കുതിപ്പ് തുടങ്ങി ഒരു മിനിറ്റിന് ശേഷം അഗ്നിഗോളം; ഇന്നോസ്‌പേസിന്‍റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം

Published : Dec 23, 2025, 12:40 PM IST
Hanbit-Nano

Synopsis

ബ്രസീലിലെ അല്‍കാടാര വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ലിഫ്റ്റോഫ് ചെയ്‌ത ഹന്‍ബിറ്റ്-നാനോ റോക്കറ്റ് കുതിപ്പ് തുടങ്ങി ഏകദേശം ഒരു മിനിറ്റിന് ശേഷം അഗ്നിഗോളമാവുകയായിരുന്നു

സാവോ പോളോ: ദക്ഷിണ കൊറിയന്‍ സ്റ്റാര്‍ട്ടപ്പായ ഇന്നോസ്‌പേസിന്‍റെ (Innospace) കന്നി റോക്കറ്റ് വിക്ഷേപണം പരാജയം. 2025 ഡിസംബര്‍ 22-ന് ബ്രസീലിലെ അല്‍കാടാര വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ലിഫ്റ്റോഫ് ചെയ്‌ത ഹന്‍ബിറ്റ്-നാനോ (Hanbit-Nano) റോക്കറ്റ് കുതിപ്പ് തുടങ്ങി ഏകദേശം ഒരു മിനിറ്റിന് ശേഷം അഗ്നിഗോളമാവുകയായിരുന്നു എന്ന് സ്‌പേസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. ഒരു ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ആദ്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണ ശ്രമമായിരുന്നു ഇത്. വിക്ഷേപണം പരാജയമായതോടെ, ഒരു റോക്കറ്റ് സ്വന്തമായി വികസിപ്പിച്ച് ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്നോസ്‌പേസിന്‍റെ ശ്രമം നീളുകയാണ്.

ഹന്‍ബിറ്റ്-നാനോ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു

57 അടി അഥവാ 17.3 മീറ്ററാണ് ഹന്‍ബിറ്റ്-നാനോ റോക്കറ്റിന്‍റെ വലിപ്പം. വിക്ഷേപിച്ച് ഒരു മിനിറ്റിന് ശേഷം ഈ റോക്കറ്റ് തീപ്പിടിച്ച് നിലംപതിക്കുകയായിരുന്നു എന്നാണ് സ്പേസ് ഓര്‍ബിറ്റിന്‍റെ റിപ്പോര്‍ട്ട്. റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമാണ്. എന്താണ് ഹന്‍ബിറ്റ്-നാനോ റോക്കറ്റിന്‍റെ വിക്ഷേപണ പരാജയത്തിന് കാരണം എന്ന് വ്യക്തമല്ല. വിക്ഷേപണത്തിനിടെ നേരിട്ട തകരാറുകളെ കുറിച്ച് ഇന്നോസ്‌പേസ് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. റോക്കറ്റ് ലോഞ്ചിന്‍റെ വെബ്‌കാസ്റ്റ് കമ്പനി പാതിവഴിയില്‍ അവസാനിപ്പിച്ചു.

ഹന്‍ബിറ്റ്-നാനോ റോക്കറ്റിന്‍റെ സവിശേഷതകള്‍

17.3 മീറ്റര്‍ ഉയരമുള്ള ഹന്‍ബിറ്റ്-നാനോ റോക്കറ്റിന് രണ്ട് ഭാഗങ്ങളാണുള്ളത്. റോക്കറ്റിന്‍റെ ആദ്യ ഭാഗം ദ്രാവകരൂപത്തിലുള്ള ഓക്‌സിജനും പാരഫിനും ഇന്ധനമായി ഉപയോഗിക്കുന്നു. അതേസമയം ഹന്‍ബിറ്റ്-നാനോ റോക്കറ്റിന്‍റെ അപ്പര്‍ സ്റ്റേജ് ദ്രാവകരൂപത്തിലുള്ള ഓക്‌സിജനും പാരഫിനും ദ്രവ മീഥേനും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. sun-synchronous orbit-ലേക്ക് 90 കിലോഗ്രാം വഹിക്കാനുള്ള ശേഷിയാണ് ഹന്‍ബിറ്റ്-നാനോ റോക്കറ്റിനുള്ളത് എന്നാണ് നിര്‍മ്മാതാക്കളായ ഇന്നോസ്‌പേസിന്‍റെ അവകാശവാദം. ബ്രസീലിലും ഇന്ത്യയിലും നിന്നുള്ള അഞ്ച് കൃത്രിമ ഉപഗ്രങ്ങള്‍ വഹിച്ചായിരുന്നു ഹന്‍ബിറ്റ്-നാനോ കന്നി യാത്രയ്‌ക്ക് പുറപ്പെട്ടത്. മറ്റ് മൂന്ന് സാങ്കേതിക പേലോഡുകളും റോക്കറ്റിലുണ്ടായിരുന്നു.

ദക്ഷിണ കൊറിയയില്‍ 2017-ല്‍ ആരംഭിച്ച ബഹിരാകാശ വിക്ഷേപണ കമ്പനിയാണ് ഇന്നോസ്‌പേസ്. 260 പേരാണ് ഇന്നോസ്‌പേസില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. കമ്പനി സ്വയം വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളില്‍ ഊന്നിയാണ് ഇന്നോസ്‌പേസിന്‍റെ ബഹിരാകാശ വിക്ഷേപണ പദ്ധതികള്‍. ഹന്‍ബിറ്റ്-നാനോയേക്കാള്‍ കരുത്തുള്ള ഹന്‍ബിറ്റ്-മാക്രോ, ഹന്‍ബിറ്റ്-മിനി റോക്കറ്റുകളുടെ പണിപ്പുരയിലുമാണ് കമ്പനി.

PREV
Read more Articles on
click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!