
ഒരുവശത്ത് പ്രതീക്ഷ, മറുവശത്ത് ആശങ്ക... ലോകത്തിന്‍റെ പ്രതീക്ഷയില്‍ നിന്ന് ആശങ്കയുടെ കയത്തിലേക്ക് തെന്നിവീഴുകയാണോ എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്. എഐ ടെക്/ഐടി മേഖലയില്‍ വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്ന എഐ വിപ്ലവം അതേ സിലിക്കണ്‍വാലിയില്‍ തന്നെ അനേകായിരം തൊഴിലാളികളുടെ കണ്ണുനീരും വീഴ്ത്തുന്നു. എഐയുടെ വരവോടെ ആഗോളതലത്തില്‍ പ്രകടമായിരിക്കുന്ന ലേഓഫ് തരംഗം ഇന്ത്യയിലും ചൂടുപിടിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ടെക് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) 12,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായുള്ള പ്രഖ്യാപനം കഴിഞ്ഞ മാസം ഞെട്ടിച്ചു. ആഗോളതലത്തില്‍ 2025ല്‍ ഇതിനകം ഒരു ലക്ഷത്തിലധികം ടെക്കികള്‍ക്ക് ജോലി പോയി. മൈക്രോസോഫ്റ്റോ ആമസോണോ മെറ്റയോ പോലെയുള്ള പ്രധാന ടെക് കമ്പനികളില്‍ നിന്നുള്ള ലേഓഫുകളുടെ മാത്രം കണക്കാണിത്. എന്തൊക്കെയാണ് ടെക് ലോകത്ത് എഐ വരുത്തുന്ന മാറ്റങ്ങള്‍? എഐ എങ്ങനെയാണ് തൊഴില്‍മേഖലകളെ പുതുക്കിപ്പണിയുന്നത്.
ഒന്നും പഴയപോലല്ല!
ഒന്നും പഴയപോലെയാവില്ല എന്ന് പറയുന്നത് എത്ര കൃത്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യകള്‍ ലോകത്തെ പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കുകയാണ്. ഐടി രംഗത്ത്, ആരോഗ്യ രംഗത്ത്, ശാസ്ത്ര സാങ്കേതിക രംഗത്ത്, വിദ്യാഭ്യാസ രംഗത്ത്, സിനിമയില്‍, വ്യാവസായിക രംഗത്ത് എന്നിങ്ങനെ സകല മേഖലകളിലും എഐ ചുവടുറപ്പിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടത് എന്താണോ? അത് കൃത്യമായി പ്രോംപ്റ്റ് ചെയ്‌ത് കൊടുത്താല്‍ എഐ ടൂളുകള്‍, നിങ്ങള്‍ മനസില്‍ക്കണ്ടത് ചെയ്തുതരും. അതിവേഗം, കൂടുതല്‍ കൃത്യതയില്‍ ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ എഐ വഴി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
തൊഴില്‍ നല്‍കുന്ന എഐ
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഗവേഷണം ടെക് രംഗത്തെ ഏറ്റവും പ്രതിഫലമേറിയ ജോലിയായി മാറിയിരിക്കുന്നു. ആഗോള ടെക് ഭീമന്‍മാരായ ഗൂഗിളും മെറ്റയും മൈക്രോസോഫ്റ്റും ആപ്പിളുമെല്ലാം എഐ മേഖലയില്‍ ശതകോടികള്‍ നിക്ഷേപിക്കുന്നു. എഐ സെന്‍സേഷനുകളെ നൂറുകണക്കിന് കോടിരൂപ പ്രതിഫലം വാഗ്‌ദാനം നല്‍കി സ്വന്തമാക്കാന്‍ മത്സരിക്കുകയാണ് മെറ്റയും ആപ്പിളുമെല്ലാം. അതേസമയം, എഐ സ്റ്റാര്‍ട്ടപ്പുകളും ലോകത്ത് വലിയ ശ്രദ്ധനേടുന്നു. ലോകത്തിന്ന് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ പലരും എഐ അധിഷ്‌ഠിതമാണ് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസ് നേതൃത്വം നല്‍കുന്ന പെര്‍പ്ലെക്‌സിറ്റി എഐ തന്നെ ഇതിനൊരു ക്ലാസിക് ഉദാഹരണം. എഐ സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയില്‍ പെര്‍പ്ലെക്‌സിറ്റി ഇതിനകം ഗൂഗിള്‍ അടക്കമുള്ള വമ്പന്‍മാര്‍ക്ക് ഭീഷണിയായി വളര്‍ന്നുകഴിഞ്ഞു. കോഡിംഗ് ജ്ഞാനമുള്ളവരെല്ലാം തന്നെ എഐ മേഖലയിലേക്ക് ചുവടുമാറാനുള്ള തീവ്രശമങ്ങള്‍ ഒരുവശത്ത് നടക്കുന്നു. അതിലേക്ക് പിന്നീട് വിശദമായി വരാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വലിയ തൊഴില്‍ സാധ്യതയാണ് ഐടി രംഗത്ത് സൃഷ്‌ടിച്ചിരിക്കുന്നത് എന്നതൊരു യാഥാര്‍ഥ്യമാണ്. എണ്ണം തുലോം കുറവെങ്കിലും ബുദ്ധിജീവികളായ എഐ എഞ്ചിനീയര്‍മാരെ ടെക് ഭീമന്‍മാര്‍ക്കെല്ലാം വേണം. അതാണ് ആപ്പിളിന്‍റെയും മൈക്രോസോഫ്റ്റിന്‍റെയുമെല്ലാം പരക്കംപാച്ചിലുകള്‍ തെളിയിക്കുന്നത്. എഐ സെന്‍സേഷനായി അറിയപ്പെടുന്ന മാറ്റ് ഡീറ്റ്‌കെ എന്ന 24 വയസുകാരന്‍ ടെക്കിയെ 2000 കോടിയിലേറെ രൂപ പ്രതിഫലം വാഗ്‌ദാനം ചെയ്ത് മെറ്റ അവരുടെ സൂപ്പർഇന്‍റലിജൻസ് ടീമിലെടുത്തത് ഇതില്‍ ശ്രദ്ധേയമാണ്. എതിരാളികളായ ആപ്പിളിന്‍റെ ഫൗണ്ടേഷന്‍ മോഡല്‍സ് സംഘത്തിലെ പ്രധാനികളിലൊരാളായിരുന്ന ബോവൻ ഷാങിനെ മെറ്റ ചൂണ്ടിയതാണ് മറ്റൊന്ന്. എഐ ഗവേഷണ രംഗത്ത് അല്‍പം പിന്നോട്ടുപോയ ആപ്പിള്‍ ഗൂഗിള്‍ ഡീപ്‌മൈന്‍ഡില്‍ നിന്നടക്കം വിദഗ്‌ധരെ ചൂണ്ടി തടിതപ്പാനുള്ള ശ്രമങ്ങളിലുമാണ്. ആപ്പിള്‍ പുതിയ എഐ ചാറ്റ്‌ബോട്ട് നിര്‍മ്മിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണെന്നോര്‍ക്കണം. സിരിഎ അപ്‌ഡേറ്റും ആപ്പിളിന് മുന്നിലുണ്ട്.
തൊഴില്‍ കളയുന്ന എഐ
ഇതിനെല്ലാം ഇടയില്‍ എഐ വലിയ തൊഴില്‍ ആശങ്ക ലോകത്ത് പരത്തുകയാണ്. സമീപ കാലങ്ങളില്‍ ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടന്ന വര്‍ഷമാണ് 2025. ഈ വര്‍ഷം ജൂലൈ മാസത്തില്‍ മാത്രം 62,075 പേര്‍ക്ക് അമേരിക്കയില്‍ ജോലി നഷ്‌ടമായി എന്നാണ് ചലഞ്ചര്‍, ഗ്രേ ആന്‍ഡ് ക്രിസ്‌മസിന്‍റെ റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ ജോലി നഷ്‌ടമായവരുടെ എണ്ണത്തില്‍ 29 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. അതേസമയം 2024 ജൂലൈയെ അപേക്ഷിച്ച് 140 ശതമാനം തൊഴില്‍ നഷ്‌ടമാണ് 2025 ജൂലൈയില്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നത് അപകടത്തിന്‍റെ തീവ്രത കൂടുതല്‍ വ്യക്തമാക്കുന്നു. എഐ സ്വാധീനവും ട്രംപിന്‍റെ താരിഫ് മാറ്റങ്ങളുമാണ് 2025 ജൂലൈ മാസത്തില്‍ അമേരിക്കയില്‍ തൊഴില്‍ നഷ്‌ടത്തിന് വഴിവെച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2025ല്‍ അമേരിക്കന്‍ ടെക് വിപണിയില്‍ മൈക്രോസോഫ്റ്റ്, ഇന്‍റല്‍, ആമസോണ്‍, മെറ്റ, ഗൂഗിള്‍ എന്നിവരെല്ലാം കൂട്ടപ്പിരിച്ചുവിടലുകള്‍ നടത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഈ വര്‍ഷം തന്നെ പല ഘട്ടങ്ങളിലായുള്ള ലേഓഫുകള്‍ പ്രഖ്യാപിച്ചു. ജോലിക്കാരെ പിരിച്ചുവിട്ട സ്റ്റാര്‍ട്ടപ്പുകളും ചെറിയ ഐടി കമ്പനികളും വേറെ. എഐ ഇംപാക്ട് കാരണം റീടെയ്‌ല്‍, ഫിനാന്‍സ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങി മറ്റനേകം മേഖലകളിലുണ്ടായ തൊഴില്‍ നഷ്‌ടവും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല.
എഐ എങ്ങനെ തൊഴില്‍ നഷ്‌ടപ്പെടുത്തുന്നു?
ഐടി രംഗത്തെ തൊഴില്‍ നഷ്‌ടത്തിന് വഴിവെച്ച കാരണങ്ങളിലൊന്ന് ഭീമന്‍ ടെക് കമ്പനികളെല്ലാം എഐ നിക്ഷേപത്തില്‍ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. എഐ ഗവേഷണത്തിനും വികസനത്തിനുമായി ശതകോടികള്‍ പ്രഖ്യാപിച്ചിട്ടുള്ള കമ്പനിയാണ് മാര്‍ക് സക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ. എഐ ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്ന മെറ്റ പോലുള്ള കമ്പനികള്‍ ലാഭകരമല്ലാത്ത മറ്റ് ബിസിനസുകളിലും ഡിപ്പാര്‍ട്‌മെന്‍റുകളിലും ജീവനക്കാരെ കുറയ്ക്കുകയാണ്. എഐ ഗവേഷണം ഒരുവശത്ത് തകൃതിയായി നടക്കുമ്പോള്‍ മറുവശത്ത് എഐ ടൂളുകള്‍ മനുഷ്യനെ റീപ്ലേസ് ചെയ്‌ത് കമ്പനികള്‍ക്ക് വലിയ സമയലാഭവും കോസ്റ്റ്-കട്ടിംഗും നല്‍കുന്നുമുണ്ട്. മിഡ്-ലെവല്‍ മാനേജര്‍മാര്‍ക്കാണ് മിക്ക ഐടി കമ്പനികളിലും ഈ വര്‍ഷം ജോലി പോയത്. മിഡ്-ലെവല്‍ മാനേജര്‍മാരെ എഐ ടൂളുകള്‍ റീപ്ലേസ് ചെയ്തു എന്ന് ചുരുക്കം. ഉദാഹരണത്തിന്, എച്ച്ആര്‍ ജോലികള്‍ പോലുള്ളവ അനായാസം എഐ അധിഷ്‌ഠിത സോഫ്റ്റ്‌വെയറുകളും ടൂളുകളും ചെയ്‌തുതുടങ്ങിയിരിക്കുന്നു. എച്ച്ആര്‍ വിഭാഗത്തില്‍ 50 ജീവനക്കാരുണ്ടായിരുന്ന ഒരു കമ്പനിയെ സങ്കല്‍പിക്കുക. അവര്‍ക്കിന്ന് മേല്‍നോട്ടത്തിന് വിരലില്‍ എണ്ണവുന്ന മനുഷ്യവിഭവശേഷിയും, ഹ്യൂമണ്‍ റിസേഴ്സ് സംബന്ധിയായ എല്ലാ ജോലികളും സുഗമമായി ചെയ്യാന്‍ എഐ ടൂളുകളും മാത്രം മതി.
എഐ ഗവേഷണത്തിലേക്ക് കൂടുതല്‍ ഇന്‍വെസ്റ്റ്മെന്‍റുകള്‍ നടത്തുന്നതും അത്രകണ്ട് ലാഭകരമല്ലാത്ത ഡിപ്പാര്‍ട്‌മെന്‍റുകളില്‍ ആളുകളെ ചുരുക്കുന്നതും മെറ്റ സ്വീകരിച്ചിരിക്കുന്ന നയമാണെന്നത് ഓര്‍ക്കണം. കമ്പനികള്‍ ഇത്തരത്തില്‍ എഐ കേന്ദ്രീകൃതമായ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും എഐ കഴിവുകള്‍ ഇല്ലാത്ത ജീവനക്കാര്‍ക്ക് തലവേദന സൃഷ്‌ടിക്കുന്നു.
എങ്ങനെ പിടിച്ചുനില്‍ക്കാം?
എഐ വലിയ തൊഴില്‍ നഷ്‌ടമുണ്ടാക്കുമ്പോള്‍ അത് തൊഴില്‍ സാധ്യതയും തുറക്കുന്നുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. എന്നാല്‍ എല്ലാ ഐടി എഞ്ചിനീയര്‍മാര്‍ക്കും ഇതിന്‍റെ ഗുണം ലഭിക്കില്ല. എഐ ഗവേഷണത്തില്‍ തല്‍പരരായവര്‍ക്ക് മാത്രമേ ഐടി രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ. നിങ്ങളൊരു ഐടി എഞ്ചിനീയറാണെങ്കില്‍ എഐ സ്‌കില്ലുകളുണ്ടെങ്കില്‍ പിടിച്ചുനില്‍ക്കാം, അല്ലെങ്കില്‍ പിരിഞ്ഞുപോകേണ്ടിവരും എന്നതാണ് മുന്നിലുള്ള യാഥാര്‍ഥ്യം. ഐടി എഞ്ചിനീയര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ ആരോഗ്യം, എച്ച്ആര്‍, വിദ്യാഭ്യാസം തുടങ്ങി മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവരും ഈ എഐ തൊഴില്‍ പ്രതിസന്ധി രൂക്ഷമായി വരുംഭാവിയില്‍ തന്നെ അനുഭവിച്ചേക്കും. ഹാര്‍ഡ്‌വര്‍ക്കിന്‍റെ കാലം കഴിഞ്ഞു, ഇത് സ്‌മാര്‍ട്ട്‌വര്‍ക്കിന്‍റെ കാലമാണ്. ഏത് തൊഴില്‍ രംഗത്തായാലും എഐ ടൂളുകള്‍ വിദഗ്‌ധമായി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാം, അല്ലാത്തവര്‍ക്ക് പുറത്തുപോകേണ്ടിവരും എന്ന സൂചനയാണ് കമ്പനികളെല്ലാം നല്‍കുന്നത്. ജോലി പോകാതിരിക്കാന്‍ എഐ ടൂളുകളില്‍ വ്യാപ്രതരാവൂ എന്നാണ് യുഎസ് ടെക് ഭീമന്‍മാരുടെ തലവന്‍മാരെല്ലാം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഉപദേശം.