഗമായി ഐഎസ്ആര്‍ഒയും ശാസ്ത്ര-സാങ്കേതിക പഠന സ്ഥാപനങ്ങളുമാണ് ഈ 24 പേലോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ക്രോപ്‌സ് പേലോഡിലെ പയര്‍ വിത്തുകളുടെ വളര്‍ച്ച അളക്കാനും രേഖപ്പെടുത്താനും ഹൈ-റെസലൂഷന്‍ ക്യാമറ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പേലോഡിലെ ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് വിവരങ്ങളും ഈര്‍പ്പവും പേലോഡിലെ വിവിധ ഉപകരണങ്ങള്‍ അടയാളപ്പെടുത്തും.

Read more: ചരിത്ര നിമിഷം! ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് ആം പ്രവര്‍ത്തനക്ഷമമായി; വീഡിയോ പങ്കുവെച്ച് ഐഎസ്ആര്‍ഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും