
കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്. 2006ലായിരുന്നു സുനിത വില്യംസിന്‍റെ കന്നി ഐഎസ്എസ് യാത്ര. ഇക്കഴിഞ്ഞ 2025 ഡിസംബര്‍ 27ന് സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചതായി നാസ വൃത്തങ്ങള്‍ വ്യക്തമാക്കി.
മനുഷ്യ ബഹിരാകാശ യാത്രകളില്‍ സുനിത വില്യംസ് ഒരു വഴികാട്ടിയാണെന്നും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ തന്‍റെ നേതൃത്വത്തിലൂടെ പര്യവേക്ഷണത്തിന്‍റെ ഭാവി രൂപപ്പെടുത്തുകയും താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്കുള്ള വാണിജ്യ ദൗത്യങ്ങൾക്ക് സുനി വില്യംസ് വഴിയൊരുക്കുകയും ചെയ്‌തതായി നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജെറഡ് ഐസക്‌മാന്‍ വ്യക്തമാക്കി. ചന്ദ്രനിലേക്ക് നടക്കാനിരിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിനും ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്കും അടിസ്ഥാനമൊരുക്കിയതില്‍ സുനിതയുടെ ശാസ്ത്ര, സാങ്കേതിക വിജ്ഞാനത്തിന് വലിയ പങ്കുള്ളതായും, സുനിത വില്യംസ് തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും ഐസക്‌മാന്‍ കൂട്ടിച്ചേര്‍ത്തു. നാസയിലെ സേവനങ്ങള്‍ക്ക് സുനിത വില്യംസിന് ജെറഡ് ഐസക്‌മാന്‍ നന്ദി പറഞ്ഞു.
സുനിത വില്യംസിന്‍റെ ആദ്യ രണ്ട് ബഹിരാകാശ യാത്രകള്‍
2006 ഡിസംബറിലാണ് സുനിത വില്യംസ് ആദ്യമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. STS-116 ക്രൂവിനൊപ്പം ഡിസ്‌കവറി ബഹിരാകാശ വാഹനത്തിലായിരുന്നു സുനിതയുടെ യാത്ര. കന്നി ബഹിരാകാശ ദൗത്യത്തില്‍ ഫ്ലൈറ്റ് എഞ്ചിനീയറുടെ ചുമതലയായിരുന്നു സുനിത വില്യംസിന്. 2021ല്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസ് ബഹിരാകാശത്തേക്ക് അടുത്ത യാത്ര പുറപ്പെട്ടു. കസാഖിസ്ഥാനിലെ ബയ്ക്കനൂർ കോസ്മോഡ്രോം വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് എക്‌സ്‌പീഷന്‍ 32/32 സംഘത്തിനൊപ്പമായിരുന്നു സുനിത വില്യംസിന്‍റെ യാത്ര. ഈ ദൗത്യത്തില്‍ 127 ദിവസം സുനിത ഐഎസ്എസില്‍ ചിലവഴിച്ചു. എക്‌സ്‌പീഡിഷന്‍ 33 സംഘത്തിനൊപ്പം സ്‌പേസ് സ്റ്റേഷന്‍ കമാന്‍ഡര്‍ കൂടിയായിരുന്നു സുനിത വില്യംസ്.
2024 ജൂണ്‍ മാസത്തില്‍ നാസയുടെ ബോയിംഗ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് മിഷന്‍റെ ഭാഗമായായിരുന്നു സുനിത വില്യംസിന്‍റെ മൂന്നാം ബഹിരാകാശ യാത്ര. വെറും എട്ട് ദിവസത്തേക്കായിരുന്നു ഈ യാത്ര പദ്ധതിയിട്ടിരുന്നത്. സുനിത വില്യംസിനൊപ്പം ബുച്ച് വില്‍മോറും ദൗത്യത്തിലുണ്ടായിരുന്നു. ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിന് തകരാര്‍ സംഭവിച്ചതോടെ ഇവരുടെ മടക്കയാത്ര നീണ്ടു. ഇതോടെ സുനിതയും ബുച്ചും 9 മാസക്കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചു. 2025 മാര്‍ച്ച് മാസത്തിലാണ് ഈ ദൗത്യം പൂര്‍ത്തിയാക്കി സുനിത വില്യംസ് സ്പേസ് എക്‌സ് ക്രൂ-9 സംഘത്തിനൊപ്പം ഭൂമിയില്‍ മടങ്ങിയെത്തിയത്.