ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!

Published : Dec 10, 2025, 01:35 PM IST
James Webb Space Telescope

Synopsis

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മിക്കതും മങ്ങിപ്പോകും. ഭൂമിയുടെ ഭ്രമണപഥത്തില്‍ വര്‍ധിച്ചിരിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളായിരിക്കും ഇതിന് കാരണം എന്ന് നാസയുടെ നേതൃത്വത്തിലുള്ള പഠനത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക്: ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം വർധിക്കുന്നത് അടുത്ത ദശകത്തിൽ ചില ബഹിരാകാശ ദൂരദർശിനികൾ എടുക്കുന്ന 95 ശതമാനം ചിത്രങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് നാസയുടെ നേതൃത്വത്തിലുള്ള ഒരു പഠനം മുന്നറിയിപ്പ് നൽകി. ഈ ഉപഗ്രഹങ്ങളിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശം ദൂരദർശിനികൾ പകർത്തുന്ന ചിത്രങ്ങളിൽ വരകളായും മറ്റും കാണപ്പെടുന്നതാണ് ഇതിന് കാരണം. നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ചിത്രങ്ങളെ ഇപ്പോൾ ഈ വരകൾ ബാധിച്ചിട്ടുണ്ട്. കൂടുതൽ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക് എത്തുന്നതിനാൽ സ്ഥിതി കൂടുതൽ വഷളാകുകയാണെന്ന് ഗവേഷകർ പറയുന്നു.

ഭാവിയിൽ നാസയുടെ SPHEREx, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ARRAKIHS, ചൈനയുടെ Xuntian ബഹിരാകാശ ദൂരദർശിനി തുടങ്ങിയവ ഉൾപ്പെടെ മറ്റ് ദൂരദർശിനികൾ ഇത്തരം വരകൾ നിറഞ്ഞ ചിത്രങ്ങൾ ആയിരിക്കും നൽകുക എന്ന നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു. ARRAKIHS ഉം Xuntian ഉം ഇതുവരെ വിക്ഷേപിച്ചിട്ടില്ല. അതേസമയം SPHEREx ഈ വർഷം വിക്ഷേപിച്ചു. നാസ ശാസ്ത്രജ്ഞനായ അലജാൻഡ്രോ എസ്. ബോർലാഫിന്‍രെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പഠനം നടത്തിയത്.

സമീപ വർഷങ്ങളിൽ ഉപഗ്രഹ വിക്ഷേപണങ്ങൾ വർധിച്ചു

കഴിഞ്ഞ 70 വർഷത്തെ ബഹിരാകാശ ചരിത്രത്തില്‍ ആകെ വിക്ഷേപിച്ചതിനേക്കാൾ കൂടുതൽ ഉപഗ്രഹങ്ങൾ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിക്ഷേപിക്കപ്പെട്ടു. ഇത് ഉപഗ്രഹ പാതകളുടെ പ്രശ്‍നം കൂടുതൽ വഷളാക്കി. ഹാർവാർഡ്-സ്‌മിത്‌സോണിയൻ സെന്‍റർ ഫോർ ആസ്ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്‌ഡൊവലിന്‍റെ ഡിസംബർ ഒന്നുവരെയുള്ള ഡാറ്റകൾ അനുസരിച്ച് ഭൂമിയെ ചുറ്റുന്ന 10,000-ത്തിൽ അധികം സജീവ ഉപഗ്രഹങ്ങളുണ്ട്. 7,800-ൽ അധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ഇവയിൽ ഭൂരിഭാഗവും ഇലോൺ മസ്‍കിന്‍റെ സ്‌പേസ് എക്‌സിന്‍റെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്നതാണ് ശ്രദ്ധേയം.

ഹബിൾ ബഹിരാകാശ ദൂരദർശിനി ചിത്രങ്ങളുടെ ഭാവി അപകടത്തിൽ

2018-നും 2021-നും ഇടയിൽ, ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ കുറവായിരുന്നപ്പോൾ, ഹബിൾ ബഹിരാകാശ ദൂരദർശിനി പകർത്തിയ ചിത്രങ്ങളിൽ ഏകദേശം നാല് ശതമാനം ഉപഗ്രഹങ്ങളിൽ നിന്നുള്ള പ്രകാശ വരകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഹബിൾ ബഹിരാകാശ ദൂരദർശിനി എടുക്കുന്ന ഓരോ മൂന്ന് ചിത്രങ്ങളിലും കുറഞ്ഞത് ഒരു പ്രകാശ വര കാണിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഈ എണ്ണം ഗണ്യമായി വർധിക്കുമെന്ന് ഗവേഷകർ പറയുന്നു. SPHEREx ദൂരദർശിനി, ARRAKIHS, Xuntian എന്നിവ പകര്‍ത്തുന്ന 96 ശതമാനം ചിത്രങ്ങളും ഭാവിയിൽ ഈ പ്രശ്‌നം നേരിടേണ്ടിവരുമെന്ന് പഠനം വിശദീകരിക്കുന്നു.

ഭൂമിയിലെ ദൂരദർശിനികളെയും ബാധിച്ചേക്കാം

ഉപഗ്രഹങ്ങളുടെ വർധനവ് ഭൂതല ദൂരദർശിനികൾ എടുക്കുന്ന ചിത്രങ്ങളെയും ബാധിച്ചേക്കാം എന്നും ഈ പഠനം വെളിപ്പെടുത്തുന്നു. ഭൂമിയുടെ താഴത്തെ ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ വർധനവ് അവയുടെ ചിത്രങ്ങളിൽ തിളക്കങ്ങളും പ്രകാശ വരകളും സൃഷ്‌ടിക്കുമെന്ന് അമേരിക്കൻ ജ്യോതിശാസ്ത്ര സൊസൈറ്റി (എഎഎസ്) ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ