ചന്ദ്രനെ തൊട്ടറിയാൻ ചാന്ദ്രയാൻ 2, അടുത്ത മാസം കുതിച്ചുയരും, ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു

Published : Jun 12, 2019, 11:33 AM ISTUpdated : Jun 12, 2019, 12:06 PM IST
ചന്ദ്രനെ തൊട്ടറിയാൻ ചാന്ദ്രയാൻ 2, അടുത്ത മാസം കുതിച്ചുയരും, ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു

Synopsis

ചാന്ദ്രയാൻ 2 ദൗത്യം ജൂലൈ 9 മുതൽ 16 വരെ ഏതെങ്കിലുമൊരു ദിവസമാകും എന്നാണ് കരുതപ്പെടുന്നത്. തീയതി ഉടനറിയാം. ചാന്ദ്രയാൻ 2-ന്‍റെ മൊഡ്യൂളുകളുടെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. 

ബെംഗളൂരു: ചന്ദ്രന്‍റെ രഹസ്യങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാൻ - 2 അടുത്ത മാസം കുതിച്ചുയരും.  അടുത്ത മാസം 9 മുതൽ 16 വരെ ഏതെങ്കിലുമൊരു ദിവസങ്ങളിലൊന്നിൽ ചാന്ദ്രയാൻ - 2 വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. തീയതി അൽപസമയത്തിനകം ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പ്രഖ്യാപിക്കും. ചാന്ദ്രയാൻ - 2 ദൗത്യത്തിന്‍റെ മൊഡ്യുളുകളുടെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു.

അതിസങ്കീർണമായ ലാൻഡിംഗിനാണ് ചാന്ദ്രയാൻ-2 ഒരുങ്ങുന്നത്. മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാൻ രണ്ടാം ദൗത്യത്തിലുള്ളത്. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ. ലാൻഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്‍റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള പേര്. സോഫ്റ്റ് ലാൻഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് ചാന്ദ്രയാൻ രണ്ടിലൂടെ. ഇറങ്ങുന്നതോ ഏറെ വെല്ലുവിളികൾ നിറഞ്ഞ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലും. ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാൻ - ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആർഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആർഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. 

റോവറിന്‍റെ പേര് 'പ്രഗ്യാൻ' എന്നാണ്. ചന്ദ്രന്‍റെ ഉപരിതലത്തിൽ കറങ്ങി വിവരങ്ങളെത്തിക്കലാണ് 'പ്രഗ്യാന്‍റെ' ജോലി. ചന്ദ്രന്‍റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തിൽ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാൽ പ്രഗ്യാന്‍റെ ജോലിയും ബുദ്ധിമുട്ടേറിയതാകും. 

ജിഎസ്എൽവിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാർക്ക് - 3 യുടെ ചുമലിലേറിയാണ് ചാന്ദ്രയാൻ രണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുക. ഫാറ്റ് ബോയ് എന്ന് ശാസ്ത്രജ്ഞർ തന്നെ വിളിക്കുന്ന മാർക്ക് 3, ഐഎസ്ആർഒയുടെ വിശ്വസ്തനാണ്. 800 കോടി രൂപ ചെലവിലൊരുങ്ങുന്ന ഇന്ത്യയുടെ അഭിമാനപദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാൻ മാർക്ക് 3-യ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട് ഐഎസ്ആർഒയ്ക്ക്. 

ദൗത്യത്തിന്‍റെ അവസാന വട്ട പരീക്ഷണങ്ങളും പൂർത്തിയായതായി നേരത്തേ ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. തമിഴ്‍നാട്ടിലെ മഹേന്ദ്രഗിരിയിലും കർണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്‍റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികൾ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകൾ തമ്മിൽ യോജിപ്പിച്ചത് ഐഎസ്ആർഒയുടെ ബംഗളുരു ക്യാംപസിൽ വച്ച് തന്നെയാണ്. ജൂൺ 19-ന് ബംഗളുരു ക്യാംപസിൽ നിന്ന് ദൗത്യത്തിന്‍റെ മൊഡ്യൂളുകൾ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂൺ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും.

ചന്ദ്രന്‍റെ ഉപരിതലത്തിന്‍റെ ത്രി ഡി മാപ്പിംഗ് മുതൽ ഉപരിതലത്തിലെ ജലകണികകളുടെ സാന്നിധ്യം തിരിച്ചറിയാനും മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കാനുമുള്ള സൗകര്യങ്ങൾ ഇതിലുണ്ടാകും. 

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ