സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ലോംഗ് മാര്‍ച്ച്-3ബിയുടേയും, സ്വകാര്യ കമ്പനിയായ ഗലാക്റ്റിക് എനര്‍ജിയുടെ സീറീസ്-2 റോക്കറ്റിന്‍റെയും വിക്ഷേപണങ്ങളാണ് ഒരേ ദിവസം പരാജയം നേരിട്ടത്.
ബെയ്‌ജിങ്: ഒരു ദിവസം രണ്ട് റോക്കറ്റ് വിക്ഷേപണങ്ങള്‍ പരാജയപ്പെട്ട് ചൈനയ്ക്ക് വന്‍ തിരിച്ചടി. ചൈനയില്‍ ശനിയാഴ്‌ച സംഭവിച്ച ഈ റോക്കറ്റ് വിക്ഷേപണ പരാജയങ്ങളെ ‘കറുത്ത ശനിയാഴ്‌ച’ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ലോംഗ് മാര്‍ച്ച്-3ബി (Long March-3B Rocket) റോക്കറ്റ് ആണ് ആദ്യം പരാജയപ്പെട്ടത്. ഷീചാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ലോംഗ് മാര്‍ച്ച്-ബി പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിനുള്ള സാങ്കേതിക തടസമാണ് ഇതിന് കാരണമായത്. ഇതേ ദിവസം തന്നെ ഗലാക്‌റ്റിക് എനര്‍ജി എന്ന സ്വകാര്യ കമ്പനിയുടെ സീറീസ്-2 (Ceres-2) റോക്കറ്റ് ആദ്യ കന്നിപ്പറക്കലില്‍ തകര്‍ന്നുവീണു.
ലോംഗ് മാര്‍ച്ച്-3ബി വിക്ഷേപണം പരാജയം
റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിനുണ്ടായ പ്രശ്‌നമാണ് പ്രശ്‌നമാണ് ലോംഗ് മാര്‍ച്ച്-3ബി റോക്കറ്റിന്‍റെ തകര്‍ച്ചയ്‌ക്ക് കാരണമായത്. 2020 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് മാര്‍ച്ച്-3ബി റോക്കറ്റ് വിക്ഷേപണം പരാജയമാകുന്നത്. റോക്കറ്റ് പൊട്ടിത്തെറിച്ചതോടെ ഒരു ഷിജിയാന്‍ (Shijian-32) കൃത്രിമ ഉപഗ്രഹം നഷ്‌ടമായതായി ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷന്‍ (CASC) സ്ഥിരീകരിച്ചു. അതേസമയം, ഗലാക്റ്റിക് എനര്‍ജിയുടെ സീറീസ്-2 റോക്കറ്റ് അതിന്‍റെ കന്നി പറക്കലിനിടയില്‍ തകര്‍ന്ന് നിലംപതിക്കുകയായിരുന്നു. ജിയുക്വാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നിന്നായിരുന്നു സീറീസ്-2 വിക്ഷേപണം. ഈ ദുരന്തത്തില്‍ ഒരു വാണിജ്യ ഉപഗ്രഹം നഷ്‌ടമായി. എന്താണ് സീറീസ്-2 റോക്കറ്റ് വിക്ഷേപണം പരാജയപ്പെടാനുള്ള കാരണമെന്ന് ഗലാക്റ്റിക് എനര്‍ജി വ്യക്തമാക്കിയിട്ടില്ല. റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതില്‍ ക്ഷമ ചോദിച്ച ഗലാക്റ്റിക് എനര്‍ജി അന്വേഷണം പ്രഖ്യാപിച്ചു.
തിരിച്ചടി അല്ലെന്ന് ചൈനീസ് വിദഗ്‌ധര്‍
എന്നാല്‍ ചൈനയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ വിദഗ്‌ധര്‍ ഇതിനെ സ്വഭാവികമായ തിരിച്ചടിയായാണ് കാണുന്നത്. ഇലോണ്‍ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് നേരിട്ട തിരിച്ചടികളെ അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന ഭൗമാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പ് അതിന്‍റെ ഒട്ടേറെ പരീക്ഷണങ്ങളില്‍ വന്‍ തിരിച്ചടികള്‍ നേരിട്ടിരുന്നു. ചൈന 2025ല്‍ ആകെ 92 റോക്കറ്റ് വിക്ഷേപണങ്ങള്‍ നടത്തിയപ്പോള്‍ ആകെ രണ്ട് എണ്ണം മാത്രമാണ് പരാജയപ്പെട്ടത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ആകെ 300 കൃത്രിമ ഉപഗ്രഹങ്ങള്‍ ചൈന ബഹിരാകാശത്ത് എത്തിച്ചതായാണ് കണക്കുകള്‍.



