13000 കോടി രൂപ ചെലവ്, ഭൂമിയുടെ ബ്ലൂ പ്രിന്‍റ് പകര്‍ത്താന്‍ 'നൈസാര്‍' ഉപഗ്രഹം; നാസ-ഐഎസ്ആർഒ ചരിത്ര വിക്ഷേപണം ജൂലൈ 30ന്

Published : Jul 28, 2025, 12:00 PM ISTUpdated : Jul 28, 2025, 12:03 PM IST
GSLV-F16/NISAR Launch

Synopsis

NISAR സാറ്റ്‌ലൈറ്റ് 12 ദിവസത്തെ ഇടവേളയില്‍ ഭൂമിയിലെ ഓരോ ഐസ്‌പാളികളിലെയും സമുദ്രങ്ങളിലെയും ജലാശയങ്ങളിലെയും വനങ്ങളിലെയും മാറ്റങ്ങള്‍ പകര്‍ത്തും

DID YOU KNOW ?
നൈസാര്‍ ഉപഗ്രഹം
ലോകത്തിലെ ഏറ്റവും ചെലവേറിയ ഉപഗ്രഹ വിക്ഷേപണങ്ങളിലൊന്നാണ് NISAR

ശ്രീഹരിക്കോട്ട: നാസയും ഐഎസ്ആർഒയും ഒത്തുചേർന്ന് നിർമ്മിച്ച ലോകത്തിലെ എറ്റവും മികച്ച ഭൗമനിരീക്ഷണ ഉപഗ്രങ്ങളിലൊന്നായ NISAR (നാസ ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാർ) വിക്ഷേപണത്തിന് ഒരുങ്ങുന്നു. ജൂലൈ 30ന് ഇന്ത്യൻ സമയം വൈകുന്നേരം 5:40ന് എൻ ഐ സാർ ഉപഗ്രഹവും വഹിച്ചുകൊണ്ട് ഇസ്രൊയുടെ ജിഎസ്എൽവി-എഫ്16 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും. 2,400 കിലോഗ്രാം ഭാരമുള്ള നൈസാര്‍ കൃത്രിമ ഉപഗ്രഹത്തിന്‍റെ വിക്ഷേപണ ചെലവ് ആകെ 13,000 കോടി രൂപയ്ക്ക് മുകളിലാണ്. ഭൗമോപരിതലത്തിലെ മാറ്റങ്ങള്‍ ഓരോ 12 ദിവസം കൂടുമ്പോഴും രേഖപ്പെടുത്തുന്ന തരത്തിലാണ് നൈസാറിലെ ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.

ഏത് പ്രതികൂല കാലാവസ്ഥയിലും ഭൗമ നിരീക്ഷണം സാധ്യമാക്കുന്ന അത്യാധുനിക ഉപഗ്രഹമാണ് എൻ ഐ സാർ (NISAR). ഭൂമിയിലെ ചെറിയ മാറ്റങ്ങൾ പോലും പഠിക്കാൻ നൈസാറിലൂടെ സാധിക്കും, കാട്ടുതീകളെയും മണ്ണിടിച്ചിലുകളെയും, ഭൂകമ്പങ്ങളെയും, അഗ്നിപർവ്വത വിസ്ഫോടനങ്ങളെയും പുഴകളുടെ ഒഴുക്കിനെയും, കാടുകളെയും വരെ ഇതുവരെ സാധിക്കാത്ത തരത്തിൽ ഈ ഉപഗ്രഹത്തിലൂടെ നിരീക്ഷിക്കാം. അതുകൊണ്ടുതന്നെ ദുരന്ത നിവാരണത്തിലടക്കം എൻ ഐസാർ മുതൽക്കൂട്ടാകും. കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന മാറ്റങ്ങളെ അടുത്തറിയാനും സാധിക്കും. കാര്‍ഷിക രംഗത്തും ഈ ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ സഹായകരമാകും. രണ്ട് തരം സാർ ആന്‍റിനകളുണ്ട് ഉപഗ്രഹത്തിൽ. എൽ ബാൻഡ് റഡാർ നാസയും, എസ് ബാൻഡ് റഡാർ ഐഎസ്ആർഒയുമാണ് നിർമ്മിച്ചത്. ഉപഗ്രഹത്തിന്‍റെ സാങ്കേതിക ഭാഗങ്ങളെല്ലാം ഉൾക്കൊള്ളുന്ന സാറ്റ്‌ലൈറ്റ് ബസും ഇസ്രൊയുടെ വകയാണ്. ഭൂമിയില്‍ നിന്ന് 743 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലൂടെയാവും നൈസാര്‍ ഭ്രമണം ചെയ്യുക.

പന്ത്രണ്ട് ദിവസത്തെ ഇടവേളയിൽ ഭൂമിയിലെ എല്ലാ ഇടങ്ങളും നൈസാറിന്‍റെ റഡാറിൽ പതിയും. ഓരോ ദിവസവും പെറ്റാബൈറ്റ് കണക്കിന് ഡാറ്റയാണ് ഉപഗ്രഹം ഉത്പാദിപ്പിക്കുക. ഈ വിവരങ്ങൾ പൊതു ഉപയോഗത്തിനായി സൗജന്യമായി ലഭ്യമാക്കും. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് എറ്റവും വിലയേറിയ ഉപഗ്രഹം കൂടിയാണ് എൻഐസാർ. ആകെ ചെലവ് പതിമൂവായിരം കോടിക്കും മുകളിൽ വരും. നിർമ്മാണച്ചെലവ് ഇസ്രൊയും നാസയും പകുതി വീതം വഹിച്ചു. അഞ്ച് വര്‍ഷത്തെ ദൗത്യ കാലാവധിയാണ് എന്‍ ഐ സാറിന് നാസയും ഐഎസ്ആര്‍ഒയും നിശ്ചയിച്ചിരിക്കുന്നത്.

PREV
13000 കോടി
NISAR വിക്ഷേപണ ചെലവ്
ഇസ്രൊയും നാസയും പാതി തുക വീതം മുടക്കിയാണ് നൈസാര്‍ ഉപഗ്രഹം വിക്ഷേപിക്കുന്നത്
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും