ലോകം ഇനി ഐഎസ്ആര്‍ഒയുടെ റഡാര്‍ കണ്ണില്‍ ഭദ്രം; നൈസാർ ഉപഗ്രഹ വിക്ഷേപണം നാളെ, ഉരുൾപൊട്ടൽ വരെ മുന്‍കൂട്ടി തിരിച്ചറിയാന്‍ ശേഷി

Published : Jul 29, 2025, 09:29 AM ISTUpdated : Jul 29, 2025, 09:48 AM IST
GSLV-F16/NISAR Launch

Synopsis

ഭൂമിയിലെ ചെറു മാറ്റങ്ങൾ പോലും തിരിച്ചറിയാനും രേഖപ്പെടുത്താനും കെൽപ്പുള്ള ഒരു അസാധാരണ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് വികസിപ്പിച്ച നൈസാര്‍

ശ്രീഹരിക്കോട്ട: ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന എൻ ഐ സാർ (NISAR) കൃത്രിമ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം നാളെ. ലോകത്ത് ഇന്നേവരെ നിർമ്മിക്കപ്പെട്ടവയിൽ വച്ച് ഏറ്റവും മികച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമെന്ന് എൻ ഐ സാറിനെ വിശേഷിപ്പിച്ചാൽ അത് അതിശയോക്തിയാകില്ല. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആർഒയും അമേരിക്കയുടെ നാസയും ചേർന്ന് നിർമിച്ച ഉപഗ്രഹം യാദൃശ്ചികമായാണെങ്കിലും മുണ്ടക്കൈ ഉരുൾപൊട്ടലിന്‍റെ ഓർമ്മദിനത്തിലാണ് വിക്ഷേപിക്കുന്നത്.

നാസ- ഐഎസ്ആ‌ർഒ സിന്തറ്റിക്ക് അപേർച്ചർ റഡാർ സാറ്റ്‌ലൈറ്റ് എന്നാണ് എൻ ഐ സാർ ഉപഗ്രഹത്തിന്‍റെ പൂര്‍ണ രൂപം. ഭൂമിയിലെ ചെറു മാറ്റങ്ങൾ പോലും തിരിച്ചറിയാനും രേഖപ്പെടുത്താനും കെൽപ്പുള്ള ഒരു അസാധാരണ ഉപഗ്രഹമാണ് നൈസാര്‍. ഉരുൾപ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം എൻ ഐ സാറിന്‍റെ റഡാർ ദൃഷ്‌ടിയിൽ പതിയും. കടലിലെ മാറ്റങ്ങളും, പുഴകളുടെ ഒഴുക്കും തീര ശോഷണവും മണ്ണൊലിപ്പും ഒപ്പിയെടുക്കും. കാട്ടുതീകളും, ഹിമാനികളുടെ ചലനവും, മഞ്ഞുപാളികളുടെ മാറ്റവും തിരിച്ചറിയും. തീർന്നില്ല കൃഷിഭൂമിയിലെ മണ്ണിന്‍റെ ഈ‌ർപ്പം, വിളകളുടെ വളർച്ച വനങ്ങളിലെ പച്ചപ്പുമെല്ലാം സൂക്ഷ്‌മമായി നിരീക്ഷിക്കാനും നൈസാര്‍ സാറ്റ്‌ലൈറ്റിന് കെൽപ്പുണ്ട്. എന്‍ ഐ സാര്‍ ഉപഗ്രഹം. രാപ്പകൽ ഭേദമില്ലാതെ വിവരശേഖരണം നടത്തും. മേഘങ്ങളോ മഴയോ എൻഐസാറിന് ഒരു തടസമല്ല.

പേരിൽ തന്നെയുള്ള സിന്തറ്റിക് അപേർച്ചർ റഡാർ സാങ്കേതിക വിദ്യയാണ് എന്‍ ഐ സാര്‍ ഉപഗ്രഹത്തിന്‍റെ കരുത്ത്. എൻ ഐ സാറിൽ നിന്നുള്ള മൈക്രോവേവ് തരംഗങ്ങൾ ഭൂമിയിൽ തൊട്ട് പ്രതിഫലിച്ച് തിരികെയെത്തും. തിരിച്ചെത്തുന്ന തരംഗങ്ങളിലെ മാറ്റങ്ങൾ ഭൂപ്രദേശത്തെ ഫോട്ടോഗ്രാഫുകളെക്കാൾ നന്നായി രേഖപ്പെടുത്തും. രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്. ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും, നാസയുടെ എൽ ബാൻഡ് റഡാറും. എസ് ബാൻഡ് റഡാറിന് തരംഗദൈർഘ്യം കുറവാണ്. അതുകൊണ്ടുതന്നെ പ്രതലത്തിലെ ചെറു മാറ്റങ്ങൾ പോലും ഒപ്പിയെടുക്കും. എൽ ബാൻഡ് റഡാറിന്‍റെ ഉയർന്ന തരംഗദൈർഘ്യം കൂടുതൽ ആഴത്തിലേക്കിറങ്ങി ചെല്ലും മണ്ണിനടിയിലേക്കും, വൃക്ഷത്തലപ്പുകൾക്ക് താഴേക്കും കടന്നുചെല്ലും. രണ്ട് റഡാറുകളിൽ നിന്നുള്ള വിവരങ്ങളും ചേർത്താൽ കൂടുതൽ കൃത്യതയോടെയും മിഴിവോടെയും വിവരശേഖരണം നടത്താം.

ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, ഭൂകമ്പം എന്നീ പ്രകൃതി ദുരന്തങ്ങളുടെ മുന്നോടിയായി ഉണ്ടാകുന്ന ചെറു ചലനങ്ങളെ അടയാളപ്പെടുത്താൻ എൻ ഐ സാറിന് കഴിയും, ദുരന്തമുണ്ടായിക്കഴിഞ്ഞാൽ ആ മേഖലയിലുണ്ടായ മാറ്റങ്ങളെ ഇപ്പോഴത്തേത്തിനേക്കാൾ നന്നായി മനസിലാക്കാനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാനും എൻ ഐ സാർ വിവരങ്ങൾ സഹായിക്കും. ഹിമാനികൾ അഥവാ ഗ്ലേഷ്യറുകളിലുണ്ടാകുന്ന പൊടുന്നനെയുള്ള പൊട്ടിത്തെറികളും തുടർന്നുള്ള പ്രളയങ്ങളും കൂടുതൽ നന്നായി മനസിലാക്കാനും ഈ ഉപഗ്രഹത്തിലൂടെ സാധിക്കും. 2023ൽ സിക്കിമിൽ സംഭവിച്ചത് ഇത്തരത്തിലൊരു ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബേർസ്റ്റായിരുന്നു. തീർന്നില്ല, ദുരന്തങ്ങൾ കെട്ടിടങ്ങൾക്കുണ്ടാക്കുന്ന കേടുപാടുകളും ബലക്ഷയവും തിരിച്ചറിയാനും എൻഐസാറിനാകും.

മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്‍റെ വാർഷികത്തിൽ തന്നെ ഇങ്ങനെയൊരു ഉപഗ്രഹം വിക്ഷേപിക്കപ്പെടുന്നത് തീർത്തും യാദൃശ്ചികമായാണ്. ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ അകലെ വൃത്താകൃതിയിലുള്ളൊരു ഭ്രമണപഥത്തിലാണ് എൻ ഐ സാർ നിലയുറപ്പിക്കാൻ പോകുന്നത്. വിക്ഷേപണം കഴിഞ്ഞാൽ 90 ദിവസം നീളുന്ന കമ്മീഷനിംഗ് കാലം. ഉപഗ്രഹം ബഹിരാകാശത്ത് എത്തി പത്താം ദിവസമാണ് പന്ത്രണ്ട് മീറ്റർ വ്യാസമുള്ള റഡാർ റിഫ്ലക്‌ടർ വിടർത്തി തുടങ്ങുക. ആ കുട നിവർത്തി തീരാൻ തന്നെ എട്ട് ദിവസമെടുക്കും. പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാറിന്‍റെ റഡാർ ദൃഷ്‌ടിയിൽപ്പെടും. ഒരു ദിവസം 80 ടെറാബൈറ്റ് ഡാറ്റയാണ് ഉപഗ്രഹം ഉത്പാദിപ്പിക്കുക. ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ഇത് നാസയും ഐഎസ്ആർഒയും സൗജന്യമായി ലഭ്യമാക്കും.

കമ്മീഷനിംഗ് കഴിഞ്ഞാൽ അഞ്ച് വർഷത്തെ ദൗത്യ കാലാവധിയാണ് എന്‍ ഐ സാര്‍ ഉപഗ്രഹത്തിന് നിശ്ചയിച്ചിരിക്കുന്നത്. ഈ അഞ്ച് വർഷം കൊണ്ട് പ്രകൃതി ദുരന്തങ്ങളെ നമ്മൾ പ്രവ‍ചിക്കുകയും നേരിടുകയും ചെയ്യുന്ന രീതി തന്നെ എൻ ഐ സാർ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷ.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ