കൊടും ചൂടിൽ 'റോസ്റ്റാ'കുമോ ഈ ഗ്രഹം? ആ കാഴ്ച കണ്ട് അമ്പരന്ന് ശാസ്‍ത്രലോകം

Published : Jun 18, 2026, 12:45 PM IST
HD 80606 b

Synopsis

നാസയുടെ ജെയിംസ് വെബ് ദൂരദർശിനി, HD 80606 b എന്ന വിദൂര ഗ്രഹത്തെ കണ്ടെത്തി. സ്വന്തം നക്ഷത്രത്തോട് അടുക്കുമ്പോൾ ഈ ഗ്രഹത്തിന്റെ താപനില 600 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ഗ്രഹാന്തരീക്ഷത്തിൽ വലിയ രാസമാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു.

ഭൂമിയിലെ വേനൽച്ചൂട് അതിശക്തമാണെന്ന് കരുതുന്നവരോട് അതിലും ഭീകരമായ ചൂട് അനുഭവിക്കുന്ന ഒരു വിദൂര ഗ്രഹത്തിന്റെ കഥയാണ് ഇപ്പോൾ ശാസ്ത്രലോകത്തിന് പറയാനുള്ളത്. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) നടത്തിയ പുതിയ നിരീക്ഷണങ്ങളിൽ, സ്വന്തം നക്ഷത്രത്തിന്റെ അതിശക്തമായ വികിരണത്തിൽ ‘വറുക്കപ്പെടുന്ന’ അവസ്ഥയിലുള്ള ഒരു ഭീമൻ ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയതായി സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. HD 80606 b എന്നറിയപ്പെടുന്ന ഈ ഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 217 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്.

600 ഡിഗ്രി സെൽഷ്യസ്

‘ഹോട്ട് ജൂപ്പിറ്റർ’ വിഭാഗത്തിൽപ്പെടുന്ന ഈ വാതക ഭീമൻ ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തെ ചുറ്റുന്നത് അത്യന്തം വിചിത്രമായ ഭ്രമണപഥത്തിലൂടെയാണ്. സാധാരണ ഹോട്ട് ജൂപ്പിറ്ററുകൾ നക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിരമായി സഞ്ചരിക്കുമ്പോൾ, HD 80606 bയുടെ ഭ്രമണപഥം വളരെ ദീർഘവൃത്താകൃതിയിലുള്ളതാണ്. 111 ദിവസമെടുക്കുന്ന ഒരു പരിക്രമണത്തിനിടെ ഗ്രഹം ചില സമയങ്ങളിൽ നക്ഷത്രത്തിന് തൊട്ടടുത്ത് എത്തുന്നു.

ഈ അടുത്തുവരവിനിടെയാണ് ഗ്രഹത്തിന്റെ അന്തരീക്ഷ താപനില ഏകദേശം 600 ഡിഗ്രി സെൽഷ്യസ് (1,100 ഡിഗ്രി ഫാരൻഹീറ്റ്) വരെ ഉയരുന്നത്. അത്രയും ശക്തമായ ചൂട് ഗ്രഹത്തിന്റെ അന്തരീക്ഷ രാസഘടനയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശാസ്ത്രജ്ഞർ സ്പെക്ട്രോസ്കോപ്പി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു. പ്രകാശത്തെ വിവിധ തരംഗദൈർഘ്യങ്ങളായി വിഭജിച്ച് വിശകലനം ചെയ്യുന്ന ഈ രീതി, അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്‍തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്നു.

ജെയിംസ് വെബ് ദൂരദർശിനിയിലെ മിഡ്-ഇൻഫ്രാറെഡ് ഇൻസ്ട്രുമെന്റ് (MIRI) ഉപയോഗിച്ച്, ഗ്രഹം നക്ഷത്രത്തോട് അടുത്തെത്തുന്നതിന് മുമ്പും അതിനിടെയും ശേഷവും ഗവേഷകർ നിരീക്ഷണം നടത്തി. ഇതിലൂടെ മീഥേൻ, കാർബൺ ഡൈഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യവും അവയിൽ സംഭവിക്കുന്ന മാറ്റങ്ങളും കൂടുതൽ വ്യക്തമായി പഠിക്കാൻ സാധിച്ചു. മുമ്പ് നാസയുടെ സ്‍പിറ്റ്സർ ബഹിരാകാശ ദൂരദർശിനിയും ഈ ഗ്രഹത്തെ പഠിച്ചിരുന്നെങ്കിലും, ജെയിംസ് വെബിന്റെ ഉയർന്ന കൃത്യതയുള്ള ഉപകരണങ്ങൾ കൂടുതൽ വിശദമായ വിവരങ്ങൾ നൽകാൻ സഹായിച്ചു. ഗ്രഹത്തിലെ താപനില വർധനവ് കൂടുതൽ തീവ്രമാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. സ്‍പിറ്റ്സർ കണ്ടെത്തിയതിലും കൂടുതൽ ആണിത്. 

തെക്കൻ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ പഠനത്തിലെ പ്രധാന ഗവേഷകയായ ടിഫാനി കറ്റാരിയയുടെ നേതൃത്വത്തിലായിരുന്നു ഈ പഠനം. ഗവേഷക സംഘത്തിന്‍റെ ഈ കണ്ടെത്തലുകൾ അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ 248-ാമത് സമ്മേളനത്തിൽ അവതരിപ്പിച്ചു. അതിതീവ്ര സാഹചര്യങ്ങളിൽ ഗ്രഹങ്ങളുടെ അന്തരീക്ഷം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഭാവി പഠനങ്ങൾക്ക് ഈ കണ്ടെത്തൽ നിർണായകമായ വിവരങ്ങൾ നൽകുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയെ നിരന്തരം നിരീക്ഷിച്ച് ബഹിരാകാശത്ത് പാകിസ്ഥാൻ്റെ ആറ് ഉപഗ്രഹങ്ങൾ; നാവിക് സംവിധാനത്തിലെ പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി ഐഎസ്ആർഒ
കണ്ടെത്തിയത് ഭീമൻ തണുത്ത വാതക ശേഖരം! ഗാലക്സികളുടെ വളർച്ചാ രഹസ്യത്തിൽ പുതിയ കണ്ടെത്തൽ