പ്രണയദിനത്തിൽ കുതിച്ചുയരും, പിഎസ്എൽവിയുടെ ചിറകിലേറി വിദ്യാർത്ഥികളുടെ ഇൻസ്പയർ സാറ്റ്

By Arun Raj K MFirst Published Feb 10, 2022, 1:11 PM IST
Highlights

എൽഎഎസ്പിയിലെ ഡോക്ടർ അമൽ ചന്ദ്രനാണ് ഇൻസ്പയർ പദ്ധതിയെ നയിക്കുന്നത്. ഐഐഎസ്ടിയിൽ നിന്നുള്ള പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫസർ പ്രിയദർശനാണ്. തിരുവനന്തപുരം ഐഐഎസ്ടിയിൽ നിന്ന്  വിദ്യാർത്ഥികളായ അങ്കിത് വർമ, കൗസ്തുഭ്, തരുൺ പന്ത്, നിവഹാശിനി എന്നിവർ പദ്ധതിയിൽ പങ്കാളികളായി. 

തിരുവനന്തപുരം: ഫെബ്രുവരി 14 വാലന്‍റൈൻസ് ദിനത്തിൽ പുലർച്ചെ പിഎസ്എൽവി സി 52 റോക്കറ്റ് വിക്ഷേപിക്കുന്നത് മൂന്ന് ഉപഗ്രഹങ്ങളുമായാണ്. ഒന്ന് റഡാർ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ് 04, രണ്ടാമത് ഐഎൻഎസ് 2ടിഡി എന്ന സാങ്കേതിക വിദ്യ പ്രദർശന ദൗത്യം. മൂന്നാമത്തെ ഉപഗ്രഹത്തിന് ഒരു പ്രത്യേകതയുണ്ട്. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് വിദ്യാർത്ഥികൾ കൂടി അടങ്ങിയ സംഘമാണ് ഈ ഉപഗ്രഹം വികസിപ്പിച്ചിരിക്കുന്നത്.  അതാണ് ഇൻസ്പയർ സാറ്റ് 1. 

ഇന്‍റർനാഷണൽ സാറ്റലൈറ്റ് പ്രോഗ്രാം ഇൻ റിസർച്ച് ആൻഡ് എഡ്യുക്കേഷൻ (International Satellite Program in Research and Education) എന്നതിന്‍റെ ചുരുക്കെഴുത്താണ് ഇൻസ്പയർ (INSPIRE). അന്താരാഷ്ട്ര സർവകലാശാലകളുമായി ചേർന്നുള്ള പദ്ധതിയാണിത്. കോളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഫോർ അറ്റമോസ്ഫറിക് ആൻഡ് സ്പേസ് ഫിസിക്സ് ( Laboratory for Atmospheric and Space Physics), സിംഗപ്പൂരിലെ നൻയാൻഗ് ടെക്നിക്കൽ യൂണിവേഴ്സിറ്റി സാറ്റലൈറ്റ് റിസർച്ച് സെന്‍റർ ( Nanyang Technical University - Satellite Research Center), തൈവാൻ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റി (National Central University, Department of Physics), ദ ലബോറട്ടറി ഓഫ് ലീൻ സാറ്റലൈറ്റ് എന്‍റർപ്രൈസസ് ആൻഡ് ഓർബിറ്റ് എക്സ്പിരിമന്‍റ്സ് (The Laboratory of Lean Satellite Enterprises and In-Orbit Experiments), ഫ്രാൻസിലെ ലാറ്റ്മോസ്  ( Le Laboratoire Atmosphères, Observations Spatiales), 
അൽബർട്ട സർവകലാശാല, ടെല് അവീവ് സർവകലാശാല, ജൂലിച്ച് റിസർച്ച് സെന്‍റർ എന്നീ സ്ഥാപനങ്ങൾക്കൊപ്പം ഐഎസ്ആർഒയും തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻ‍ഡ് ടെക്നോളജിയും കൈകോർക്കുന്നതാണ് ഇൻസ്പയർ പദ്ധതി. 

2015ലാണ് ഇൻസ്പയർ പദ്ധതിയുടെ തുടക്കം. അന്താരാഷ്ട്ര തലത്തിൽ വിദ്യാർത്ഥി - അധ്യാപക സഹകരണത്തിലൂടെ പുതുതലമുറ സ്പേസ് എഞ്ചിനയർമാരെയും ശാസ്ത്രജ്ഞരെയും വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അന്തരീക്ഷ പഠനത്തിന് ഉതകുന്ന ചെറു ഉപഗ്രഹങ്ങളാണ് പ്രധാനമായും പദ്ധതിയിലൂടെ വികസിപ്പിക്കുന്നത്. അഞ്ച് ഇൻസ്പയർ സാറ്റലൈറ്റുകളുടെ നിർമ്മാണത്തിനാണ് ഇത് വരെ അനുമതിയായിട്ടുള്ളത്.

ഇതിൽ ഇസ്രൊയുടെ സഹകരണത്തോടെ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് ഇൻസ്പയർ സാറ്റ് 1.  ലബോറട്ടറി ഫോർ അറ്റമോസ്ഫറിക് ആൻഡ് സ്പേസ് ഫിസിക്സ് - ലാസ്പിൽ വച്ച് പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഉപഗ്രഹം ഇന്ത്യയിലേക്ക് വിക്ഷേപണത്തിനായി അയച്ചത്. 2017 മുതൽ ഈ ഉപഗ്രഹത്തിന്‍റെ വികസന ജോലികൾ നടന്നു വരികയാണ്. വാർഷിക സമ്മർ പ്രോഗ്രാമുകളിലൂടെയാണ് ഉപഗ്രഹ വികസനം നടന്നത്. ഇടയ്ക്ക് കൊവിഡ് വില്ലനായി. 2020ലെയും 2021ലെയും സമ്മർപ്രോഗ്രാമുകൾ നടത്താനായില്ല. കൊവിഡ് പ്രതിസന്ധി ഇസ്രൊയുടെ വിക്ഷേപണ കലണ്ടർ താളം തെറ്റിച്ചതും ദൗത്യം വൈകാൻ കാരണമായി. 

രണ്ട് പേ ലോഡുകളാണ് ഇൻസ്പയർ സാറ്റ് 1 ൽ ഉള്ളത്. സിഐപി ( കോംപാക്റ്റ് അയണോസ്ഫിയർ പ്രോബ്) എന്ന ഉപകരണം അയോണോസ്ഫിയർ പഠനത്തിനായുള്ളതാണ്. ഡാക്സ് - DAXSS ( ഡ്വുൽ അപേർച്ചർ എക്സ് റേ സോളാർ സ്പെക്ട്രോമീറ്റർ)- സൂര്യന്‍റെ കൊറോണയെക്കുറിച്ചുള്ള പഠനത്തിനും. ഉപഗ്രഹത്തെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ സംവിധാനവും സെൻട്രൽ പ്രോസസിംഗ് യൂണിറ്റും ഐഐഎസ്ടിയിലാണ് വികസിപ്പിച്ചത്. ഉപഗ്രഹത്തിന്‍റെ ഇലക്ട്രിക്കൽ പവർ സിസ്റ്റം ഐഐഎസ്ടിയും, എൽഎസ്പിയും, തയ്‍വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിയും ചേർന്നാണ് വികസിപ്പിച്ചത്. ലാസ്പിലേയും ഐഐഎസ്ടിയിലേയും എൻസിയുവിലേയും ഗ്രൗണ്ട് സ്റ്റേഷനുകൾ വച്ചായിരിക്കും ഉപഗ്രഹത്തോട് ആശയവിനിമയം നടത്തുക. 

എൽഎഎസ്പിയിലെ ഡോക്ടർ അമൽ ചന്ദ്രനാണ് ഇൻസ്പയർ പദ്ധതിയെ നയിക്കുന്നത്. ഇൻസ്പയർ 1 ഉപഗ്രഹത്തിന്‍റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും അമൽ ചന്ദ്രനാണ്. ഐഐഎസ്ടിയിൽ നിന്നുള്ള പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫസർ പ്രിയദർശനാണ്. തയ്വാനിൽ നിന്നുള്ള പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫസർ ലോറൻ ചാംഗ് ആണ്. തിരുവനന്തപുരം ഐഐഎസ്ടിയിൽ നിന്ന്  വിദ്യാർത്ഥികളായ അങ്കിത് വർമ, കൗസ്തുഭ്, തരുൺ പന്ത്, നിവഹാശിനി എന്നിവർ പദ്ധതിയിൽ പങ്കാളികളായി. 

നിലവിൽ ഇൻസ്പയർ പദ്ധതിയുമായി സഹകരിക്കുന്ന സർവകലാശാലകൾ

  • The University of Colorado Boulder (CU), USA)
  • The University of Iowa, USA
  • University of Alberta (UoA), Canada
  • University of Versailles (UVSQ), France
  • Sultan Qaboos University at Muscat (SQU), Oman
  • The Indian Institute of Space Science and Technology (IIST), India
  • Nanyang Technological University (NTU), Singapore
  • The National Central University (NCU), Taiwan
  • Kyushu Institute of Technology (Kyutech), Japan
  • Research Centre Jülich, Wuppertal University, Germany
click me!